UPDATES

സയന്‍സ്/ടെക്നോളജി

ആധുനിക മനുഷ്യന്റെ പുതിയ മുന്‍ഗാമിയെ കണ്ടെത്തി; പേര് നലേദി

അഴിമുഖം പ്രതിനിധി

ആധുനിക മനുഷ്യന് പുതിയ മുന്‍ഗാമിയെ ശാസ്ത്രജ്ഞര്‍ ആഫ്രിക്കയില്‍ കണ്ടെത്തി. ദക്ഷിണ ആഫ്രിക്കയിലെ ഒരു ഗുഹയിലാണ് മനുഷ്യന് സമാനമായ സ്പീഷീസിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ 15 ഭാഗങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ആഫ്രിക്കയുടെ ചരിത്രത്തില്‍ ഇത്രയധികം ഭാഗങ്ങള്‍ ഒരിടത്തു നിന്നും കണ്ടെത്തുന്നത് ആദ്യമായാണ്. മനുഷ്യരുടെ മുന്‍ഗാമികളെ കുറിച്ചുള്ള ആശയങ്ങളില്‍ ഈ കണ്ടെത്തല്‍ മാറ്റം വരുത്തുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. നലേദി എന്നാണ് അവര്‍ ഈ പുതിയ മനുഷ്യന്റെ സ്പീഷീസിന് പേര് നല്‍കിയിരിക്കുന്നത്.

ആധുനിക മനുഷ്യന്‍ ഉള്‍പ്പെടുന്ന ഹോമോ എന്ന ജീനസിലാണ് നലേദിയേയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എത്രകാലം മുമ്പാണ് നലേദികള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത് എന്ന് നിര്‍ണയിച്ചിട്ടില്ല. എങ്കിലും മൂന്ന് മില്ല്യണ്‍ വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്നവരാകാം ഇക്കൂട്ടരെന്ന് പര്യവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ ലീ ബെര്‍ജര്‍ പറയുന്നു. ആധുനിക മനുഷ്യരുടെ പരിണാമ ഘട്ടത്തിലെ ആദ്യത്തെ ഗണത്തില്‍പ്പെട്ടവരാകും നലേദികള്‍ എന്ന് അദ്ദേഹം കരുതുന്നു. ഇരുകാലികളായ ആദിമ പ്രൈമേറ്റുകളും മനുഷ്യരും തമ്മിലെ പാലമാകാം നദേലികള്‍ എന്ന് അദ്ദേഹം വിശദീകരിക്കുന്നു. നലേദിയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ മനുഷ്യ പരിണാമത്തിലെ വിട്ടുപോയ കണ്ണിയാണെന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

ഒരു ഫോസില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍ ഈ ഗുഹയിലേക്ക് കടന്നത്. എന്നാല്‍ ലഭിച്ചത് ഒരു കൂട്ടം ഫോസിലുകാണ്. വിവിധ നലേദികളുടെ ഫോസിലുകളാണ് ലഭിച്ചത്. 15 അസ്ഥി ഭാഗങ്ങളില്‍ വിവിധ പ്രായത്തിലെ പുരുഷന്‍മാരുടേതും സ്ത്രീകളുടേയും ഉള്‍പ്പെടുന്നു. കുഞ്ഞുങ്ങളുടേതും ഉള്‍പ്പെടുന്നു.ഇത് വളരെ പ്രധാനപ്പെട്ട കണ്ടെത്തലാണ് എന്നാണ് നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫസര്‍ ക്രിസ് സ്ട്രിങ്ങര്‍ പറയുന്നത്. ആധുനിക മനുഷ്യന് മുന്‍ഗാമികളായി നിരവധി സ്പീഷീസുകളെ കണ്ടെത്തുന്നത് പ്രകൃതി ആധുനിക മനുഷ്യനിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി പരീക്ഷണങ്ങള്‍ മനുഷ്യ പരിണാമത്തില്‍ നടത്തിയിരുന്നുവെന്നതിന് തെളിവാണെന്ന് ഗവേഷകര്‍ പറയുന്നു. ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങളില്‍ സമാന്തരമായി മനുഷ്യനെ പോലുള്ള നിരവധി ജീവികള്‍ ഉല്‍ഭവിച്ചിരുന്നുവെന്ന് കരുതാം എന്ന് സ്ട്രിങ്ങര്‍ പറയുന്നു. ഒരു എണ്ണം മാത്രം അതിജീവിക്കുകയും ആധുനിക മനുഷ്യന്റെ ഉദയത്തിലേക്ക് നയിക്കുകുയം ചെയ്തിട്ടുണ്ടാകാം. 

പൂര്‍വീകരെ കുറിച്ചുള്ള മനുഷ്യന്റെ അറിവ് രൂപം കൊണ്ടിരിക്കുന്നത് ഭാഗികമായ അസ്ഥികൂടങ്ങളിലും തലയോട്ടികളിലും അടിസ്ഥാനപ്പെടുത്തിയാണ്. അതിനാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ വലിയ ശേഖരം ആദ്യമനുഷ്യന്റെ പരിണാമത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുമെന്ന് കരുതുന്നു. കുഞ്ഞ് നദേലികളുടെ വളര്‍ച്ചയുടെ വേഗത മുതല്‍ കുട്ടിക്കാലം മുതല്‍ കൗമാര പ്രായം വരെയുള്ള വളര്‍ച്ചാ ഘട്ടത്തില്‍ ആണും പെണ്ണും തമ്മിലെ വ്യത്യാസവും അവരുടെ വാര്‍ദ്ധക്യവും അവരുടെ മരണവും ഒക്കെ ഈ അസ്ഥികളില്‍ നിന്ന് പഠിക്കാം എന്ന പ്രതീക്ഷയിലാണ് ശാസ്ത്രഞ്ജര്‍.

ആഫ്രിക്കയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ആദിമ മനുഷ്യരില്‍ നിന്നും വ്യത്യസ്തനാണ് ഹോമോ നലേദി. ഇത് ചെറിയൊരു മസ്തിഷ്‌കം ഉണ്ട്. ഒരു ഗൊറില്ലയുടേതിന് തുല്യം. കൂടാതെ ഇടുപ്പെല്ലിന്റേയും തോളെല്ലിന്റേയും ആദിരൂപവും ഉണ്ട്. എന്നാല്‍ ഇതിനെ ആധുനിക മനുഷ്യന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണം വേറെയാണ്. ഇതിന്റെ തലയോട്ടിയും താരതമേന ചെറിയ പല്ലുകളും ആധുനിക മനുഷ്യന്റെ അടയാളങ്ങളായ നീളമേറിയ കാലുകളും കാല്‍പാദങ്ങളുമാണ് അക്കാരണങ്ങള്‍.

മനുഷ്യരാശിയുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്തെ ഗുഹയില്‍ നിന്നാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ദ റൈസിംഗ് സ്റ്റാര്‍ കേവ് എന്നാണ് ഈ ഗുഹയ്ക്ക് നല്‍കിയിരിക്കുന്ന പേര്. വളരെ ചെറിയ ഗുഹാമുഖത്തിലൂടെ 20 മിനിട്ടോളം ഇഴഞ്ഞാണ് ഗവേഷകര്‍ ഗുഹയുടെ അകത്ത് എത്തിയത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ഇടമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. നലേദി മനുഷ്യര്‍ മരിച്ചവരെ ഈ ഗുഹാ സംവിധാനത്തില്‍ സംസ്‌കരിച്ചിരുന്നിരിക്കാം. അത് ശരിയാണെങ്കില്‍ മരണാന്തര ചടങ്ങുകള്‍ അവര്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 200,000 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇപ്പോഴത്തെ മനുഷ്യരാണ് അത്തരം ചടങ്ങുകള്‍ നടത്തിയിരുന്നത് എന്ന വിശ്വാസമാണ് ഇതില്‍ തകരുന്നത്.

ആദിമ മനുഷ്യന്റേയും ആധുനിക മനുഷ്യന്റേയും സ്വഭാവ സവിശേഷതകള്‍ കൂടിക്കലര്‍ന്ന നലേദികളുടെ കണ്ടുപിടിത്തം എന്താണ് മനുഷ്യന്‍ എന്നതിന്റെ നിര്‍വചനത്തെ ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍വചിക്കേണ്ടി വരുമെന്ന് പ്രൊഫസര്‍ ബെര്‍ജര്‍ വിശ്വസിക്കുന്നു. എങ്കിലും അദ്ദേഹം നലേദികളെ മനുഷ്യരായി വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നു. എന്നാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു ഗവേഷകര്‍ നലേദിയെ ഒരു ആദിമ മനുഷ്യനായി കണക്കാക്കുന്നുണ്ട്. സമ്പന്നവും സങ്കീര്‍ണവുമായ മനുഷ്യ പരിണാമത്തിന്റെ കേവലം ഒരു ഭാഗം നമ്മള്‍ ചുരണ്ടിയെടുത്തു എന്ന് മാത്രമേ പറയാനാകൂ എന്ന് പ്രൊഫസര്‍ സ്ട്രിങ്ങര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍