UPDATES

വിദേശം

ഖലീഫത്ത് റേഡിയോ. അവിശ്വാസികളുടെ ഗൂഢാലോചനക്കാരെ നരകത്തിലേക്കു സ്വാഗതം ചെയ്യുന്നിടം

Avatar

പമേല കോണ്‍സ്റ്റബിള്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

വൈകിട്ട് ആറുമണിയാകുമ്പോള്‍ നഗരത്തിലും അടുത്തുള്ള ജില്ലകളിലും ഭീതി പരക്കും. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു രഹസ്യറേഡിയോ സംപ്രേഷണം ആരംഭിക്കും. ഏറ്റുമുട്ടുന്ന വാള്‍ത്തലകളുടെയും ഗര്‍ജ്ജിക്കുന്ന യന്ത്രത്തോക്കുകളുടെയും ശബ്ദത്തിനിടെ പാഷ്‌തോ ഭാഷയില്‍ അവതാരകനെത്തും.

‘ഖലീഫത്ത് റേഡിയോ. അവിശ്വാസികളുടെ ഗൂഢാലോചനക്കാരെ നരകത്തിലേക്കു സ്വാഗതം ചെയ്യുന്നിടം’. തുടര്‍ന്നുള്ള ഒന്നര മണിക്കൂര്‍ ഇസ്ലാം മത പ്രഭാഷണങ്ങളും അറബിയിലുള്ള ഖുറാന്‍ വചനങ്ങളുമാണ്. ഇതിനിടെ ‘അവിശ്വാസി’കളുടെ സര്‍ക്കാരുമായി ബന്ധപ്പെടുന്നവര്‍ക്ക് വധഭീഷണിയും യുവാക്കള്‍ക്ക് വിശുദ്ധ യുദ്ധത്തില്‍ പങ്കുചേരാനുള്ള ആഹ്വാനവുമുണ്ട്.

എവിടെനിന്നാണ് ഈ പ്രക്ഷേപണമെന്ന് ആര്‍ക്കുമറിയില്ല. പ്രക്ഷേപണത്തിന്റെ ഉറവിടം കണ്ടെത്താനും ഇത് നിര്‍ത്തലാക്കാനും ശ്രമിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിപ്രദേശത്ത് ചലിക്കുന്ന ട്രക്കില്‍നിന്നാകാം പ്രക്ഷേപണമെന്നാണ് സംശയിക്കുന്നത്. ആദിവാസി മേഖലയാണിത്. നാംഗഹാര്‍ മേഖലയില്‍ കേള്‍ക്കാമെങ്കിലും രാജ്യവ്യാപകമായി റേഡിയോയ്ക്ക് പ്രക്ഷേപണമില്ല.

രണ്ടാഴ്ച മുന്‍പ് ആരംഭിച്ച പ്രക്ഷേപണം തദ്ദേശവാസികളില്‍ ഭീതി നിറച്ചുകഴിഞ്ഞു. സമ്പന്ന കാര്‍ഷികമേഖലയായ ഇവിടം തന്ത്രപ്രധാന വ്യാപാര ഇടനാഴി കൂടിയാണ്. ഇവിടെനിന്ന് 12 മൈല്‍ അപ്പുറത്തുവരെ ഇസ്ലാമിക് സ്റ്റേറ്റ് കലാപകാരികള്‍ എത്തിക്കഴിഞ്ഞു എന്നാണു വിവരം. ദയേഷ് എന്ന അറബിനാമത്തിലാണ് ഇവര്‍ ഇവിടെ അറിയപ്പെടുന്നത്.  അഫ്ഗാന്‍ സുരക്ഷാസേനകളുടെ സാന്നിദ്ധ്യം ഔട്ട് പോസ്റ്റുകളിലൊതുങ്ങുന്ന മേഖലകളില്‍ നിയന്ത്രണം പിടിച്ചെടുക്കാനാണ് ഭീകരരുടെ ശ്രമം.

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് സേന പാക്കിസ്ഥാനില്‍ നിന്നുള്ള അസംതൃപ്തരായ താലിബാന്‍കാരും ഗോത്രവര്‍ഗ ഭീകരരും ചേര്‍ന്നതാണ്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും ചെച്‌നിയയില്‍ നിന്നുമുള്ള ചിലരും ഇവര്‍ക്കൊപ്പമുണ്ട്. മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ള ചിലര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതായും ഇവര്‍ നാംഗഹാര്‍ കേന്ദ്രമാക്കാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്. ഈ ഭീകരര്‍ക്കും റേഡിയോ പ്രക്ഷേപണത്തിനും പിന്നില്‍ പാക്കിസ്ഥാനാണെന്ന് അഫ്ഗാനികള്‍ കരുതുന്നു. എന്നാല്‍ ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തുരത്താന്‍ ഈയിടെ പട്ടാളം നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ നിരാശരാണ് പ്രാദേശികനേതൃത്വം. നാറ്റോ വായുസേനയുടെ പിന്തുണ അഫ്ഗാന്‍ സേനയ്ക്ക് നഷ്ടപ്പെട്ടശേഷം സര്‍ക്കാര്‍ മുഖ്യമായും ആശ്രയിക്കുന്നത് കാര്യമായ പരിശീലനം ലഭിക്കാത്ത പൊലീസിനെയും താലിബാന്‍ പോരാളികളെപ്പോലുമാണ്. കൂടുതല്‍ മികച്ച ആയുധങ്ങളും ധനസഹായവും ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ക്കുണ്ട് എന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുന്നു.

‘അഫ്ഗാന്‍ സേന നല്ല പോരാളികളാണ്. എന്നാല്‍ ഇത് നന്നായി ഉപയോഗിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ദുര്‍ബലവുമാണ്. അല്ലെങ്കില്‍ 2000 പട്ടാളക്കാരുള്ള ജില്ലകള്‍ പിടിച്ചെടുക്കാന്‍ വെറും 20 പേരടങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റ് കലാപകാരികള്‍ക്ക് എങ്ങനെ കഴിയുന്നു?, പ്രാദേശിക ഭരണകൂടത്തിന്റെ തലവനായ അഹമ്മദ് അലി ഹസ്‌റത്ത് ചോദിക്കുന്നു. ആയുധപരിശീലനം നേടിയ പ്രാദേശിക ഗോത്രവിഭാഗങ്ങള്‍ സര്‍ക്കാര്‍ സേനയ്‌ക്കൊപ്പം ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ തയ്യാറാണെങ്കിലും അവര്‍ക്ക് അനുമതി ലഭിച്ചില്ല. ‘രാജ്യാന്തര വായുസേനയുടെ പിന്തുണയില്ലാതെ അഫ്ഗാന്‍ സേനയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താനാകില്ല,’ അഹമ്മദ് അലി ഹസ്‌റത്ത് പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം വളരുകയാണെന്നാണ് നാറ്റോയുടെയും യുഎസിന്റെയും ഉന്നത പട്ടാള കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ക്യാംപ്‌ബെല്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്. ഐഎസിന്റെ വിദേശ നേതൃത്വം നാംഗഹാറില്‍ ഒരു പ്രാദേശിക ശക്തികേന്ദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ക്യാംപ്‌ബെല്‍ സൂചിപ്പിച്ചു.

ജലാലബാദിലെ ഒരു യുഎസ് ബേസ് സന്ദര്‍ശിച്ച ഡിഫന്‍സ് സെക്രട്ടറി ആഷ്ടന്‍ ബി കാര്‍ട്ടര്‍ താലിബാനും ഐഎസിനുമെതിരെയുള്ള പോരാട്ടത്തില്‍ ബുദ്ധിമുട്ടേറിയ ഒരു വര്‍ഷമാണ് വരാനിരിക്കുന്നതെന്നു പറഞ്ഞതും ഇതു ശരിവയ്ക്കുന്നു.

ജലാലബാദിനു സമീപമുള്ള രണ്ടെണ്ണം ഉള്‍പ്പെടെ നാലു ജില്ലകളുടെ തലവന്മാര്‍ അവരുടെ പ്രദേശങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ ഇപ്പോള്‍ ഐഎസിനു കീഴിലാണെന്ന് ആകുലപ്പെടുന്നു. നഗരത്തില്‍നിന്നു വളരെ ദൂരമില്ലാത്ത ഛപര്‍ഹാറില്‍നിന്നെത്തിയ ഒരാള്‍ ജില്ലയുടെ 90 ശതമാനത്തിന്റെയും നിയന്ത്രണം ഐഎസിന്റെ കയ്യിലാണെന്നു പറഞ്ഞു. ഇവിടെ ഭീകരര്‍ ദിനംപ്രതി നാലോ അഞ്ചോ ആളുകളുടെ ശിരച്ഛേദം നടത്തുന്നതായും അദ്ദേഹം അറിയിച്ചു.

ഒരു കുടുംബത്തെ മുഴുവന്‍ വധിച്ച ഭീകരര്‍ അവരില്‍ രണ്ടുപേരുടെ ശിരസ് പ്രാദേശിക ഭരണകൂടത്തിനു നല്‍കിയെന്നും കുടുംബത്തോടൊപ്പം ജലാലബാദിലേക്കു പാലായനം ചെയ്ത ഇദ്ദേഹം പറഞ്ഞു. ‘ അവര്‍ ആളുകളെ കൊല്ലുന്നു; കാരണമൊന്നും പറയുന്നില്ല. എന്നെയും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ പേര് കണ്ടാല്‍ അവര്‍ എന്നെയും കൊല്ലും,’ പേര് പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് അദ്ദേഹം പറഞ്ഞു.

ഖലീഫത്ത് റേഡിയോയുടെ വരവ് ഇസ്ലാമിക് സ്‌റ്റേറ്റിനെപ്പറ്റിയുള്ള ഭയം ഇരട്ടിയാക്കിയിട്ടുണ്ട്. അവര്‍ എവിടെയുമുണ്ടാകാം എന്ന തോന്നലുണ്ടാക്കാന്‍ റേഡിയോയ്ക്കു കഴിഞ്ഞു. പ്രദേശത്ത് മിക്കയിടത്തും റേഡിയോ കേള്‍ക്കാമെന്ന് അധികാരികള്‍ സമ്മതിക്കുന്നു. ജലാലബാദില്‍ പ്രക്ഷേപണം വളരെ വ്യക്തമായിരുന്നു.

‘ഇത് അവിശ്വാസികളുടെ സര്‍ക്കാരാണ്, അവിശ്വാസികളുടെ വ്യവസ്ഥിതിയും,’ ഒരു പ്രാസംഗികന്‍ പ്രക്ഷേപണത്തില്‍ പറഞ്ഞു. അവിശ്വാസികള്‍ക്കൊപ്പമുള്ളവര്‍ മുസ്ലിങ്ങളല്ലെന്നും അവര്‍ മരിക്കാന്‍ യോഗ്യരാണെന്നും അയാള്‍ തുടര്‍ന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു സാധനങ്ങള്‍ നല്‍കുന്നവര്‍, വിദേശികളുമായി ഓഫിസ് പങ്കിടുന്നവര്‍, യൂദന്മാരോടോ ക്രിസ്ത്യാനികളോടോ സൗഹൃദം സൂക്ഷിക്കുന്നവര്‍ എന്നിവരെയൊക്കെ അയാള്‍ ഇക്കൂട്ടത്തില്‍ച്ചേര്‍ത്തു. ‘ഞങ്ങള്‍ എല്ലാവരെയും കൊല്ലുന്നു എന്നത് തെറ്റായ പ്രചാരണമാണ്. ദുഷിച്ച വ്യവസ്ഥിതിയെ ഇല്ലാതാക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത് ‘, അയാള്‍ അവകാശപ്പെട്ടു.

മൂന്നരലക്ഷത്തോളം പേരുള്ള ഈ നഗരത്തില്‍ ഭയം പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഹോട്ടലുകളും ഭക്ഷണശാലകളും നിറഞ്ഞ നഗരം വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഈ സൗകര്യങ്ങള്‍ ചെയ്തുകൊടുത്താണു ജീവിക്കുന്നത്. രാത്രി പൊടുന്നനെ തെരുവുകള്‍ വിജനമായി; പൊലീസും പട്ടാളവാഹനങ്ങളും തെരുവില്‍ നിറഞ്ഞു. വ്യാപാരം കുറയുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. സംഘര്‍ഷമേഖലകളില്‍നിന്ന് രക്ഷപ്പെട്ടുവരുന്ന തൊഴില്‍രഹിതരാണിപ്പോള്‍ ഇവിടെ നിറയെ എന്ന് അധികൃതരും.

‘എല്ലാവരും പേടിയിലാണ്’, നാലുമാസമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കയ്യടക്കിവച്ചിരിക്കുന്ന ആഷിനിലെ കൗണ്‍സില്‍ അംഗം പറയുന്നു. സ്‌ഫോടകവസ്തുക്കള്‍ക്കുമേല്‍ ഇരുത്തി ഗ്രാമീണരെ വധിച്ചാണ് ആഷിനില്‍ ഭീകരര്‍ പിടിമുറുക്കിയത്.

‘അവര്‍ മനുഷ്യരല്ല. അവര്‍ക്ക് ധാരാളം പണവും വലിയ ആയുധങ്ങളുമുണ്ട്. ഓരോ മലമുകളിലും യന്ത്രത്തോക്കുകള്‍ വയ്ക്കാന്‍ അവര്‍ക്കാകും. എളുപ്പത്തില്‍ അതിര്‍ത്തിക്കകത്തും പുറത്തും കടക്കുന്ന അവര്‍ എല്ലാ സാധനങ്ങളും കുതിരപ്പുറത്താണ് കൊണ്ടുവരുന്നത്.’ പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിക്കാന്‍ തയ്യാറായ ആള്‍ പറഞ്ഞു. ‘ആരാണ് അവര്‍ക്കു പിന്നിലുള്ളതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ’.

റേഡിയോയെ ഭയപ്പെടേണ്ടതിന് മറ്റൊരു കാരണം കൂടിയുണ്ട്. തീവ്ര ഇസ്ലാമിക പാഠങ്ങളില്‍ ആകൃഷ്ടരാകുന്ന, ഒറ്റപ്പെട്ട, അലസയൗവനങ്ങളെ അത് ഐഎസിലേക്കു ക്ഷണിക്കുന്നു. പ്രദേശത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ യുവാക്കള്‍ ഐഎസ് പ്രലോഭനത്തില്‍പ്പെടാന്‍ മറ്റൊരു കാരണമാണ്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സര്‍വകലാശാലയായ നാംഗഹാര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഐഎസിന്റെ വലയില്‍ വീഴാന്‍ സാധ്യതയുള്ള മറ്റൊരു കൂട്ടര്‍. നവംബറില്‍ ഇസ്ലാമിക് സ്റ്റുഡന്റ് ആക്ടിവിസ്റ്റുകള്‍ സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധസമരത്തില്‍ താലിബാന്റെയും ഐഎസിന്റെയും പതാകകളാണ് ഉയര്‍ന്നത്. 27 പേരെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.

ഒരിക്കല്‍ മെഡിക്കല്‍, സാങ്കേതികവിദ്യ വിദ്യാര്‍ഥികള്‍ നിറഞ്ഞിരുന്ന ക്യാംപസില്‍ ഇന്ന് തീവ്രപക്ഷ വിദ്യാര്‍ഥികള്‍ക്കാണു ഭൂരിപക്ഷമെന്ന് സുരക്ഷാകാരണങ്ങളാല്‍ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സാമ്പത്തികശാസ്ത്ര അധ്യാപകന്‍ പറഞ്ഞു. വിദേശികളുടെ സന്ദര്‍ശനം പോലും ഇവിടെ പ്രശ്‌നമാകാം. ഡോര്‍മിറ്ററികളില്‍ അക്രമം നിറഞ്ഞ ഇസ്ലാമിക വിഡിയോകള്‍ കാണുന്ന വിദ്യാര്‍ത്ഥികള്‍ അക്രമം നിറഞ്ഞ  ജിഹാദില്‍ ആകൃഷ്ടരാകുന്നു.

ഐഎസിന്റെ സന്ദേശങ്ങളെ എതിര്‍ക്കാന്‍ സര്‍ക്കാരിനോടൊത്തു പ്രവര്‍ത്തിക്കുന്ന സുന്നി മതപണ്ഡിതന്‍ മൗലവി സാഹിര്‍ ഹക്കാനി മറ്റ് പണ്ഡിതര്‍ക്കൊപ്പം ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമികമല്ലെന്നു പറഞ്ഞ ഫത്വ അതിക്രമിച്ചുകടക്കുന്നവരില്‍നിന്നു സ്വയം രക്ഷിക്കാന്‍ തദ്ദേശീയരെ പ്രേരിപ്പിക്കുന്നു.

ക്രൂരന്മാരാണെങ്കിലും താലിബാന് ഇവിടെ ഐഎസിനെക്കാള്‍ സ്വീകര്യതയുണ്ടെന്ന് ഹക്കാനി പറഞ്ഞു. തദ്ദേശീയരും പാഷ്ടൂണുകളും സുന്നി വിഭാഗമായ ഹനാഫി മുസ്ലിങ്ങളുമാണ് താലിബാനിലുള്ളത് എന്നതാണ് ഇതിനു കാരണം. അതിയാഥാസ്ഥിതികമായ സലാഫിസ്റ്റ് ഇസ്ലാം വിശ്വാസത്തിന്റെ പിന്തുടര്‍ച്ചക്കാരായ ഐഎസിന്റെ ഉദ്ഭവം സൗദി അറേബ്യയിലും ഈജിപ്റ്റിലുമാണ്. മധ്യപൂര്‍വേഷ്യക്കാരാണ് ഇതിന്റെ നേതാക്കള്‍ എന്നതും ഐഎസിന് അഫ്ഗാനിസ്ഥാനില്‍ സ്വീകാര്യത കുറയ്ക്കുന്നു.

സര്‍ക്കാരിനെക്കാള്‍ താലിബാനെയാണ് ഉന്നം വയ്‌ക്കേണ്ടതെന്നാണ് ഈയിടെ ഐഎസ് റേഡിയോ ശ്രോതാക്കളോടു പറഞ്ഞത്. ഈ രണ്ട് ഭീകരസംഘങ്ങളും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണ്. ചില താലിബാന്‍ അംഗങ്ങള്‍ ഐഎസിനോടു ചേര്‍ന്നുപ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ അവരെ എതിര്‍ക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള സായുധപോരാട്ടം പ്രദേശത്ത് സംഘര്‍ഷം ഇനിയും കൂട്ടുമെന്നാണ് അഫ്ഗാന്‍കാരുടെ ഭയം.

പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ആഷിന്‍ ഇപ്പോള്‍ത്തന്നെ വിജനഭൂമിയായിക്കഴിഞ്ഞു. 23 ജില്ലകളില്‍ ഖോഗ്യാനി, ഛപ്പര്‍ഹര്‍, ദേ ബാല, ഷിന്‍വര്‍, ബേസൂദ്, പാഷിരഗാം എന്നിങ്ങനെ ആറെണ്ണത്തില്‍ ഒഴിഞ്ഞുപോക്ക് പ്രകടമാണ്.

‘ സ്ത്രീകളാരും വീടുവിട്ട് പുറത്തിറങ്ങുന്നില്ല. ഐഎസ് പതാക ആവശ്യപ്പെട്ട കാര്യം അവര്‍ക്കറിയാം’, ബേസൂദില്‍ അധ്യാപികയായ ഹബീബ കക്കര്‍ ക്വാസിസാദ പറഞ്ഞു. വിധവകളും അവിവാഹിതരായ പെണ്‍കുട്ടികളുമുള്ള വീടുകള്‍ക്കു മുകളില്‍ പതാക ഉയര്‍ത്തണമെന്നാണ് ഐഎസ് ഉത്തരവ്. യുദ്ധമുതലായി വിധവകളെയും പെണ്‍കുട്ടികളെയും കൊണ്ടുപോകാന്‍ അവകാശമുണ്ടെന്നാണ് ഭീകരരുടെ വാദം. ‘താലിബാനും സ്ത്രീകളോട് മോശമായാണ് പെരുമാറിയിരുന്നത്; എങ്കിലും അവര്‍ ഇവരെക്കാള്‍ ഭേദമായിരുന്നു,’ ക്വാസിസാദ പറയുന്നു.

അഫ്ഗാനിസ്ഥാന്‍ കീഴടക്കാതെ പിന്മാറില്ലെന്ന് കലാപകാരികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുകളില്‍ കറുത്ത പതാക ഉയരാന്‍ വൈകില്ലെന്നാണ് വെള്ളിയാഴ്ച യുദ്ധകോലാഹലങ്ങളോടെ പ്രക്ഷേപണം അവസാനിപ്പിക്കുംമുന്‍പ് റേഡിയോ അവതാരകന്‍ പറഞ്ഞത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍