UPDATES

പുതുവത്സരാശംസകള്‍; 2016 ഇങ്ങനെയൊക്കെയായിരുന്നു; 2017 അങ്ങനെ ആകാതിരിക്കട്ടെ

ജീവിതത്തിന്റെ ഉത്പാദനക്ഷമമായ നല്ലൊരു ഭാഗം ബാങ്കിനും എടിഎമ്മുകള്‍ക്കു മുന്നിലും ക്യൂ നിന്ന് നശിക്കേണ്ടി വരുന്ന ഇന്ത്യക്കാരോടാണ് ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ നമ്മള്‍ ചോദ്യം ചെയ്യപ്പെടുകയും ഇല്ലാതാക്കപ്പെടുകയും എന്ന് ആശങ്കപ്പെടുന്ന ഒരു കാലത്ത് നിന്നുകൊണ്ട്.

സുഹൃത്തുക്കളെ, പ്രിയപ്പെട്ട വായനക്കാരെ

അല്‍പ്പം താമസിച്ചതില്‍ ക്ഷമാപണം. പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് നമ്മള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി അഴിമുഖം നിങ്ങള്‍ ഓരോരുത്തര്‍ക്കൊപ്പവുമുണ്ട്. ഒരു പുതുവര്‍ഷത്തേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങളോരോരുത്തര്‍ക്കുമൊപ്പം സന്തോഷത്തിന്റേയും കൂടിച്ചേരലുകളുടേയും സഹവര്‍ത്തിത്തിന്റേയും സഹിഷ്ണുതയുടേയും സമയമായാണ് നമ്മളും ഇതിനെ ആഘോഷിക്കുന്നത്.

ഏറെക്കാലത്തെ അടിമത്തത്തിന്റേയും ജാതി, മത, വംശീയ വെറികളെയൊക്കെയും അതിജീവിച്ച് ഇന്നും ഒരു ജനാധിപത്യ സമൂഹമായി നാം നിലനില്‍ക്കുന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. നമുക്ക് ലോകത്തിലേക്കും വച്ച് ഏറ്റവും മെച്ചപ്പെട്ടതെന്നു പറയാവുന്ന ഒരു ഭരണഘടനയുണ്ട്, ജനാധിപത്യ സംവിധാനത്തില്‍ ആവശ്യമായ എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകളും ഉണ്ട്, അവയൊക്കെ അവയുടേതായ കടമകള്‍ നിര്‍വഹിക്കുന്നുമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വിവിധ കലാപങ്ങള്‍, സാമുദായിക പ്രശ്‌നങ്ങള്‍, തീവണ്ടി അപകടങ്ങള്‍, മനുഷ്യരുടെ ഉപേക്ഷ മൂലമുള്ള ജീവനാശങ്ങള്‍ അങ്ങനെ ഒരുപാട് ചോര നമുക്കിടയില്‍ ഒഴുകിയിട്ടുമുണ്ട്. പക്ഷേ എപ്പോഴും ഇന്ത്യ എന്ന സ്വത്വം മുറുകെപ്പിടിക്കാനും അഭിമാനത്തോടു കൂടി ഇത്രയുമധികം വൈവിധ്യവും നാനാത്വവും നിറഞ്ഞ ഒരു സമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താനും നമുക്ക് കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. അങ്ങനെ നോക്കുമ്പോള്‍ ഒരു പക്വമായ ജനാധിപത്യത്തിലേക്ക് ഇന്ത്യ നീങ്ങുന്നു എന്നു പറയുന്നതില്‍ തെറ്റില്ല;

പക്ഷേ,

എന്തുകൊണ്ടാണ് നമുക്ക് ഈയൊരു വേളയില്‍ പക്ഷേ എന്നു പറയേണ്ടി വരുന്നത് എന്നത് വളരെ പ്രധാനമാണ്. കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയാര്‍ജിക്കല്‍ എന്ന സ്വാഭാവിക പരിണതി തടസപ്പെടുന്ന ഒരുപാട് കാര്യങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത് എന്ന ഉറപ്പോടു കൂടിത്തന്നെയാണ് ഞങ്ങള്‍ ഇത് പറയുന്നത്. ഇത് ഇന്ത്യ മാത്രം അനുഭവിക്കുന്ന, അല്ലെങ്കില്‍ നേരിടുന്ന പ്രശ്‌നങ്ങളല്ല. ലോകം മുഴുവനുണ്ട്, നമ്മുടെ പ്രകൃതിയിലുണ്ട്, നമ്മള്‍ കുടിക്കുന്ന വെള്ളത്തിലും നമ്മള്‍ ശ്വസിക്കുന്ന വായുവിലും ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന നമ്മുടെയൊക്കെ ജീവിതത്തിലും അതുണ്ട്. അതാണ് യാഥാര്‍ഥ്യം. അതിനെ മറച്ചുവച്ചിട്ടു കാര്യമില്ല.

കാരണം, എന്നെങ്കിലും നമ്മള്‍ അറിഞ്ഞിരുന്നോ, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എത്യോപ്യയിലെ ചില ഗ്രാമങ്ങളില്‍ നിന്ന് പുറപ്പെട്ട നമ്മള്‍ ഇന്ന് മനുഷ്യര്‍ എന്നു വിളിക്കുന്ന ജീവിവര്‍ഗം കടലും സമുദ്രങ്ങളും പര്‍വതങ്ങളും താണ്ടി ഈ ലോകം കീഴടക്കുമെന്ന്? മാനവരാശിയെന്ന നിലയില്‍ നാം ഈ ഭൂഗോളത്തിന്റെ ഒരു ഭാഗമായ ഭൂമിയെ കീഴടക്കുമെന്ന്?

നമ്മുടെ പൂര്‍വികര്‍ അറിഞ്ഞിരുന്നോ നമ്മള്‍ ആ ഭൂമിയെ കീഴടക്കി അതും കഴിഞ്ഞ് ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന്? നമ്മള്‍ അറിഞ്ഞിരുന്നോ നമ്മുടെയൊക്കെ സ്വീകരണ മുറികളിലിരുന്ന് ചൊവ്വയുടെ പ്രതലം നമ്മള്‍ നേരിട്ടെന്നവണ്ണം കാണുമെന്ന്?

നമ്മള്‍ അിഞ്ഞിരുന്നോ നമ്മുടെ പൂര്‍വികര്‍ ഒരിക്കല്‍ കടന്നു പോന്ന സമുദ്രങ്ങള്‍ക്കടിയില്‍ കൂടി നാം കേബിളുകള്‍ വലിക്കുമെന്ന്? ലോകം ഒരു ഗ്രാമം എന്ന നിലയില്‍ നമ്മുടെ കൈവെള്ളയില്‍ ചുരുങ്ങുമെന്ന്?

നമ്മള്‍ ഒരിക്കലും അറിഞ്ഞില്ല, അങ്ങനെ ജീവരക്ഷാര്‍ഥം പലയിടങ്ങളിലേക്ക് കുടിയേറിയ മനുഷ്യരുടെ പൂര്‍വികര്‍ക്ക് കലയും സാഹിത്യവുമൊക്കെ ഉണ്ടാവുമെന്ന്. അവ ഭരണകൂടങ്ങളെ പിടിച്ചു കുലുക്കുമെന്ന്. അടിമത്തത്തിന്റെ എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയാന്‍ അതവരെ പ്രാപ്തരാക്കുമെന്ന്. നമുക്കറിയില്ലായിരുന്നു മാനവരാശി ഇന്നെത്തി നില്‍ക്കുന്ന, എന്തും കീഴടക്കാമെന്നുമുള്ള നമ്മുടെ ആത്മവിശ്വാസത്തെ ഇത്രയധികം എത്തിക്കുമെന്ന്.

അതുകൊണ്ടു തന്നെ ആ അതിജീവനത്തിന്റെ താളം, മന്ത്രം, സ്വാഭാവികത നമ്മുടെ ജീവിതത്തിലുണ്ട്. എന്തുകൊണ്ട് മുന്നോട്ടുളള ഓരോ നിമിഷവും കടന്നുപോയ ദുരന്തങ്ങളെ, അതിന്റെ ചരിത്രാവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ നമുക്ക് കഴിയണമെന്ന് പറയുന്നത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷികമാണ്. അതുകൊണ്ട് തന്നെ ഇനിയൊരു 2016 അല്ല നമുക്ക് വേണ്ടത്, മറിച്ച് 2016 എന്തൊക്കെയായിരുന്നോ അതാവരുത് ഒരിക്കലും നമ്മുടെ 2017.

ഒരിക്കലും ഒരു വിദ്യാര്‍ഥിക്ക് നമ്മുടെ ക്യാമ്പസുകളില്‍ ആത്മഹത്യ ചെയ്യേണ്ടി വരരുത്. ഒരു വിദ്യാര്‍ഥിയേയും നമ്മുടെ ക്യാമ്പസുകളില്‍ നിന്ന് കാണാതാവുന്ന അവസ്ഥ ഉണ്ടാവരുത്. നമ്മള്‍ കടന്നു പോന്ന ജനുവരിയിലാണ് രോഹിത് വെമൂലയെന്ന ദളിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയേണ്ടി വന്നത്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്നതിനെതിരെ രോഹിതിന്റെ അമ്മയ്ക്ക് പ്രക്ഷോഭവുമായി തെരുവിലിറങ്ങേണ്ടി വന്നത് ഒരിക്കലും 2017-ലും നമുക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ല. നമ്മള്‍ മുകളില്‍ സൂചിപ്പിച്ച മാനവരാശിയുടെ മുഴുവന്‍ നേട്ടങ്ങളെയും അപ്രസക്തമാക്കുന്ന ഒന്നാണത്.

നമ്മുടെ ഓരോരുത്തരുടേയും വീടുകളില്‍ നിന്ന് പഠിക്കാന്‍ പോയ അവര്‍ക്ക് സ്വതന്ത്ര ചിന്തയും സ്വന്തമായ അഭിപ്രായവും സ്വത്വബോധവും ആരുടെ മുന്നിലും നിവര്‍ന്നു നില്‍ക്കാനുള്ള തന്റേടവുമുണ്ടായി എന്നതുകൊണ്ട് അവരെങ്ങനെയാണ് രാജ്യദ്രേഹികളാക്കി മുദ്ര കുത്തപ്പെട്ടത്? രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയെ രാജ്യദ്രോഹികളുടെ കൂടാരമെന്ന് അടച്ചാക്ഷേപിച്ച് അവരെ ജീവിക്കാന്‍ അനുവദിക്കാതിരുന്നത്? അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടത്? ലിബറലായ എല്ലാ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നതിന് നാം സാക്ഷ്യം വിഹിച്ച ഒരു വര്‍ഷമേല്ലേ ഈ 2016?

അതേ ജനുവരിയിലാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ് അവിടുത്തെ തോക്ക് ഭീകരതയുടെ ഇരകളായ നിരപരാധികളെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കേണ്ടി വന്നത്. ഓര്‍ക്കുക ആ ബരാക് ഒബാമയും ഈ 2016-ല്‍ നമ്മുടെ സാമൂഹിക ക്രമത്തില്‍ നിന്ന് ഒഴിവാകുകയാണ്.

ഓര്‍ക്കുക, നമ്മുടെ സമൂഹം ഇതേ 2016-ല്‍ അമേരിക്കയില്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഡൊണാള്‍ഡ് ട്രംപിനെയാണ്. അപര വിദ്വേഷവും അന്യ മതസ്ഥരോടും അന്യരാജ്യക്കാരോടുമുള്ള വെറുപ്പും സ്ത്രീ വിരുദ്ധമായ നിലപാടുകളുമുള്ള ഒരാളാണ് ഇന്ന് ആ രാജ്യം ഭരിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ തന്നെ വന്നു തുടങ്ങി. 2017 ഇങ്ങനെയാകണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?

ഒരാചാരമെന്നോണം നമ്മള്‍ കൊണ്ടുനടക്കുന്ന കുറെയെധികം മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങള്‍ക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല 2016 എന്നോര്‍മുണ്ടല്ലോ. പെണ്‍ഭ്രുണഹത്യ, സ്ത്രീധന മരണങ്ങള്‍, ആസിഡ് അറ്റാക്ക്, സ്ത്രീകള്‍ക്കെതിരെയുള്ള വിലക്കുകള്‍ എന്താണ് നമ്മുടെ സമൂഹം നമ്മുടെ സ്ത്രീകളോട് ചെയ്തുകൊണ്ടിരിക്കുന്നത്? ആരാധനാലയങ്ങളില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത്, പുരുഷനു മുന്നില്‍ ഇന്നും ആര്‍ജവത്തോടെ സംസാരിക്കുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുന്നത്, നമ്മുടെ സിനിമകളിലും മറ്റ് വിനോദോപാധികളിലുമൊക്കെ പരിഹാസ്യപാത്രമായി അവര്‍ക്ക് മാറേണ്ടി വരുന്നത്? ആ ഒരു 2016-ന്റെ തുടര്‍ച്ചയാകണോ നമ്മുടെ 2017ഉം?

നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒളിമ്പിക്‌സ് നടന്നതും ഈ 2016-ലായിരുന്നു. നമ്മുടെ പെണ്‍കുട്ടികളാണ് ഇന്ത്യയുടെ അഭിമാനം കാത്തത്. ഓര്‍ക്കുക അതിലൊരു പേര്- സാക്ഷി മാലിക്. പെണ്‍ഭ്രൂണഹത്യക്ക് പേരു കേട്ട സംസ്ഥാനമായ ഹരിയാനയില്‍ നിന്നു വരുന്ന പെണ്‍കുട്ടി. അവരാണ് ഗോദയില്‍ ഇന്ത്യയുടെ അഭിമാനം കാത്തത്. ഒപ്പം, ഒളിമ്പിക്‌സ് അസോസിയേഷന് പരസ്യമായി ശാസിക്കേണ്ടി വന്ന, പുറത്താക്കുമെന്ന് ഭീഷണി മുഴക്കേണ്ടി വന്ന ഒരു കായിക മന്ത്രിയാണ് നമുക്കുള്ളത്. ആ കായിക മന്ത്രി- വിജയ് ഗോയല്‍-ന്റെ നേതൃത്വത്തിലാണ് നാം നമ്മുടെ കായിക മേഖല പുഷ്ടിപ്പെടുത്താന്‍ നോക്കുന്നത്. ആ കായിക മേഖലയിലാണ് അഴിമതി കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സുരേഷ് കല്‍മാഡി അടക്കമുള്ളവര്‍ വീണ്ടും വാഴാന്‍ നോക്കുന്നത്. ഇതായിരിക്കണോ നമ്മുടെ 2017?

ജിഷ എന്ന പെണ്‍കുട്ടി ആരുമാകാം. പ്രത്യേകിച്ച് ഇന്ത്യന്‍ അവസ്ഥയില്‍. എന്നാല്‍ കേരളം പോലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ ഇത്രയധികം ഉന്നതി പ്രാപിച്ചുവെന്ന കരുതുന്ന ഒരു സമൂഹത്തിലാണ് ഒരു ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെടുന്നത്; അവരുടെ നീതിക്ക് വേണ്ടി നമുക്ക് മുറവിളി കൂട്ടേണ്ടി വരുന്നത്. ആ 2016 ആണോ നമുക്ക് വേണ്ടത്? ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പോലീസ് ചെയ്യുന്നത് എന്തായിരിക്കുമെന്ന് കൃത്യമായി പറയാനാകും. അവര്‍ പുതുവത്സാരാഘോഷങ്ങളുടെ പേരില്‍ കൊച്ചി അടക്കമുള്ള കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലേയും മനുഷ്യരെ വീണ്ടും കൂട്ടിലടയ്ക്കാനുള്ള തത്രപ്പാടിലാകും. അടുത്ത 2017 കടന്നു പോകുമ്പോഴും പോലീസ് നിശ്ചയിക്കുന്ന ഒരു സമൂഹമായി മാറേണ്ടതുണ്ടോ എന്ന് നമ്മള്‍ ആലോചിക്കേണ്ടതില്ലേ?

കേരളത്തിലെ എത്ര സ്ത്രീകളുണ്ടാകും പോലീസുമായി ഒരിക്കലെങ്കിലും ഇടപെടേണ്ടി വന്നിട്ട് അപമാനിതരായി പോകാത്തതായിട്ടുള്ളത്? പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന ഒരു സ്ത്രീയോട് ആരു പീഡിപ്പിച്ചപ്പോഴാണ് കൂടുതല്‍ സുഖം തോന്നിയത് എന്നു ചോദിച്ച പേലീസ് ഉദ്യോഗസ്ഥനും നമ്മുടെ 2016-ന്റെ സംഭാവനയാണ്.

ആ പോലീസ് ഇന്ന് നമ്മുടെയൊക്കെ ജീവിതം തന്നെ തീരുമാനിക്കുന്ന വിധത്തില്‍ മാറിയിരിക്കുന്നു. ഓര്‍ത്തു നോക്കൂ. മാവോയിസ്റ്റുകളെന്ന പേരില്‍ രണ്ടു മനുഷ്യജീവനുകളെ ഇല്ലാതാക്കിയത് ഈ കേരളത്തില്‍ തന്നെയാണ്. അതും 2016-ല്‍. എന്നുമുതലാണ് നമുക്ക് വ്യത്യസ്ത ആശയധാരകളോട് സഹിഷ്ണുത ഇല്ലാതായിത്തുടങ്ങിയത്? ഭിന്നാഭിപ്രായമുള്ളവരെ ഇല്ലാതാക്കുക എന്നതിലേക്ക് നാം മാറിയത്?

എങ്ങനെയാണ് ദേശീയഗാന സമയത്ത് എഴുന്നേറ്റു നിന്നില്ല എന്നതിന്റെ പേരില്‍ ചിലരുടെ പരാതിയുടെ പേരില്‍ തീയേറ്ററില്‍ കയറി പോലീസിന് അറസ്റ്റ് നടത്താനാവുക? ഈ 2016-ലാണ്. എങ്ങനെയാണ് കേരളം അറിയുന്ന ഒരു സിനിമാ സംവിധായകന്റെ വീട്ടിലേക്ക് ഈ പ്രശ്‌നത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുക? ദേശീയഗാനത്തെ മുഴുവന്‍ അപമാനിച്ചുകൊണ്ട് പ്രതിഷേധമായി അവിടെ ജനഗണമന പാടുക? അതിന് പോലീസ് മൂകസാക്ഷിയായി നില്‍ക്കുക?

എങ്ങനെയാണ് എം.ടി വാസുദേവന്‍ നായര്‍ എന്ന മലയാളി സ്വത്വത്തിന്റെ പതാകവാഹകനായ എഴുത്തുകാരനെ അദ്ദേഹം പ്രധാനമന്ത്രിയുടെ നോട്ട് നിരോധന നിയമം ശുദ്ധ ഭോഷ്‌കായിരുന്നു എന്നു പറഞ്ഞതിന്റെ പേരില്‍ പുലഭ്യം പറയാനാകുക? ഇതൊക്കെ 2016-ല്‍ തന്നെയായിരുന്നു. എഴുത്തിന്റെ പേരില്‍, വെറും സംശയത്തിന്റെ പേരില്‍ മനുഷ്യരെ അറസ്റ്റ് ചെയ്യുക, ദേശദ്രോഹ കുറ്റം ചുമത്തുക, അപമാനിക്കുക. ഈ 2016 ആണോ ഇനിയും ആവര്‍ത്തിക്കേണ്ടത്?

എത്രയാണ് നമുക്ക് വേണ്ടാത്ത കാര്യങ്ങള്‍ 2016-ല്‍ അവസാനിപ്പിക്കേണ്ടിയിരുന്നത്? നോട്ട് നിരോധനത്തെക്കുറിച്ച് നാം ഏറെ പറഞ്ഞു കഴിഞ്ഞു. എന്നാണ് നമ്മുടെ പ്രധാനമന്ത്രി അദ്ദേഹം നടപ്പാക്കുന്ന കാര്യങ്ങളിലെങ്കിലും അക്കാര്യങ്ങളെക്കുറിച്ച് ബോധമുള്ളവരുടെ ഉപദേശം തേടുക?

ഇന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം അടുത്ത വര്‍ഷം വീണ്ടും വേണ്ടി വരുമോ? അതായത്, പ്രസവത്തോട് അനുബന്ധിച്ച് ദിവസം 120 സ്ത്രീകളില്‍ കൂടുതല്‍ മരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത് എന്ന്. 2013-ല്‍ 6000 രൂപാ വീതം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നല്‍കാന്‍ നിയമം പാര്‍ലമെന്റില്‍ തന്നെ പാസാക്കിയിട്ടും എന്തുകൊണ്ട് നടപ്പാക്കിയില്ല? ഈ വൈകിയ വേളയിലാണോ അദ്ദേഹത്തിന് ബോധോദയം ഉണ്ടായത്? അതെന്തു കൊണ്ട് ഉണ്ടായി? ഈ 2016-ലേതു പോലെ ആയിരക്കണമോ നമ്മുടെ അടുത്ത വര്‍ഷവും?

അമ്മമാരെപ്പോലെ തന്ന കുട്ടികളും ഈ 2016-ന്റെ തീരാദുരിതങ്ങളാണ്. കടല്‍ത്തിരത്തടിഞ്ഞ അയ്‌ലാന്‍ ഖുര്‍ദിയെ ഓര്‍മയുണ്ടോ? അവിടെ കൊല്ലപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളെ? ഹോണ്ടുറാസ്, നൈജീരിയ, കെനിയ, ലിബിയ, ഇറാഖ്… പട്ടിക നീളുകയാണ്. ഈ രാജ്യങ്ങളിലൊക്കെ കൊല്ലപ്പെട്ട കുട്ടികള്‍, മുതിര്‍ന്നവര്‍ എത്രയാണ്? ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭ്രാന്തന്‍ സംഘടന നമ്മുടെയൊക്കെ ജീവിതത്തില്‍ വിതച്ചിട്ടുള്ള ഭീതി എത്രമാത്രമാണ്? അവര്‍ കൊന്നൊടുക്കിയ ജീവിതങ്ങള്‍ എത്രയാണ്? അഭയാര്‍ഥികള്‍ എത്രയാണ്? ഈ 2016 തന്നെയാണോ നമുക്ക് 2017-ലും വേണ്ടത്?

അതിജീവനത്തിനു വേണ്ടി പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന ജോലി ചെയ്തതിന്റെ പേരിലാണോ ഗുജറാത്തിലെ ഉനയില്‍ നാലു ചെറുപ്പക്കാരെ പരസ്യമായി ശിക്ഷയ്ക്ക് വിധേയമാക്കിയത്? രണ്ടു പേരെ കെട്ടിത്തൂക്കിയത്? ആള്‍ക്കൂട്ടം നീതി നടപ്പാക്കുന്ന ആ 2016 തന്നെയാണോ നമുക്ക് വേണ്ടത്? എവിടെയാണ് ഒരു ജനാധിപത്യ സമൂഹത്തിലെ നീതിന്യായ വ്യവസ്ഥ?

അതോ ആ നീതിന്യായ വ്യവസ്ഥ എന്നാണ് നമ്മുടെ സമൂഹത്തിലേക്ക് നോക്കുന്നത്? വിനോദപരിപാടിയായ സിനിമ നടക്കുന്ന സ്ഥലത്ത് ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നതാണോ നമ്മുടെ ഭരണഘടനയുടെ സൂക്ഷിപ്പുകാരായ പരമോന്നത കോടതി ചെയ്യേണ്ടിയിരുന്നത്? എത്രയാണ് ഇവിടെ കെട്ടിക്കിടക്കുന്ന കേസുകള്‍? നീതി തേടി അലയുന്നവര്‍? എന്നാണ് നമ്മുടെ കോടതികളുടെ കണ്ണും കാതും തുറക്കുക? ഇങ്ങനെയുള്ള 2016 തന്നെയാണോ നമുക്ക് ഇനിയും വേണ്ടത്?

100-ലധികം പേരാണ് കാശ്മീരില്‍ കൊല്ലപ്പെട്ടത്? ആലോചിക്കണം- നമ്മള്‍ പറയുന്നത് മനുഷ്യ ജീവനുകളെക്കുറിച്ചാണ്. ഓരോ കുടുംബത്തിലേയും പറക്കമുറ്റിയതും അല്ലാത്തതുമായ ഒരുപാട് ജീവിതങ്ങളെക്കുറിച്ച്, അവരുണ്ടായിരുന്നെങ്കില്‍ എന്ന പ്രതീക്ഷയെക്കുറിച്ച്. 2016 ആ അര്‍ഥത്തില്‍ ചോര കൊണ്ടെഴുതിയ ഒരു വര്‍ഷമാണ്. ഇതാവര്‍ത്തിക്കണോ നമുക്കിനിയും?

സ്വന്തം പണത്തിനു വേണ്ടി ക്യു നില്‍ക്കുന്ന സാധാരണക്കാരെ പോലും പാഠം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു നമ്മുടെ സൈന്യം. പത്താന്‍കോട്ടും ഉറിയിലും അതിര്‍ത്തി പ്രദേശങ്ങളിലുമൊക്കെ പൊലിഞ്ഞു പോയ നമ്മുടെ സൈനികര്‍, അവരുടെ കുടുംബങ്ങള്‍… ആര്‍ക്കു വേണ്ടിയാണ് അവരെ ബലി കൊടുത്തത്? ഭരണകൂടങ്ങളുടെ താത്പര്യങ്ങള്‍്ക്കനുസൃതമായി നമ്മള്‍ സൃഷ്ടിക്കുന്ന വിധവകള്‍ എത്ര, അനാഥരായ കുട്ടികള്‍ എത്ര?

അന്യമത വിദ്വേഷം വളരെ ചെറുപ്പത്തിലേ നമ്മുടെ കുട്ടികളുടെ മനസില്‍ കുത്തിവയ്ക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തിലും പഠിപ്പിക്കുന്നുണ്ട് എന്ന് പീസ് സ്‌കൂള്‍ വിവാദത്തോടെ നാം അറിഞ്ഞതല്ലേ? 2017-ലും നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടത് അതാണോ?

അവസാനമായി ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി. പുറ്റൂര്‍ വെടിക്കെട്ട് അപകടത്തില്‍ കൊല്ലപ്പെട്ടത് 100-ലേറെപ്പേരാണ്. ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ മറിഞ്ഞ് മരിച്ചത് 150-ലേറെപ്പേരും. രണ്ടും 2016-ല്‍. എന്തുകൊണ്ടാണ് നമ്മുടെ ജനങ്ങളുടെ ജീവന് ഇത്രയധികം വിലയില്ലാണ്ടായി പോകുന്നത്?

ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഞങ്ങള്‍ക്കും ചോദിക്കാനുണ്ട്. ഈ കാര്യങ്ങള്‍ തന്നെയാണോ നാം 2017ലും പ്രതീക്ഷിക്കുന്നതെന്ന ചോദ്യവും അതിനൊപ്പമുണ്ട്. പക്ഷേ, മാധ്യമങ്ങളാണ് എല്ലാം എന്നുള്ള മുന്‍വിധിയൊന്നും ഞങ്ങള്‍ക്കില്ല. കാരണം ഇ ന്ത്യന്‍ ടി.വി സ്റ്റുഡിയോകളെള ഇത്രയധികം മലീമസമാക്കിയ അര്‍ണബ് ഗോസ്വാമി എന്നയാള്‍ ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ പദവി ഒഴിഞ്ഞതും പുതിയ ചാനല്‍ പ്രഖ്യാപിച്ചതും ഈ വര്‍ഷമാണ്. അതിന്റെയൊക്കെ അനന്തര ഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

സുഹൃത്തേ അപ്പോള്‍ ഒരിക്കല്‍ കൂടി പുതുവത്സരാംശകള്‍. നമ്മള്‍ പുതിയ വര്‍ഷത്തിക്കേ് കടന്നു കഴിഞ്ഞു. മുകളില്‍ സൂചിപ്പിച്ച ചില കാര്യങ്ങളെങ്കിലും 2017-ല്‍ ആവര്‍ത്തിക്കപ്പെടാതിരുന്നെങ്കില്‍ എന്ന് നിങ്ങേെപ്പാലെ ഞങ്ങളും ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ ഉത്പാദനക്ഷമമായ നല്ലൊരു ഭാഗം ബാങ്കിനും എടിഎമ്മുകള്‍ക്കു മുന്നിലും ക്യൂ നിന്ന് നശിക്കേണ്ടി വരുന്ന ഇന്ത്യക്കാരോടാണ് ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ നമ്മള്‍ ചോദ്യം ചെയ്യപ്പെടുകയും ഇല്ലാതാക്കപ്പെടുകയും എന്ന് ആശങ്കപ്പെടുന്ന ഒരു കാലത്ത് നിന്നുകൊണ്ട്.

അപ്പോള്‍ ഇതൊന്നുമല്ലാത്ത ഒരു 2017 നമ്മള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍