UPDATES

വിദേശം

സൗദിയില്‍ പുതിയ അധികാരകേന്ദ്രം

Avatar

വിവിയന്‍ നരെയിം
(ബ്ലൂംബര്‍ഗ്)

ഒരു വര്‍ഷത്തോളമായി തുടരുന്ന എണ്ണ പ്രതിസന്ധിയില്‍ എല്ലാ കണ്ണുകളും സൗദി അറേബ്യയുടെ ധനമന്ത്രി ഇബ്രാഹിം അല്‍ അസാഫിലായിരുന്നു. രാജ്യത്തിന്റെ ധനകാര്യരംഗത്ത് ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന ഒരു ബജറ്റ് അവതരിപ്പിക്കാന്‍ 20 വര്‍ഷമായി ധനമന്ത്രിസ്ഥാനത്തുള്ള അസാഫിനു കഴിയുമോ എന്നതിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.

എന്നാല്‍ എട്ടുമാസം മാത്രം ഭരണപരിചയമുള്ള സമ്പദ്‌വ്യവസ്ഥാ മന്ത്രി ആദില്‍ ഫക്കേയിയാണ് ടെലിവിഷനില്‍ ചെലവുകുറയ്ക്കലും സബ്‌സിഡി വെട്ടിക്കുറയ്ക്കലുകളും പ്രഖ്യാപിച്ചത്. എണ്ണ മന്ത്രി അലി അല്‍ നെയ്മിയാണ് അന്ന് പ്രത്യക്ഷപ്പെടാതിരുന്ന മറ്റൊരു പരിചിതമുഖം. 1995 മുതല്‍ നെയ്മിയുടെ വാക്കുകളാണ് ലോകത്ത് ക്രൂഡ് ഓയില്‍ വിപണികളെ ചലിപ്പിക്കുന്നത്. സൗദി അറേബ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാനും ആരോഗ്യമന്ത്രിയുമായ ഖാലിദ് അല്‍ ഫലീഹാണ് ആഭ്യന്തര ഊര്‍ജ നിരക്കുകള്‍ വിശദീകരിച്ചത്.

ഡിസംബര്‍ അവസാനത്തിലെ ഈ നിര ഇപ്പോഴത്തെ ഭരണാധികാരി കിങ് സുലൈമാന്റെ ഭരണസ്വാധീനമുള്ള മകനും ഡപ്യുട്ടി ക്രൗണ്‍ പ്രിന്‍സുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ളവരെന്നു കരുതുന്ന ഉദ്യോഗസ്ഥരിലേക്ക് കൂടുതല്‍ അധികാരം എത്തുന്നു എന്നതിന്റെ ആദ്യ സൂചനകളിലൊന്നായിരുന്നു. ക്രൂഡ് ഓയില്‍ വില താഴുന്നതോടെ കാഠിന്യമേറിയ കാലഘട്ടത്തിലൂടെയാണ് സൗദി കടന്നുപോകുന്നത്.

പുതിയ നയരൂപീകര്‍ത്താക്കളില്‍ ഏറെയും സ്വകാര്യമേഖലയില്‍ പരിചയമുള്ളവരാണ്. ലോകത്തെ ഏറ്റവും ഉദാരമായ ക്ഷേമപദ്ധതി സംവിധാനം മാറ്റിമറിക്കുക എന്നതാണ് അവരുടെ ദൗത്യം. ഇങ്ങനെയൊന്ന് 10 വര്‍ഷം മുന്‍പ് ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ല.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രത്തിന് പഴയ രീതിയില്‍ കാര്യങ്ങള്‍ തുടരാനാവില്ലെന്ന് വാഷിങ്ടണിലെ സൗദി എംബസി മുന്‍ ജീവനക്കാരനും ജെടിജി ഇന്‍കോര്‍പറേറ്റ് രാഷ്ട്രീയ നിരീക്ഷകനുമായ ഫഹദ് നാസര്‍ പറയുന്നു. ‘ രാജ്യം നേരിടുന്ന സാമ്പത്തികവും ജനസംഖ്യാപരവുമായ വെല്ലുവിളികള്‍ വളരെ വലുതാണ്. അവ ശക്തമായും പെട്ടെന്നും പരിഹരിക്കപ്പെടേണ്ടതുണ്ട്.’


സൌദി സമ്പദ്‌വ്യവസ്ഥാ മന്ത്രി ആദില്‍ ഫക്കേയി

അവശ്യതലങ്ങളില്‍ എല്ലാത്തരത്തിലുമുള്ള ഘടനാമാറ്റങ്ങളെ അനന്തമായി, ഫലപ്രദമായി ചെറുത്ത ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സമൃദ്ധി നേരിടുന്ന തിരിച്ചടി വളരെ കഠിനമായിരിക്കും, ടെനിയോ ഇന്റലിജന്‍സിന്റെ ലണ്ടന്‍ ആസ്ഥാനമായ എം ഡി ക്രിസ്പിന്‍ ഹാവെസ് പറയുന്നു. ‘സൗദി സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടന ഇന്നും 30 വര്‍ഷം മുന്‍പുള്ളതുതന്നെയാണ്.’

കഴിഞ്ഞ വര്‍ഷം 98 ബില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മി നികത്താന്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുകയും കരുതല്‍ ധനം ഉപയോഗിക്കുകയും ചെയ്തതോടെ വിദേശ ആസ്തിയില്‍ 115 ബില്യണ്‍ ഡോളര്‍ കുറവുണ്ടായി. ദശകങ്ങളായി വൈവിധ്യവത്ക്കരണത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും 2015ല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ 70 ശതമാനവും എണ്ണവില്‍പനയില്‍ നിന്നായിരുന്നു. സൗദി ജോലിക്കാരില്‍ മൂന്നില്‍ രണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ്. സ്വകാര്യ മേഖലയില്‍ 80 ശതമാനവും വിദേശികളാണ്.

നവീകരണശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് പ്രിന്‍സ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇക്കണോമിക് കൗണ്‍സിലും സമ്പദ് വ്യവസ്ഥാ മന്ത്രാലയവുമാണ്. ആവര്‍ത്തനവിരസമായ പഞ്ചവര്‍ഷപദ്ധതികള്‍ പുറപ്പെടുവിച്ചിരുന്ന ഉപരിപ്ലവ സ്ഥാപനമെന്ന നിലയില്‍ നിന്ന് ഫക്കേയിയുടെ നേതൃത്വത്തില്‍ നയതീരുമാനങ്ങളുടെ കേന്ദ്രസ്ഥാനത്താണ് ഇപ്പോള്‍ സമ്പദ് വ്യവസ്ഥാ മന്ത്രാലയം. സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ കണ്ട് ആശങ്കാകുലരായി റിയാദിലെത്തുന്ന രാജ്യാന്തര ബാങ്കര്‍മാരെ സമാധാനിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ്. ഇപ്പോഴും അവ്യക്തമായ ‘ നാഷനല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം’ 2020 എത്തുമ്പോഴേക്ക് എങ്ങനെ സൗദി സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് ഇവര്‍ വിശദീകരിക്കുന്നു.

ഫക്കേയി വിദേശ കണ്‍സള്‍ട്ടന്റുമാരെ അത്യധികം ആശ്രയിക്കുന്നതിനാല്‍ മന്ത്രാലയത്തിന് ഇപ്പോള്‍ ‘മക്കിന്‍സ്‌കിയുടെ മന്ത്രാലയം’ എന്ന ഇരട്ടപ്പേരുവീണിട്ടുണ്ട്.

പൊതുമേഖലയിലെ ശമ്പളനിയന്ത്രണത്തെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ സമ്പദ് വ്യവസ്ഥാ മന്ത്രാലയം നടത്തുന്ന നിയമനങ്ങള്‍ക്കു കണക്കില്ല. ഡ്യൂഷെ ബാങ്ക്, ബാന്‍കെ സൗദി ഫ്രാന്‍സി, നാഷനല്‍ കോമേഴ്‌സ്യല്‍ ബാങ്ക് എന്നിവിടങ്ങളിലെ ഇപ്പോഴത്തെയും മുന്‍പത്തെയും ഉദ്യോഗസ്ഥരെയാണ് ഉപദേശകരായി നിയമിക്കുന്നത്.

ഭക്ഷ്യ ഉത്പാദകരും വരുമാനത്തില്‍ സൗദിയില്‍ നാലാം സ്ഥാനത്തുള്ള കമ്പനിയുമായ സവോല ഗ്രൂപ്പില്‍ ട്രെയിനിയായാണ് ഫക്കേയിയുടെ തുടക്കം. പിന്നീട് ഗ്രൂപ്പ് ചെയര്‍മാനായി. ജിദ്ദയിലെ മേയറായ ശേഷവും രാഷ്ട്രീയക്കാരനായല്ല, ബിസിനസുകാരനായി കാണപ്പെടാനായിരുന്നു ഫക്കേയിക്കു താല്‍പര്യമെന്ന് 2006ല്‍ വിക്കി ലീക്ക്‌സ് പുറത്തുവിട്ട യുഎസ് ഡിപ്ലോമാറ്റിക് കേബിള്‍ അഭിപ്രായപ്പെടുന്നു.

‘പോകുന്നിടത്തെല്ലാം ഫക്കേയി ബ്യൂറോക്രസിയുടെ നൂലാമാലകള്‍ നീക്കുകയോ അയവുള്ളതാക്കുകയോ ചെയ്യുന്നു എന്ന തോന്നലുണ്ട്,’ നാസര്‍ പറയുന്നു.

സ്വകാര്യമേഖലയില്‍നിന്നു വന്ന മറ്റുള്ളവരില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി ആരാംകോ ചെയര്‍മാനുമായ അല്‍ ഫലീഹ്, ഭവനമന്ത്രി എന്ന നിലയില്‍ പല പ്രവര്‍ത്തനമാറ്റങ്ങളും കൊണ്ടുവന്നയാളും മുന്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുമായ മജീദ് അല്‍ ഹൊഗെയ്ല്‍ എന്നിവരുള്‍പ്പെടുന്നു. അവികസിത നഗരഭൂമിക്കുമേല്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തിയതും ഈടുവയ്പ് നിയമങ്ങള്‍ അയവുവരുത്തിയതും അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളില്‍പ്പെടുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ അല്‍ ഹൊഗെയ്ല്‍ മനസിലാക്കുന്നു. കാരണം അദ്ദേഹം സ്വകാര്യമേഖലയുടെ ഭാഗമായിരുന്നു. സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ അവരുടെ വേദന അനുഭവിച്ചിട്ടുമുണ്ട്’, ബിദായ ഹോം ഫിനാന്‍സ് സിഇഒ മേസിന്‍ അല്‍ ഖുനയിം പറയുന്നു. അല്‍ ഹൊഗെയ്ല്‍ റിയല്‍ എസ്റ്റേറ്റ് പ്രഫഷനലുകളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിക്കുകയും അവരുമായി ശില്‍പശാലകളിലും യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നു. ഇത് മുന്‍പൊരിക്കലും സംഭവിച്ചിരുന്നില്ലെന്ന് അല്‍ ഖുനയിം ചൂണ്ടിക്കാട്ടുന്നു.

‘ഞങ്ങളുടെ പ്രവര്‍ത്തനരീതി പര്യാപ്തമല്ലെന്ന സന്ദേശമാണ് സ്വകാര്യ കമ്പനികളില്‍നിന്ന് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഹാവേസ് പറയുന്നു.

വിദേശനിക്ഷേപം വര്‍ദ്ധിപ്പിച്ചും സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യവല്‍ക്കരിച്ചും ചുമതലാബോധം കൂട്ടിയും മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെ പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തിയും എണ്ണ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ‘ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം വരാനിരിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമാണ്,’ ബജറ്റ് പ്രസംഗത്തില്‍ ഫക്കേയി പറഞ്ഞു.

ലോകബാങ്കിലെ മുതിര്‍ന്ന സാമ്പത്തികവിദഗ്ധന്‍ ഇബ്രാഹിം അല്‍ ഖെലയ്ക്വായുടെ അഭിപ്രായത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ ‘ നിഷേധാത്മകമല്ലാത്ത നിലപാട്’ സൗദി അറേബ്യ മാറുകയാണെന്ന വിശ്വാസമുണ്ടാക്കുന്നു. ‘കാഴ്ചപ്പാടുകള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഇതാദ്യമായി പ്രത്യക്ഷമാണ്.’

എന്നാല്‍ ജനുവരിയില്‍ വരുമെന്നു പ്രതീക്ഷിച്ചിരുന്ന ‘നാഷനല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ബ്ലൂപ്രിന്റ്’ പുറത്തുവരാനെടുക്കുന്ന കാലതാമസം നേരത്തെ ഇത്തരം ആരംഭശൂരത്വങ്ങള്‍ കണ്ടിട്ടുള്ള നിരീക്ഷകരെയും ബിസിനസ് തലവന്മാരെയും ആശങ്കയിലാക്കുന്നു.

സന്ദേഹം ന്യായമാണെന്ന് ചെങ്കടലിലെ തുറമുഖ, വ്യവസായ വികസനപദ്ധതിയായ എമാര്‍ ഇക്കണോമിക് സിറ്റി സിഇഒ ഫഹദ് അല്‍ റഷീദ് പറയുന്നു. ‘എന്താണ് എന്‍ടിപി എന്ന പ്രശ്‌നം നിലനില്‍ക്കുന്നു. അതില്‍ ഉള്‍പ്പെടുന്നത് എന്തായിരിക്കുമെന്നതിനെപ്പറ്റി അനിശ്ചിതത്വം തുടരുകയാണ് ‘.

‘അത് പുറത്തുവരികയും ഫലം സ്വകാര്യമേഖല കാണുകയും ചെയ്താല്‍ ആത്മവിശ്വാസത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും,’ റഷീദ് പറയുന്നു.

വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ ആശ്രയിക്കാതെ യഥാര്‍ത്ഥ സമ്പത്ത് ഉത്പാദിപ്പിക്കാനും ഉത്പന്നങ്ങളുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ കമ്പനികള്‍ പടുത്തുയര്‍ത്താനും ആര്‍ക്കെങ്കിലും കഴിയുന്നുണ്ടോ എന്നതായിരിക്കും യഥാര്‍ത്ഥ പരീക്ഷണമെന്ന് ഹാവേസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍