UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യം വിറ്റുപോകണമെങ്കില്‍ സ്ത്രീകളുടെ പേരിട്ടാല്‍ മതിയെന്ന് മഹാരാഷ്ട്ര മന്ത്രി (വീഡിയോ)

പല ഡിസിലറികളിലും ഉല്‍പ്പാദിപ്പിക്കുന്ന മദ്യങ്ങള്‍ നന്നായി വിറ്റുപോകുന്നത് അവയുടെ പേരുകള്‍ ജൂലി, ബോബി, ഭിംഗാരി എന്നിങ്ങനെ ആയതുകൊണ്ടാണ്.

മദ്യം വിറ്റുപോകണമെങ്കില്‍ സ്ത്രീകളുടെ പേരിട്ടാല്‍ മതിയെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍. നന്ദൂര്‍ബറില്‍ ഒരു പഞ്ചസാര മില്ലും മദ്യനിര്‍മ്മാണ ഡിസിലറിയും ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിവാദ പ്രസ്താവന. ഉദാഹരണത്തിന് മഹാരാജ എന്ന പേരിലൊരു മദ്യമുണ്ടെങ്കില്‍ അതിന് മഹാറാണി എന്ന് പേരിട്ടാല്‍ നന്നായി വിറ്റുപോകുമെന്ന് ഗിരീഷ് മഹാജന്‍ അഭിപ്രായപ്പെട്ടു. പല ഡിസിലറികളിലും ഉല്‍പ്പാദിപ്പിക്കുന്ന മദ്യങ്ങള്‍ നന്നായി വിറ്റുപോകുന്നത് അവയുടെ പേരുകള്‍ ജൂലി, ബോബി, ഭിംഗാരി എന്നിങ്ങനെ ആയതുകൊണ്ടാണ് – മഹാജന്‍ പറഞ്ഞു.

മഹാജന്റെ വിവാദ പ്രസംഗം പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ശക്തമായ പ്രതിഷേധവുമായി വനിത സംഘടനകള്‍ രംഗത്തെത്തി. സാമൂഹ്യപ്രവര്‍ത്തകയും ശ്രമിക് എല്‍ഗര്‍ എന്ന എന്‍ജിഒയുടെ ഭാഗവുമായ പരോമിത ഗോസ്വാമി അടക്കമുള്ളവര്‍ ഗിരീഷ് മഹാജനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം ബിജെപി നേതാവായ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. ശിവസേന മുഖപത്രം സാംന സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗമെഴുതി. ബിജെപിയുടെ സഖ്യകക്ഷി നേതാവായ നിതീഷ് കുമാര്‍ ബിഹാറില്‍ മദ്യം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ എങ്ങനെ മദ്യവില്‍പ്പന കൂട്ടാം എന്നാണ് ബിജെപി മന്ത്രി പറയുന്നത് – മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

മഹാജന്‍ ഒരു മുഴുക്കുടിയനാണെന്നാണ് തോന്നുന്നതെന്ന് എന്‍സിപി അഭിപ്രായപ്പെട്ടു. രാത്രി നാല് ബോട്ടില്‍ മഹാരാജയെങ്കിലും അകത്താക്കുന്നുണ്ടെന്ന് തോന്നുന്നു – എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. അതേസമയം പ്രതിഷേധം ശക്തമായതോടെ മന്ത്രി മാപ്പ് പറഞ്ഞു. മദ്യവില്‍പ്പന കുറയുന്നത് ഒരു തമാശ മാത്രമായിരുന്നു അതെന്നും ഇപ്പോള്‍ പറഞ്ഞതിലെ തെറ്റ് ബോദ്ധ്യപ്പെട്ടെന്നും ഗിരീഷ് മഹാജന്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍