UPDATES

പ്രവാസം

എന്തുകൊണ്ട് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ വിസ നിയമം താങ്ങാനാകില്ല

കുറച്ച് ഇന്ത്യക്കാരെയും കൂടുതല്‍ അമേരിക്കക്കാരെയും ജോലിക്കെടുക്കേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍

അമേരിക്കയില്‍ ഇന്ത്യന്‍ ജീവനക്കാരെ വേണ്ടെന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെന്ന് വ്യക്തമാക്കിയ പുതിയ വിസ നിയമം പ്രഖ്യാപിച്ചു. പുതിയ നിയമം അനുസരിച്ച് കുറച്ച് ഇന്ത്യക്കാരെയും കൂടുതല്‍ അമേരിക്കക്കാരെയും ജോലിക്കെടുക്കേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍.

ഇന്ത്യക്കാരെ ജോലിക്കെടുക്കാന്‍ വേണ്ട എച്ച്1 ബി വിസയ്ക്ക് അമ്പത് ശതമാനത്തിലേറെയാണ് ഇനി അടയ്‌ക്കേണ്ടി വരിക. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരെ കുറച്ച് അമേരിക്കന്‍ ജീവനക്കാരെ കൂടുതലായി ഉള്‍പ്പെടുത്തിയാലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. തന്റെ സ്ഥാനാരോഹണ ചടങ്ങില്‍ തന്നെ പ്രവാസികള്‍ക്കെതിരായ തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയതാണ്. താന്‍ തന്റെ ഓരോ ശ്വാസത്തിലും അമേരിക്കന്‍ ജനതയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും അവരുടെ വീഴ്ച അനുവദിക്കില്ലെന്നുമാണ് അന്ന് ട്രംപ് പറഞ്ഞത്.

അമേരിക്ക വീണ്ടും ജയിക്കാന്‍ തുടങ്ങുമെന്നും നാം നമ്മുടെ തൊഴിലും സമ്പത്തും സ്വപ്‌നങ്ങളും തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അമേരിക്കയുടെ എല്ലാ വിദേശ നയങ്ങളും പുനഃപരിശോധിക്കുകയാണെന്ന് വ്യക്തമാകുകയും ചെയ്തു. ഇതിന് പിന്നാലെ പ്രവാസികളെ പ്രാദേശിക ജോലികളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന വിധത്തില്‍ പുതിയ എച്ച്1 ബി വിസ നിയമം പ്രഖ്യാപിക്കുകയും ചെയ്തു.

എച്ച് 1 ബി വിസ എന്ന ഒരു പദ്ധതിയാണ് ഇതെങ്കിലും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രവാസ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഈസ്റ്ററിന്റെ തൊട്ടടുത്ത ദിവസം പ്രഖ്യാപിച്ച ഭരണഘടന ഉത്തരവില്‍ അമേരിക്കക്കാരെ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്നാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ ക്രമക്കേട് കാണിക്കുന്നുണ്ടെന്നും അന്ന് പത്രസമ്മേളനം നടത്തിയ മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ജെയിംസ് എസ് ബ്രാഡി ആരോപിച്ചിരുന്നു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, കോഗ്നിസന്റ് എന്നിവരാണ് ഏറ്റവുമധികം എച്ച് 1 ബി വിസ ഉപയോഗിക്കുന്നത്. ഈ കമ്പനികള്‍ ആവശ്യമുള്ളതിലും അധികം വിസകള്‍ക്കാണ് അപേക്ഷിക്കുന്നതെന്നും ഇത് അവരെ ഭൂരിഭാഗം പ്രവാസി വിസകളും സ്വന്തമാക്കാന്‍ സഹായിക്കുന്നുവെന്നും ബ്രാഡി പറയുന്നു.

ഇന്ത്യന്‍ ഐടി കമ്പനികള്‍ 60,000 മുതല്‍ 65,000 വരെ ഡോളറാണ് പ്രതിഫലം നല്‍കുന്നത്. എന്നാല്‍ ഉചിതമായ വേതനം നല്‍കുകയാണെങ്കില്‍ അത് 1.5 ലക്ഷം ഡോളര്‍ ആകുമെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് 65 ശതമാനം വരുമാനവും അമേരിക്കയില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറാകണം. അത് ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് 40 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍