UPDATES

ദിലീപ്, ഇപ്പോള്‍ അഡ്വ. സിപി ഉദയഭാനു; തകരുന്ന പൊതുസമ്മതികള്‍

മുഖ്യമായും മൂന്നു മാഫിയകളാണ് കേരളത്തിലെ ക്രിമിനല്‍ ലോകം ഭരിക്കുന്നത്. ക്വാറി, മണല്‍, റിയല്‍ എസ്റ്റേറ്റ്

നടിയെ ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ ആയതിന് പിന്നാലെ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഉന്നത ബന്ധമുണ്ട് എന്നു കരുതപ്പെടുന്ന മറ്റൊരു ക്വട്ടേഷന്‍ കുറ്റകൃത്യം കൂടി.

കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ പ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. സി പി ഉദയഭാനുവിന് ബന്ധമുണ്ട് എന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രാജീവിനെ പിടികൂടി ചില രേഖകള്‍ ഒപ്പിക്കാന്‍ സിപി ഉദയഭാനു നിര്‍ദേശം നല്‍കി എന്ന് ഇന്നലെ പിടികൂടിയ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് ചക്കര ജോണിയും കൂട്ടാളി രഞ്ജിത്തും മൊഴി നല്കിയതായാണ് വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പോലീസിന് ശേഖരിക്കേണ്ടതുണ്ട്.

“സംശയത്തിന്റെ നിഴലിലുള്ളയാള്‍ ഉന്നതനായതിനാല്‍ കൃത്യമായ തെളിവ് കിട്ടിയ ശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം” എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

“രാജീവിനെ കൊലപ്പെടുത്തിയ ഉടനെ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ട് എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകന്‍ ചാലക്കുടി ഡി വൈ എസ് പിയെ വിളിച്ചതെന്നുമാണ് പോലീസ് കരുതുന്നത്” മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു. ചാലക്കുടിക്കടുത്ത പരിയാരം തവളപ്പാറയിലെ വീട്ടില്‍ ഒരാള്‍ മരിക്കാറായി കിടപ്പുണ്ടെന്ന് ഉദയഭാനുവാണ് ചാലക്കുടി ഡി വൈ എസ് പി ഷാഹുല്‍ ഹമീദിനെ വിളിച്ചറിയിച്ചത്. ഈ കോള്‍ പോലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നും മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ ജോണിയില്‍ നിന്നും അഭിഭാഷകനില്‍ നിന്നും ഭീഷണി ഉണ്ട് എന്നു കാണിച്ചു രാജീവ് ചാലക്കുടി കോടതിയില്‍ ഹരജി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സരക്ഷണം നല്‍കണം എന്ന ഉത്തരവും ഉണ്ടായിരുന്നു. ഇതാണ് അഭിഭാഷകനിലേക്ക് സംശയത്തിന്റെ മുന നീളാനുള്ള പ്രധാന കാരണം.

പ്രമാദമായ ക്വട്ടേഷന്‍ കേസുകളുടെ ഗണത്തിലേക്കാണ് ചാലക്കുടി കേസും നീങ്ങുന്നതെന്നാണ് സൂചന.

2009 ആഗസ്റ്റ് 21ന് രാത്രി 12.15നു ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പൊങ്ങ ജംഗ്ഷനു സമീപം മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിച്ചതായിരുന്നു ഈ അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസും ക്വട്ടേഷന്‍ സംഘങ്ങളും ഒക്കെ ഉള്‍പ്പെട്ട കേസ് കേരള പോലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദ് ആണ് ക്വട്ടേഷന്‍ നല്കിയത് എന്നു തെളിയുകയുണ്ടായി. സിബിഐ ഈ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസ് ഇപ്പൊഴും ഇഴഞ്ഞു നീങ്ങുകയാണ്.

ഏറ്റവും ഒടുവില്‍ നടിയെ ആക്രമിച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്കിയ കേസില്‍ നടന്‍ ദിലീപ് പിടിയിലായതും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്തു.

ഇപ്പോള്‍ ചാലക്കുടി കൊലപാതകത്തില്‍ അഡ്വ. സിപി ഉദയഭാനു സംശയത്തിന്റെ നിഴലില്‍ ആകുമ്പോള്‍ തകര്‍ന്നു വീഴുന്നത് മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന പൊതു സമ്മതിയുടെ മുഖംമൂടിയാണ്. സാമൂഹ്യ-നിയമ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെടുന്ന അഭിഭാഷകനാണ് സി പി ഉദയഭാനു. ചര്‍ച്ചകളില്‍ ന്യായത്തിന്റെയും നിയമത്തിന്റെയും പക്ഷത്തു നിന്നിട്ട് സംസാരിക്കുന്ന ഉദയഭാനുവിനെ ആണ് ചാനല്‍ പ്രേക്ഷകരായ മലയാളികള്‍ കണ്ടിട്ടുള്ളത്.

തൃശൂര്‍ ശോഭാ സിറ്റിയില്‍ വെച്ചു സെക്യൂരിറ്റിയായ ചന്ദ്ര ബോസിനെ അതിക്രൂരമായി ചവിട്ടിയും വണ്ടി ഇടിച്ചും കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിന് ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സി പി ഉദയഭാനുവിന്റെ പങ്ക് എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ ജിഷ്ണു പ്രണോയ് കേസില്‍ ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടത് സി പി ഉദയഭാനുവിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂറ്റര്‍ ആയി നിയമിക്കണം എന്നാണ്. ഡിജിപി ഓഫീസിന് മുന്പില്‍ ക്രൂരമായി കയ്യേറ്റം ചെയ്യപ്പെട്ട ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സമരം ഒത്തു തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ മധ്യസ്ഥനായി പോയതും സിപി ഉദയഭാനുവാണ്.

പോലീസിന് കിട്ടിയ സൂചനകള്‍ ശരിയാണെങ്കില്‍ മറ്റൊരു ബിംബം കൂടിയാണ് മലയാളിയുടെ മുന്‍പില്‍ തകര്‍ന്നു വീഴാന്‍ പോകുന്നത്.

കൂടാതെ നിയമത്തിന്റെ കാവലാളുകള്‍ ആകേണ്ട അഭിഭാഷകര്‍ കുറ്റവാളികള്‍ ആകുന്ന പ്രവണത കേരളത്തില്‍ കൂടി വരുന്നുണ്ട് എന്ന യാഥാര്‍ഥ്യവും തിരിച്ചറിയേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത് തന്നെ ഒരു ഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം തൃശൂരില്‍ ജ്യോതിഷ് എന്ന അഭിഭാഷകന്‍ ഒരു യുവഎഞ്ചിനീയര്‍ക്ക് ക്വട്ടേഷന്‍ നല്കിയത് റോഡില്‍ പിന്നില്‍ നിന്നും ഹോണ്‍ അടിച്ചത് ഇഷ്ടപ്പെടാഞ്ഞിട്ടായിരുന്നു. തളിപ്പറമ്പിലെ ഒരു വയോധികന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചതും ശൈലജ എന്ന അഭിഭാഷകയായിരുന്നു.

ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ ഇനിയും ഉണ്ടാകാം. ഉദയഭാനുവിനെ പോലുള്ള പൊതുസമ്മതിയുള്ള ആളുകള്‍ ഇത്തരം കടുത്ത ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാണ് എന്ന ആരോപണം ‘കേരളം എത്രത്തോളം മാഫിയ വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ്.

മുഖ്യമായും മൂന്നു മാഫിയകളാണ് കേരളത്തിലെ ക്രിമിനല്‍ ലോകം ഭരിക്കുന്നത്. ക്വാറി, മണല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍. ഇവരെല്ലാം പരസ്പര ബന്ധിതരുമാണ്. ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ പണം കുന്നുകൂടുന്ന സമൂഹത്തില്‍ അധികാരം അവര്‍ക്ക് തണലായി നില്‍ക്കും എന്നുള്ളതാണ് കേരളം പോലുള്ള സമൂഹം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

Also Read: ദിലീപിലൂടെ വെളിപ്പെടുന്ന കേരളം എന്ന ക്രൈം സ്റ്റേറ്റ്

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കണ്ണൂരില്‍ നിന്നാരംഭിക്കുന്ന ജനരക്ഷാ യാത്ര ആഘോഷമാക്കിയിരിക്കുകയാണ് മാതൃഭൂമി. ഒന്നാം പേജില്‍ അമിത് ഷാ വരുന്നു എന്ന വാര്‍ത്ത അടക്കം നാല് വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് നല്കിയിട്ടുള്ളത്. “കേരളത്തില്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രവും തന്ത്രപരവുമായ രാഷ്ട്രീയ യജ്ഞത്തിന്റെ തുടക്കം കുറിക്കലാവും ജനരക്ഷായാത്രയെന്ന്” കണ്ണൂരില്‍ നിന്നും ദിനേശന്‍ കൊമ്പിലാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. “ചുവപ്പ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും” എന്ന മുദ്രാവാക്യത്തില്‍ കേരളത്തിനെ തൊടുന്ന തന്ത്രമുണ്ട് എന്നാണ് റിപ്പോര്‍ട്ടറുടെ വ്യാഖ്യാനം.

Also Read: അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

അമേരിക്കയില്‍ തുടരുന്ന തോക്ക് ഭീകരത തന്നെയാണ് എല്ലാ പത്രങ്ങളിലെയും മുഖ്യ വാര്‍ത്ത. ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ ഇന്നലെ നടന്ന കൂട്ടക്കുരുതിയില്‍ 58 പേര്‍ കൊല്ലപ്പെടുകയും 400ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Also Read: ആരാണ് ലാസ് വേഗാസിലെ കൊലയാളി?

അമേരിക്കയെ ഉടന്‍ തന്നെ ഒരു മനോരോഗ വിദഗ്ദനെ കൊണ്ട് ചികിത്സിക്കണം. അത്രയേറെ അരാജകത്വത്തിലൂടെയാണ് ആ നാട് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ സിപിഎമ്മുകാര്‍ മാവോയിസ്റ്റുകളെ പോലെ പെരുമാറുന്നെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് എന്നാണ് പിണറായി പറഞ്ഞത്. മാവോയിസവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധം അറിയാത്തയാളാണ് കേന്ദ്രമന്ത്രി എന്നായിരുന്നു കൊടിയേരിയുടെ പ്രതികരണം.

സംസ്ഥാനത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ഇന്നാരംഭിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന വാര്‍ത്ത. ഒമ്പതു മാസം മുതല്‍ പതിനഞ്ചു വയസുവരെയുള്ള 76 ലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2020 ഓടെ മീസില്‍സ് റൂബെല്ല രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Read More: എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ ഇന്നാരംഭിക്കും; രണ്ട് ഗുരുതര രോഗങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഉദ്യമത്തില്‍ പങ്കുചേരാം

നവരാത്രി ആഘോഷത്തിന്റെ ഇടയില്‍ ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ ജാതിക്കാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്തയാണ് ദേശീയ തലത്തില്‍ നിന്നും വരുന്നത്. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ 21കാരനായ ജയേഷ് സോളങ്കിയാണ് കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്ന് ചുവപ്പ് ജിഹാദിനെതിരെ ജാഥ നയിക്കാന്‍ കേരളത്തില്‍ എത്തുന്ന അമിത് ഷായുടെയും നാടാണ് ഗുജറാത്ത്. കേരളത്തിലെ നടത്തം കഴിഞ്ഞു സവര്‍ണ്ണ ജിഹാദിനെതിരെ അമിത് ജി ഗുജറാത്തില്‍ ജാഥ നടത്തുമോ?

കഴിഞ്ഞ ദിവസം 300 ഓളം ദളിതരാണ് ഗുജറാത്തില്‍ ബുദ്ധമത്തില്‍ ചേര്‍ന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ എന്താണെന്ന് വ്യക്തമാകാന്‍ ഈ ഉദാഹരണം മാത്രം പോരേ?

അല്ലേ ഭാഗവത് ജി, രാഹുല്‍ ഈശ്വര്‍ ജി, സുരേഷ് ഗോപി ജി?

Read More: ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍