UPDATES

കൈയേറ്റ ഭൂമിക്ക് നിയമസാധുത നല്‍കിയത് മാഫിയകളെ സഹായിക്കാന്‍; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

ഭൂമാഫിയയെയും റിസോര്‍ട്ട് മാഫിയയെയും സഹായിക്കാന്‍ വേണ്ടി, ഭൂമി പതിവുചട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തിരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. കൈയ്യേറ്റക്കാര്‍ക്ക് നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്ന ഭൂപരിധി ഒരേക്കര്‍ എന്നത് ഇപ്പോള്‍ നാലേക്കറായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് പട്ടയം കിട്ടിയാല്‍ തൊട്ടടുത്ത ദിവസം തന്നെ ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശവും നല്‍കിയിരിക്കുന്നു. പട്ടയഭൂമി വില്‍ക്കാന്‍ 25 വര്‍ഷം കഴിയണമെന്നത് പാവപ്പെട്ട മൂന്നു സെന്റുകാര്‍ക്കു മാത്രം ബാധകമാക്കിയിരിക്കുകയാണ്. അതുപോലെ, ഭൂമി പതിച്ചു കിട്ടുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷമെന്നത് മൂന്നു ലക്ഷം രൂപയായും വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഈ ഭേദഗതിയിലൂടെ മലയോരമേഖലയില്‍ ഭൂമി കൈയ്യേറ്റം വ്യാപകമാകും. 2015 ജൂണ്‍ ഒന്നിന് പത്തു വര്‍ഷത്തെ കൈവശാവകാശ രേഖയുണ്ടെങ്കില്‍ ഭൂമി പതിച്ചു നല്‍കാമെന്നതാണ് വ്യവസ്ഥ. ഭൂമാഫിയയ്ക്കും റിസോര്‍ട്ട് മാഫിയയ്ക്കുമൊക്കെ ഇത്തരത്തില്‍ കൈവശാവകാശരേഖ ഉണ്ടാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ചുരുക്കത്തില്‍, കേരളത്തിന്റെ മലയോരഭൂമി വന്‍കിടക്കാരും സമ്പന്നന്മാരുമായവരുടെ കൈകളില്‍ പൂര്‍ണമായി എത്തിച്ചേരുകയായിരിക്കും ഇതുമൂലം ഉണ്ടാവുക. ആദിവാസികളടക്കമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഭൂമിക്കുവേണ്ടി അനന്തമായ പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ്, അതിനൊന്നും പരിഹാരമുണ്ടാക്കാതെ, ഭൂമാഫിയയ്ക്കുവേണ്ടി ഭൂമിപതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ തലതിരിഞ്ഞ ഭേദഗതി വരുത്തുന്നത്. 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ തുടര്‍ച്ചയാണ് ഇത്. ഇതിനെതിരെ വ്യാപകമായ ജനരോഷവും ജനകീയപ്രതിരോധവും ഉയര്‍ന്നുവരണമെന്നും വി എസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍