UPDATES

ട്രെന്‍ഡിങ്ങ്

പന്ത് ഉമ്മന്‍ ചാണ്ടിയുടെ കാലിലാണ്; ഗോളടിക്കാം, അടിപ്പിക്കാം…

സുധീരന്റെ രാജി കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റത്തിനുള്ള അവസരമാകുമോ?

കേരളത്തില്‍ ഇനി ആരാകും കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെടുക എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ശരിയായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പറയുന്നത്. പേരുകള്‍ പലതും ഉയരുന്നുണ്ടെങ്കിലും ആരിലും അത് ഉറച്ചു നില്‍ക്കുന്നില്ല. ഉമ്മന്‍ ചാണ്ടി മുതല്‍ വി ഡി സതീശന്‍ വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹൈക്കമാന്‍ഡ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളാണോ അതോ ഗ്രൂപ്പോ, ജാതിസമവാക്യങ്ങളോ ആകുമോ, അതുമല്ലെങ്കില്‍ തലമുറ മാറ്റമാകണോ പുതിയ കെപിസിസി പ്രസിഡന്റാകാന്‍ യോഗ്യത എന്നകാര്യത്തിലാണ് ഇപ്പോഴും സംശയം. ഇക്കാര്യത്തില്‍ വ്യക്ത വന്നാല്‍ മാത്രമെ പുതിയ അധ്യക്ഷന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകൂ.

കെപിസിസി അധ്യക്ഷസ്ഥാനം ഗ്രൂപ്പ് നോക്കി വീതം വയ്ക്കുന്ന പതിവ് ഇല്ല. കെ മുരളീധരന്റെ കാര്യത്തിലൊഴിച്ച് സംഭവിച്ചിരിക്കുന്നതെല്ലാം അങ്ങനെയാണ്. രമേശ് ചെന്നിത്തല അധ്യക്ഷപദവിയില്‍ എത്തിയശേഷമാണ് ഐ ഗ്രൂപ്പ് തട്ടിക്കൂട്ടിയെടുത്തത്. ഇവരുടെ മുന്‍ഗാമികളുടെ കാര്യത്തിലും ഗ്രൂപ്പ് പേര് ഉയര്‍ന്നിരുന്നില്ല, തങ്ങളോട് വിധേയത്വം കാണിച്ചു നില്‍ക്കുകയും അതേ സമയം സംസ്ഥാനത്ത് പാര്‍ട്ടിയേയും നേതാക്കന്മാരെയും ഒരുപോലെ നയിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന ഒരാള്‍ എന്നതാണ് പിസിസി അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് മാനദണ്ഡമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ചില തീരുമാനങ്ങള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ പതിവ് തെറ്റിച്ചില്ല. വി എം സുധീരനെ ഇന്ദിര ഭവനിലേക്ക് കൊണ്ടു വന്നതും അങ്ങനെയാണ്. പക്ഷേ ഇനിയും അതങ്ങനെ തന്നെ പോകും എന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അത്രമേല്‍ ദുര്‍ബലമായി. പ്രാദേശിക വികാരത്തിനനുസരിച്ച് തീരുമാനം എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഡല്‍ഹിയിലെ അവസ്ഥ മാറി. ഇതു തന്നെയാണു കേരളത്തിലെ പിസിസി അധ്യക്ഷനെ കുറിച്ചുള്ള തീരുമാനം വരുന്നതിനും കാലതാമസം ഉണ്ടാക്കുന്നത്.

പന്ത് ഉമ്മന്‍ ചാണ്ടിയുടെ കാലിലാണ്
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി എത്രത്തോളം ബന്ധം ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടെന്ന് അറിയില്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ സംഘടന നടത്തിപ്പിന് ഉമ്മന്‍ ചാണ്ടിയെ ആശ്രയിക്കാതെ ഹൈക്കമാന്‍ഡിനു കഴിയില്ല. ഉമ്മന്‍ ചാണ്ടിയോളം രാഷ്ട്രീയതന്ത്രങ്ങള്‍ മെനയാന്‍ നിലവില്‍ മറ്റാര്‍ക്കും കഴിയില്ല, എന്നതു മാത്രമല്ല, കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പായ എ ഗ്രൂപ്പിന്റെ നേതാവും ഉമ്മന്‍ ചാണ്ടിയാണ്. നിവലില്‍ പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവ അടക്കമുള്ള താക്കോല്‍ സ്ഥാനങ്ങള്‍ വിശല ഐ കരസ്ഥമാക്കിയെങ്കിലും കരുത്തില്‍ എ-യെ വെല്ലാന്‍ അവര്‍ക്കാകില്ല. സംഘടന തെരഞ്ഞെടുപ്പ് നടത്തിയാല്‍ അതു മനസിലാകും. ചെന്നിത്തലയ്ക്ക് ഈകാര്യം മനസിലായിട്ടുണ്ടോ എന്നറിയില്ല, പക്ഷേ രാജിവച്ച സുധീരനതു കൃത്യമായി മനസിലായിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ചു മുന്നോട്ടു പോവുക എന്നത് നടക്കാത്ത കാര്യമാണന്ന് സുധീരന്‍ ഒരിക്കല്‍ കൂടി തിരിച്ചറിയുകയായിരുന്നു.

പുതിയ കെപിസിസി അധ്യക്ഷന്റെ സ്ഥാനത്തേക്ക് ആദ്യം ചര്‍ച്ചയാകുന്ന പേരും ഉമ്മന്‍ ചാണ്ടിയുടേതാണ്. എന്നാല്‍ അദ്ദേഹം അതിനു തയ്യാറാകില്ല എന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടി തന്നെ ഇക്കാര്യം പറഞ്ഞതാണ്. ആ തീരുമാനം അന്തിമമല്ലായെങ്കില്‍ കെപിസിസി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി തന്നെയാകും. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും തന്നെ നിര്‍ബന്ധിതരുമാകും. അല്ലെങ്കില്‍ തനിക്കു പകരം താന്‍ പറയുന്ന ഒരാള്‍ ആയിരിക്കണം കെപിസിസി പ്രസിഡന്റ് എന്നായിരിക്കും ഉമ്മന്‍ ചാണ്ടി പറയുക. ആ തന്ത്രത്തില്‍ നിന്നും ഉയരുന്ന പേരുകളാണ് എം എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബന്നി ബഹനാന്‍ എന്നിവരുടേത്.

പക്ഷേ തടസങ്ങള്‍ ഇവര്‍ക്കുമുണ്ട്. ഹസനും തിരുവഞ്ചൂരും ജോസഫും എഴുപതു കഴിഞ്ഞവരാണ്. പ്രായം അവര്‍ക്കൊരു വിലങ്ങുതടിയാണ്. പിന്നെയുള്ളത് ബന്നി ബഹനാനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുധീരന്‍ മുന്നില്‍ നിന്നു സീറ്റ് നിഷേധിച്ച ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍. പക്ഷേ അന്നു നിയമസഭ സീറ്റ് നിഷേധിക്കാനുള്ള കാരണങ്ങള്‍ ഇപ്പോഴും ബന്നിയുടെ മുതുകില്‍ ഉണ്ട്. മാത്രമല്ല ഐക്കാര്‍ക്ക് സ്വീകാര്യനുമല്ല. ഇതെല്ലാം കടന്ന് ബെന്നി തന്നെ കെപിസിസി അധ്യക്ഷനായാല്‍ സുധീരന്റെ പരാജയം ഒന്നുകൂടി വലുതാവുകയാണ്.

ക്രിസ്ത്യന്‍ – ഹിന്ദു സമവാക്യം
കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശക്തികള്‍ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകളാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ പ്രധാന ചുമതലകളില്‍ എന്നും ഒരാള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും മറ്റെയാള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നും ആയിരിക്കും. കരുണാകരന്‍-ആന്റണി, ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല എന്നിങ്ങനെ. ഇത്തവണയാണത് ചെന്നിത്തല-സുധീരന്‍ എന്ന നിലയിലേക്കു മാറിയത്. സുധീരന്‍ മാറിയ സ്ഥിതിക്ക് ആ സ്ഥാനത്തേക്ക് ഒരു ക്രിസ്ത്യാനിയെ പരിഗണിക്കണമെന്ന് ആവശ്യം ഉയരാം. രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ കെ വി തോമസ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിസി ചാക്കോ എന്നിവരെ ചൂണ്ടി ഈ സമവാക്യം തെറ്റിയിട്ടില്ലെന്നു വാദിക്കാം. പക്ഷേ കേരളത്തില്‍ താക്കോല്‍ സ്ഥാനത്ത് ഒരു ക്രിസ്ത്യാനി തന്നെ വേണം എന്നുള്ള വാശി ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ ബന്നി ബഹനാന്‍, കെ സി ജോസഫ് എന്നിവരുടെ പേര് വീണ്ടും സജീവമാകാം.

ഗ്രൂപ്പില്ലാത്തവര്‍, പൊതുസമ്മതര്‍
ഗ്രൂപ്പും മതവും നോക്കില്ല എന്നാണെങ്കില്‍ പറയാന്‍ ചില പേരുകളുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, പി ടി തോമസ് എന്നിവരാണ് അവരില്‍ പ്രധാനികള്‍. ഗ്രൂപ്പുകളില്‍ ഒന്നിലും ഇല്ലെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിക്ക് ഇതുവരെ കെപിസിസി അധ്യക്ഷസ്ഥാനം കിട്ടിയിട്ടില്ല; പലതവണ പറഞ്ഞുകേട്ടിട്ടും. കരുണാകരനുമായിട്ടുള്ള അകല്‍ച്ചയാണു വിനയായത്. ഇപ്പോള്‍ മുല്ലപ്പള്ളിക്ക് അത്രയ്ക്കു ശക്തനായ എതിരാളി ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ നാല്‍പ്പതുവര്‍ത്തിലേറെയായി മലബാറില്‍ നിന്നും ഒരാള്‍ കെപിസിസി അധ്യക്ഷനായിട്ട് എന്ന ഘടകവും മുല്ലപ്പള്ളിയെ പരിഗണിക്കാന്‍ കാരണമാണ്. മാത്രമല്ല, ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നതു തടയാനും മുല്ലപ്പള്ളിയുടെ സാന്നിധ്യം സഹായകമാകാം. പക്ഷേ എല്ലാവര്‍ക്കും സമ്മതനാണോ മുല്ലപ്പള്ളി എന്നതാണു വിഷയം. സുധീരനോളം ഇല്ലെങ്കിലും ഒറ്റയാന്‍ സ്വഭാവം മുല്ലപ്പള്ളിക്കുമുണ്ട്. പിന്നെയുള്ളത് പി ടി തോമസാണ്. പി.ടിക്കും പ്രത്യേകിച്ചൊരു ഗ്രൂപ്പിനോട് ഇപ്പോള്‍ മമത ഉണ്ടോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പിനു മുമ്പ് വരെ എക്കാരനെന്നും തെരഞ്ഞെടുപ്പ് തൊട്ട് സുധീരന്‍ പക്ഷക്കാരനെന്നും ഇപ്പോള്‍ ഒന്നിലും ഇല്ല, എന്നാണു പി.ടിയെക്കുറിച്ചു പറയുന്നത്. സാമുദായിക സമവാക്യം നോക്കായാലും പരിഗണിക്കപ്പെടേണ്ടയാള്‍; പൊതുസമ്മതനെന്നും വേണമെങ്കില്‍ പറയാം.

ഈ ഗണത്തിലേക്ക് പിന്നെ പറഞ്ഞു കേള്‍ക്കുന്നത് കെ വി തോമസ്, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ്. കെ വി തോമസ് ക്രിസ്ത്യാനിയാണ്. അതാണു പ്രധാന യോഗ്യത, ഹൈക്കമാന്‍ഡിനു പ്രിയപ്പെട്ടയാളുമാണ്, അതും യോഗ്യതയാണ്. പക്ഷേ ഇതു രണ്ടും കേരളത്തില്‍ അദ്ദേഹത്തിനു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാന്‍ കാരണങ്ങളാണോ എന്നു ചോദിച്ചാല്‍, അല്ല. കൊടിക്കുന്നേല്‍ സുരേഷ് പിസിസി അധ്യക്ഷനായാല്‍ പിന്നോക്ക സമുദായത്തിനിടയില്‍ പാര്‍ട്ടിക്കു കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നാണു പറയുന്നത്. ഹൈക്കമാന്‍ഡിലും പിടിയുണ്ട്. പക്ഷേ ഐ ഗ്രൂപ്പുകരാന്‍ ആണെന്നു പേരുവീണു കിടക്കുന്നതിനാല്‍ എക്കാര്‍ സുരേഷിനെ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്.

തലമുറമാറ്റം ഉണ്ടായാല്‍
സുധീരന്റെ രാജി കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റത്തിനുള്ള അവസരമായി ഹൈക്കമാന്‍ഡ് കണ്ടാല്‍ മേല്‍പ്പറഞ്ഞ പേരുകാരെല്ലാം അപ്രസക്തരാകും. പകരം യുവനേതാക്കളെന്നു വിശേഷിക്കപ്പെടുന്ന സതീശന്‍, വേണുഗോപാല്‍ എന്നിവര്‍ ഇന്ദിര ഭവനില അധികാര കസേരയില്‍ എത്തും. പിസിസി അധ്യക്ഷന്മാരായി യുവതലമുറയില്‍ നിന്നുള്ളവര്‍ വരട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും 54-കാരനായ വേണുഗോപാലിനും 52-കാരനായ വി ഡി സതീശനും അനുകൂലമാകും. രണ്ടുപേരും ഏതെങ്കിലും ഗ്രൂപ്പിന്റെ പ്രതിനിധികളുമല്ല. മോശമല്ലാത്ത സ്വീകാര്യതയും രണ്ടുപേര്‍ക്കും പാര്‍ട്ടിക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലുമുണ്ട്. സതീശന്‍ നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ തവണ സുധീരന്റെ പേരിനൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നതും സതീശനായിരുന്നു. ആ നഷ്ടം ഇത്തവണ സതീശനു നികത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിക്കു പുതുജീവന്‍ വേണ്ട സാഹചര്യത്തില്‍ വേണുഗോപാലിനെയും സതീശനെയും പോലുള്ളവര്‍ തന്നെയാണു നല്ലതെന്നു ഹൈക്കമാന്‍ഡിനു തോന്നിയാല്‍ തലമുറ മാറ്റം സംഭവിക്കാം.

ചിലരുടെ പ്രതീക്ഷകള്‍
കെപിസിസി അധ്യക്ഷപദം സ്വപ്‌നം കാണുന്ന മറ്റു ചിലര്‍ കൂടിയുണ്ട്. ഐ ഗ്രൂപ്പിന്റെ സഹായത്തോടെ ആ സ്ഥാനം നേടാമെന്നു കരുതുന്ന കെ സുധാകരന്‍, ഇനിയൊരുവട്ടംകൂടിയില്ലെന്നും പുതുതലമുറ വരട്ടെയന്നും പുറത്തു പറഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ നോമിനിയായി പഴയ കസേരയില്‍ ഒരിക്കല്‍ കൂടി ഇരിക്കാന്‍ ഉള്ളാലെ കൊതിക്കുന്ന കെ മുരളീധരന്‍ എന്നിവര്‍… പാര്‍ട്ടി കോണ്‍ഗ്രസാണ്, എന്തും സഭവിക്കാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍