UPDATES

യാത്ര

ചൈനയിലെ ബുദ്ധിസ്റ്റ് ഗുഹകള്‍ക്ക് പുതിയ ഭീഷണി

Avatar

സൈമണ്‍ ഡെനിയര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

പുരാതനമായ ‘സില്‍ക്ക് റൂട്ടി’ന്‍റെ ഹൃദയഭാഗത്ത്, ഗോബി മരുഭൂമിയുടെ അറ്റത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമുണ്ട്: ഒരു സാന്‍ഡ്സ്റ്റോണ്‍ പാറയില്‍ നിന്ന് ചെത്തിയെടുത്ത നൂറുകണക്കിന് ഗുഹകള്‍. അവയില്‍ അതിവിശിഷ്ടമായ ബുദ്ധിസ്റ്റ് ചുവര്‍ച്ചിത്രങ്ങളും ശില്‍പ്പങ്ങളും.

നൂറുകണക്കിന് വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന മോഗാഒ ഗുഹകള്‍ പ്രകൃതിയും മനുഷ്യനും ഏല്‍പ്പിച്ച ആഘാതങ്ങളെയെല്ലാം അതിജീവിച്ചു എന്നു പറയാം. ഭൂമികുലുക്കങ്ങള്‍, പൊടിക്കാറ്റുകള്‍, വെള്ളപ്പൊക്കം ഒക്കെ. കവര്‍ച്ചക്കാരായ മുസ്ലീം റിബലുകള്‍, കൊള്ളയടിക്കുന്ന യൂറോപ്യന്‍ പര്യവേഷകര്‍, റഷ്യന്‍ പട്ടാളക്കാര്‍ എല്ലാവരുടെയും വക അവര്‍ ചെയ്തിട്ടു പോയി. ചൈനയുടെ സാംസ്കാരിക വിപ്ലവത്തിന്‍റെ കൊടുമുടിയായ ഇവിടെ നിന്ന് റെഡ് ഗാര്‍ഡുകളും തിരിച്ചുപോയി.

ഏഷ്യയിലെ തങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ശക്തിയുടെ സാക്ഷ്യമായി സില്‍ക്ക് പാതയെ പുതുക്കി പണിയാനും നവീകരിക്കാനും കമ്യൂണിസ്റ്റ് ചൈന നടത്തുന്ന ശ്രമങ്ങളില്‍ പടിഞ്ഞാറന്‍ ചൈനയിലെ ഡുന്‍ഹ്വാങിന്‍റെ പ്രാന്തപ്രദേശത്തുള്ള ഈ ഗുഹകള്‍ക്ക് പുതിയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. ചൈനയുടെ സംസ്കാരം സംരക്ഷിക്കുന്നതില്‍ സിനോ- അമേരിക്കന്‍ സഹകരണത്തിന്‍റെ അടയാളം കൂടെയാണ് ഇവ. ഗെറ്റി കണ്‍സര്‍വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കമിട്ട പ്രവര്‍ത്തനങ്ങളോടാണ് ഇതിനു കടപ്പാട്. 

നാലാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ള ഈ ലോലമായ ചുവര്‍ച്ചിത്രങ്ങള്‍ ബുദ്ധന്‍റെ ജീവിതവും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും വരച്ചിടുന്നു. ഇവ നേരിടുന്ന മറ്റൊരു ഭീഷണി പുതിയ വിനോദസഞ്ചാരികളുടെ ഒഴുക്കും ലാഭക്കൊതിയുമാണ്.

“കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രകൃതിയിലെ മാറ്റങ്ങള്‍ കൊണ്ട് പല നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നത് ഗുഹകള്‍ക്കുള്ളിലെ സന്തുലിതാവസ്ഥയെ ബാധിക്കും. ആളുകളുടെ വരവും പോക്കും കൊണ്ട് ഉള്ളിലെ താപനിലയും ഈര്‍പ്പവും മാറിക്കൊണ്ടേ ഇരിക്കുന്നു. മനുഷ്യശരീരങ്ങളിലെ സൂക്ഷ്മജീവികള്‍ ഗുഹകള്‍ക്കുള്ളിലും വളരാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ മോശമാകും,” ഈ സൈറ്റിന്‍റെ നടത്തിപ്പുകാരും സംരക്ഷകരുമായ ഡുന്‍ഹ്വാങ് അക്കാദമിയുടെ പ്രസിഡന്‍റ് വാങ് സുഡോങ് പറഞ്ഞു.

2015ല്‍ 11 ലക്ഷത്തോളം പേരാണ് ഗുഹകള്‍ സന്ദര്‍ശിച്ചത്. അതിനു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 40% .കൂടുതല്‍, രണ്ടു ദശകങ്ങള്‍ കൊണ്ട് ഉദ്ദേശം 20 മടങ്ങ് വര്‍ദ്ധനവ്.

ഭൂരിഭാഗം പേരും ചൈനക്കാര്‍ തന്നെയായിരുന്നു. രാജ്യത്തെ സാമ്പത്തിക നിലവാരത്തിലെ വര്‍ദ്ധനവ് പ്രാദേശിക ടൂറിസത്തിന്‍റെ വികസനത്തിന് കാരണമാകുന്നുണ്ട്. കൂടാതെ തങ്ങളുടെ ബുദ്ധിസ്റ്റ് പാരമ്പര്യത്തില്‍ തല്‍പ്പരരാണ് ഇപ്പോള്‍ ചൈനീസ് ജനത. 

ഗെറ്റിയിലെ വിദഗ്ദ്ധരുടെ ഉപദേശപ്രകാരം ഡുന്‍ഹ്വാങ് അക്കാദമി സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം 3,000 ആയി പരിമിതപ്പെടുത്തിയിരുന്നു. “എന്നാല്‍ അതുകൊണ്ടൊന്നും ആളുകളുടെ വരവ് കുറയില്ലെന്ന് മനസിലായി,” വാങ് പറയുന്നു. പിന്നീട് ഈ പരിധി 6,000 ആക്കി. എന്നാല്‍ ജൂലൈ- ഒക്ടോബര്‍ സീസണില്‍ വരുന്നവരുടെ എണ്ണം ഇതിലുമൊക്കെ കൂടും. 

അതുകൊണ്ട് ടൂറിസ്റ്റുകളോട് മുന്‍കൂട്ടി ബുക്കിങ് നടത്താന്‍ ആവശ്യപ്പെടുകയാണ് ഇപ്പോള്‍. കൂടാതെ ഗുഹകള്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പ് അവര്‍ പുതുതായി നിര്‍മ്മിച്ച വിസിറ്റേഴ്സ് സെന്‍ററില്‍ 20 മിനിറ്റ് വീതമുള്ള രണ്ട് ഹ്രസ്വചിത്രങ്ങള്‍ കാണുന്നു; ഡുന്‍ഹ്വാങ് അക്കാദമിയുടെയും ഗുഹകളുടെ തന്നെയും ചരിത്രത്തെക്കുറിച്ച്.

തുടര്‍ന്നു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുള്ള 40 ഗുഹകളിലേയ്ക്ക് സന്ദര്‍ശകരെ നയിക്കുന്നു. ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് ചുവര്‍ച്ചിത്രങ്ങളെ നശിപ്പിക്കുമോ എന്നു ഭയന്ന് ഫോട്ടോകള്‍ എടുക്കാന്‍ അനുവദിക്കില്ല.

വൈകി രജിസ്റ്റര്‍ ചെയ്താലോ, 6000 എന്ന പരിധി കവിഞ്ഞാലോ നിങ്ങള്‍ക്ക് ഹ്രസ്വചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. മാത്രമല്ല, നാലു ഗുഹകളെ സന്ദര്‍ശിക്കാനാകൂ. ഇങ്ങനെ വൈകി എത്തുന്നവര്‍ക്ക് ‘മോശം അനുഭവം’ കൊടുക്കുന്നതിലൂടെ ഓഫ് സീസണ്‍ സമയത്ത് വരാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കാമെന്നാണ് വാങിന്‍റെ പ്രതീക്ഷ. ടിക്കറ്റ് നിരക്കുകളും അപ്പോള്‍ പകുതിയേയുള്ളൂ.

സഞ്ചാരികളുടെ പ്രവാഹത്തെ വാങിനു തടയാനാകുമോ എന്നതാണു ചോദ്യം. വിസിറ്റേഴ്സ് സെന്‍റര്‍ കൂടാതെ ഗുഹകളില്‍ നിന്ന് 9 മൈല്‍ അകലെ സ്വകാര്യ സംരംഭമായ, തിയേറ്ററും ഹോട്ടലുകളും ഉള്‍പ്പെടുന്ന ടൂറിസ്റ്റ് കോംപ്ലെക്സിന്‍റെ പണി നടക്കുകയാണ്.

വര്‍ഷംതോറുമുള്ള ‘സില്‍ക്ക് റൂട്ട് കള്‍ച്ചറല്‍ എക്സ്പോ’യ്ക്കായി  ഡുന്‍ഹ്വാങ് നഗരത്തില്‍ 25 കോടി ഡോളര്‍ ചെലവിട്ടു നിര്‍മ്മിച്ച കോണ്‍ഫറന്‍സ് സെന്‍ററും അതിനെക്കാള്‍ വലിയ, 2,000 പേര്‍ക്കിരിക്കാവുന്ന തിയേറ്ററും സജ്ജമായിട്ടുണ്ട്. 15 കോടി ഡോളര്‍ ചെലവില്‍ വിമാനത്താവളവും വികസിപ്പിക്കുകയാണ്.

“കമേര്‍ഷ്യല്‍ സമ്മര്‍ദ്ദങ്ങള്‍ വളരെയുണ്ട്. ഡുന്‍ഹ്വാങ് നഗരത്തിന്‍റെ വളര്‍ച്ച മോഗാഒ ഗുഹകളെ ആശ്രയിച്ചാണ്. അവര്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍, പ്രദേശത്തിന്‍റെ വികസനത്തിനായി കൂടുതല്‍ പേര്‍ വരണം എന്നു പറയുന്നവരേയും നിങ്ങള്‍ക്ക് കാണാം,” ഗെറ്റി കണ്‍സര്‍വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി 28 വര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുന്ന നെവില്‍ ആഗ്ന്യൂ പറയുന്നു.

എന്നാല്‍ ഡുന്‍ഹ്വാങ് അക്കാദമി, ഗെറ്റി കണ്‍സര്‍വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിദേശത്തു നിന്നുള്ള മറ്റു വിദഗ്ദ്ധര്‍ ഇവരുടെ സഹായത്തോടെ ഏറ്റവും ആധുനിക രീതിയിലുള്ള പുനരുദ്ധാരണമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്.

ഓരോ ഗുഹകളിലും കടന്നു ചെന്ന്, കളറിലും ബ്ലാക് & വൈറ്റിലുമായി നൂറുകണക്കിന് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുത്തുകൊണ്ടാണ് ഈ ജോലി തുടങ്ങുന്നത്. പിന്നീട് ചുവര്‍ ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് എന്തൊക്കെ സാധനങ്ങളാണ് അതില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നും അവയുടെ നാശത്തിന് കാരണവും കണ്ടു പിടിക്കുന്നു. പിന്നീടാണ് അവ പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗിക്കേണ്ട വസ്തുക്കളെ കുറിച്ചും പറ്റിയ രീതികളെ കുറിച്ചും വിദഗ്ദ്ധര്‍ തീരുമാനമെടുക്കുന്നത്.

മണ്ണും പുല്ലും കലര്‍ന്ന പ്രതലത്തില്‍ ചെയ്തിരിക്കുന്ന ചില പെയിന്‍റിങ്ങുകള്‍ പാറകളില്‍ നിന്ന് അടര്‍ന്ന നിലയിലാണ്. ഈര്‍പ്പം, ഭൂകമ്പം ഇവയൊക്കെ ഈ ചിത്രങ്ങളുടെ നിലനില്‍പ്പിനെ അതീവ ദോഷകരമായി ബാധിക്കും. പലതരം ഗ്രൌട്ടുകള്‍ (grout) അനേക തവണ പരീക്ഷിച്ചിട്ടാണ് ഈ വിടവുകള്‍ അടയ്ക്കാനുള്ളത് തിരഞ്ഞെടുക്കുന്നത്.

ഇത്തരം ചിത്രപ്പണികള്‍ ഉള്ള ഗുഹകളുടെയും ചൈനയിലെങ്ങുമുള്ള പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പ്രൊജക്റ്റ് നല്‍കുന്നു. ഇവയിലെ മൂന്നു ഗുഹകളുടെ അതേ വലിപ്പമുള്ള മാതൃകകള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ പ്രദര്‍ശനം ലോസ് ഏഞ്ചലസിലെ ഗെറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. മെയ് മുതല്‍ സപ്തംബര്‍ വരെയാണ് പ്രദര്‍ശനം.

1907ല്‍ ആയിടെ കണ്ടെത്തിയ ഒരു ചെറിയ ഗുഹയില്‍ നിന്നു ലഭിച്ച, 24 ട്രങ്കുകളില്‍ കൊള്ളുന്നത്ര ബുദ്ധിസ്റ്റ് ശില്‍പ്പങ്ങളും, അഞ്ചു ട്രങ്കുകള്‍ നിറയെ പെയിന്‍റിങ്ങും എംബ്രോയിഡെറിയും മറ്റ് കലാമൂല്യമുള്ള വസ്തുക്കളും തനിക്കു വില്‍ക്കാന്‍ ഹംഗേറിയന്‍ ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായ ഔറല്‍ സ്റ്റെയ്ന്‍ അവിടത്തെ ഒരു ബുദ്ധസന്യാസിയെ പറഞ്ഞു സമ്മതിപ്പിച്ചു. 130 പൌണ്ടിന് തുല്യമായ തുകയാണ് അതിനു നല്‍കിയത്. അതുവച്ചു നോക്കുമ്പോള്‍ കൂടുതല്‍ സന്തോഷകരമായ സഹകരണമാണ് ചൈനയും പടിഞ്ഞാറന്‍ നാടുകളും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.

പിന്നീടുള്ള വര്‍ഷങ്ങളില്‍ ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍ പര്യവേഷകര്‍ ആയിരത്തിലധികം അമൂല്യങ്ങളായ രേഖകളും വസ്തുക്കളും ഇവിടെ നിന്നു കടത്തി. 1923ല്‍ അമേരിക്കക്കാരനായ ലാങ്ഡന്‍ വാര്‍ണര്‍ വന്നപ്പോഴേക്കും കൊണ്ടുപോകാവുന്നവയെല്ലാം കഴിഞ്ഞിരുന്നു. വെറുംകയ്യോടെ പോകില്ലെന്നുറച്ച് വാര്‍ണര്‍ ചില കൊത്തുപണികളും ശില്‍പ്പങ്ങളും കയ്യിലെടുത്തു. പശ ഉപയോഗിച്ച് ഡസന്‍കണക്കിനു ചുവര്‍ ചിത്രങ്ങള്‍ അടര്‍ത്തിയെടുത്തു. 

ഔദ്യോഗിക ചരിത്രത്തില്‍ അവരെ ‘നിന്ദ്യരായ നിധിവേട്ടക്കാര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.

അവശിഷ്ടങ്ങള്‍ തിരയാനല്ലാതെ വന്നവരും അവരുടേതായ നാശനഷ്ടങ്ങള്‍ വരുത്തി. 1870ല്‍ മുസ്ലീം റിബലുകള്‍ ഗുഹകളുടെ മുന്നിലെത്തി പ്രവേശനത്തിനു വച്ചിരുന്ന അനേകം തടി ഗോവണികള്‍ കത്തിച്ചു. ചില ചിത്രങ്ങളിലെ മുഖങ്ങള്‍ ചുരണ്ടി കളഞ്ഞതും അവരാണെന്ന് വിശ്വസിക്കപ്പെടുന്നു.

ബോള്‍ഷെവിക്കുകള്‍ക്കെതിരേ നടന്ന യുദ്ധത്തില്‍ ചൈനയിലേയ്ക്ക് തുരത്തപ്പെട്ട റഷ്യന്‍ പട്ടാളക്കാരെ 1921ല്‍ ചൈന താല്‍ക്കാലികമായി ഈ ഗുഹകളില്‍ തടവിലാക്കി. അവര്‍ നടത്തിയ വെടി വയ്പ്പിന്‍റെയും ചുവരില്‍ ചെയ്ത ഗ്രാഫിറ്റിയുടെയും അടയാളങ്ങള്‍ ചില ഗുഹകളില്‍ ഇപ്പൊഴും കാണാം.

എന്നാല്‍ ചൈനയുടെ സാംസ്കാരിക വിപ്ലവ കാലത്ത് ചരിത്രം ഇവയോട് ദയവു കാണിച്ചു. ഗുഹകള്‍ നശിപ്പിക്കാന്‍ ഒരുമ്പെട്ട റെഡ് ഗാര്‍ഡുകളെ തടയാന്‍ ജൂ എന്‍ലായിയുടെ നിര്‍ദ്ദേശപ്രകാരം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികരും പോലീസുകാരും എത്തി.

1,000 വര്‍ഷങ്ങള്‍ കൊണ്ട് പാറ തുരന്നുണ്ടായ 735 ഗുഹകളാണ് ഇന്ന് അവശേഷിക്കുന്നത്. 500ഓളം ഗുഹകളില്‍ ചുവര്‍ച്ചിത്രങ്ങളുണ്ട്. അലങ്കരിക്കാത്ത ഗുഹകള്‍ ധ്യാനത്തിനുള്ളവയായിരുന്നു. 2,000ത്തിലധികം ശില്‍പ്പങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ലോകമെമ്പാടുമുള്ള പങ്കാളികളുടെ സഹായത്തോടെ ഡുന്‍ഹ്വാങ് അക്കാദമി ഒരു വന്‍പിച്ച ‘ഡിജിറ്റല്‍ ആര്‍ക്കൈവിങ് പ്രോജക്റ്റ്’ നടപ്പിലാക്കുകയാണിപ്പോള്‍. ഗുഹകളുടെയും അതിലുണ്ടായിരുന്നവയുടെയും എല്ലാം ഫോട്ടോകള്‍ എടുക്കുന്നു. ചിത്രങ്ങളും ശില്‍പ്പങ്ങളും ലിഖിതങ്ങളുമായി 40,000ത്തിലധികം ആര്‍ട്ട് വര്‍ക്കുകള്‍ ലോകമെമ്പാടും ചിതറിക്കിടക്കുകയാണ്; അവയെ ഒന്നിച്ചു കൊണ്ടുവന്ന് എന്നന്നേക്കുമായി സംരക്ഷിക്കുവാനുള്ള വഴിയാണ് ഇതെന്ന് വാങ് പറയുന്നു.

“ലോകം ഒരു വലിയ കുടുംബമാകുന്ന കാലത്ത് അവയ്ക്കു മോഗാഒ ഗുഹകളില്‍ തിരിച്ചെത്തി ഇവിടെയുള്ള മറ്റ് സ്മാരകങ്ങളോട് ചേരാനാകും എന്നു തന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം പലപ്പോഴും ക്രൂരമാണല്ലോ. ഡിജിറ്റലൈസേഷന്‍ വഴി അവയെ ഇന്‍റര്‍നെറ്റ് കുടുംബത്തില്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യം നേടാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍