UPDATES

ഒപിഎസില്‍ നിന്നും ഇപിഎസിലേക്ക്: പാവകളിയിലെ മറ്റൊരു കളിപ്പാവയാകുമോ?

രാഷ്ട്രീയ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ എട്ടാമത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി

ടീം അഴിമുഖം

ദേശീയ വാര്‍ത്തകളില്‍ പ്രാധാന്യത്തോടെ ഒരു തെക്കേ ഇന്ത്യന്‍ സംസ്ഥാനം ഇടം നേടുക പതിവുള്ള കാര്യമല്ല. പക്ഷേ, കഴിഞ്ഞ ആറ് മാസമായി തമിഴ്നാട് മാധ്യമ വാര്‍ത്തകളിലെ കേന്ദ്രബിന്ദുവാണ്-മിക്കപ്പോഴും നല്ല കാരണങ്ങളാലല്ല. ഇതിലേറ്റവും കാലം കൂടുതല്‍ നീണ്ടത് ഭരണകക്ഷിയായ എഐഎഡിഎംകെയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ്.

മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ അസുഖബാധിതയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മുള്‍മുനയിലായിരുന്നു-ഒരൊറ്റ നേതാവിന്റെ മേല്‍ സര്‍വ്വവും അര്‍പ്പിച്ച ഒരു കക്ഷിക്ക് ആ ശൂന്യത താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. തുടര്‍ന്ന് നിരവധി സംഭവങ്ങളുണ്ടായി; ഒ. പനീര്‍സെല്‍വത്തിന്റെ മുഖ്യമന്ത്രി പദവി, ജയലളിതയുടെ മരണം, വികെ ശശികലയുടെ രാഷ്ട്രീയാരോഹണം, ശശികലയ്ക്ക് വഴി തെളിക്കാന്‍ പനീര്‍സെല്‍വത്തിന്റെ രാജി, ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ ശശികലയുടെ ശിക്ഷ, ഇപ്പോള്‍ എടപ്പാടി പളനിസ്വാമിയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ. ഈ രാഷ്ട്രീയ കൂട്ടപ്പൊരിച്ചിലിനിടയ്ക്ക് തമിഴ്നാട് ചുഴലിക്കൊടുങ്കാറ്റ്, ജല്ലിക്കട്ട് പ്രതിഷേധം, കടുത്ത വരള്‍ച്ച, തീരക്കടലില്‍ എണ്ണക്കപ്പല്‍ ചോര്‍ച്ച എന്നിവയും കണ്ടു.

ഇനി തമിഴ്നാടിന് സാധാരണഗതിയിലേക്ക് മടങ്ങിവരേണ്ടതുണ്ട്. അതിനു ഭദ്രവും പ്രവര്‍ത്തിക്കുന്നതുമായ ഒരു സര്‍ക്കാര്‍ ആവശ്യമാണ്. അങ്ങനെയൊന്ന് നല്‍കാനാകുമോ എന്നതാണു പളനിസ്വാമിയുടെ മുന്നിലുള്ള വെല്ലുവിളി.

വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും കാര്യങ്ങള്‍ വേഗം ശരിയാകും എന്നു തോന്നിക്കുന്ന വാഗ്ദാനങ്ങളുമുണ്ട്. പളനിസ്വാമി കയ്യേല്‍ക്കുന്ന എഐഎഡിഎംകെ 30 വര്‍ഷത്തെ ഭരണവിരുദ്ധ ചാക്രികതയെ മറികടന്നു അധികാരത്തില്‍ വന്ന പാര്‍ട്ടിയല്ല. പകരം വിവിധ വിഭാഗങ്ങളുള്ള ഇനിയും പ്രശ്നങ്ങള്‍ ഉണ്ടായേക്കാവുന്ന കക്ഷിയാണ് എഐഎഡിഎംകെ ഇന്ന്. പഴയ മന്ത്രിസഭയിലെ ഏതാണ്ടെല്ലാവരെയും പളനിസ്വാമി നിലനിര്‍ത്തി എന്നത് ഭരണനിര്‍വ്വഹണത്തിലേക്ക് തിരിച്ചുപോകാന്‍ അധികം സമയം വേണ്ടിവരില്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഭൂരിഭാഗം എംഎല്‍എ-മാരും (ശശികലക്കൊപ്പം ഉള്ളവര്‍) പിന്തുണയ്ക്കുന്നു എന്നതും ഇളക്കമില്ലാത്ത സര്‍ക്കാരിന് കാരണമാകും. പക്ഷേ അത് സഭയിലെ വിശ്വാസവോട്ടെടുപ്പില്‍ തെളിയിക്കണം. പനീര്‍സെല്‍വം രാജിവെച്ചതിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അടുത്ത മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണം വൈകിക്കാതിരുന്നുവെങ്കില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പവും രാഷ്ട്രീയ അനിശ്ചിതിത്വവും ഒഴിവാക്കാമായിരുന്നു. പത്തു ദിവസത്തിലേറെ നീണ്ട ഈ വൈകിക്കലിന് ഔദ്യോഗികമായി ഒരു കാരണവും പറയുന്നില്ല.

പുതിയ മുഖ്യമന്ത്രിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ റാവു രണ്ടാഴ്ച്ചത്തെ സമയം കൊടുത്തിട്ടുണ്ട്. ഇനി എത്രയും വേഗം സഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് സ്പീക്കറുടെ ചുമതലയാണ്. കാരണം കഴിഞ്ഞ ആഴ്ച്ചകളിലെ സംഭവവികാസങ്ങള്‍ വെച്ചുനോക്കിയാല്‍ രാഷ്ട്രീയ അനിശ്ചിതത്വം അതുവരെ നീളാനിടയാക്കും.

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എട്ടാമത്തെയാളാണ് പളനിസ്വാമി. വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചാല്‍ എഐഎഡിഎംകെയിലും തമിഴ്നാട്ടിലുമുള്ള രാഷ്ട്രീയരീതികളില്‍ എത്രയും വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. പക്ഷേ ചോദ്യം ഇതാണ്: അയാള്‍ സ്വന്തം നിലയ്ക്കായിരിക്കുമോ നില്‍ക്കുക, അതോ, പലരും ആരോപിക്കുന്നതുപോലെ മുഖ്യമന്ത്രിപദമോഹത്തില്‍ നിന്നും അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ തടവറയിലെത്തിയ ശശികലയുടെ ഉത്തരവുകള്‍ നടപ്പാക്കുന്ന ഒരു വിനീതവിധേയനാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍