UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവര്‍ഷം പ്രതീക്ഷകളുടേതാണ്, നമ്മള്‍ വളരെ സൂക്ഷിക്കേണ്ടതുമുണ്ട്

Avatar

ടി എന്‍ ജി എന്ന ത്രയാക്ഷരി മാധ്യമപ്രവര്‍ത്തനത്തിലെ സാമൂഹിക മുഖമായിരുന്നു. മനുഷ്യനെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ചിന്തിച്ചും വ്യാകുലപ്പെട്ടും തന്റെ കര്‍മമേഖല കേവല വാര്‍ത്തസൃഷ്ടിക്കുള്ള ഒന്നാക്കി ഒതുക്കാതെ പ്രവര്‍ത്തിച്ചയാള്‍. ടി എന്‍ ഗോപകുമാര്‍ പറഞ്ഞതും എഴുതിയതും കാണിച്ചു തന്നതുമെല്ലാം നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന നഷ്ടം ഔപചാരികതയുടെ സ്ഥിരംപ്രയോഗത്തിന് അപ്പുറം നില്‍ക്കുന്നു.

കരുതലും ഉത്കണ്ഠയും പ്രതീക്ഷയുമായിരുന്നു ടി എന്‍ ഗോപകുമാര്‍ എന്നതിന് തെളിവാണ് 2016 നെ കുറിച്ചുള്ള ഈ ചെറിയ കുറിപ്പിലൂടെ അദ്ദേഹത്തെ നിരീക്ഷിക്കുമ്പോള്‍ വീണ്ടും മനസിലാകുന്നത്. പുതുവര്‍ഷ പ്രതീക്ഷകളെക്കുറിച്ച് അദ്ദേഹം അഴിമുഖവുമായി പങ്കുവച്ച ഹ്രസ്വമായ ഈ സംഭാഷണം ഏറെ പ്രസക്തമാണ്.

ടി എന്‍ ജി വിടപറയുമ്പോള്‍, ഒരിക്കല്‍ കൂടി ഈ ചെറുകുറിപ്പ് അഴിമുഖം വായനക്കാര്‍ക്കായി പുനഃപ്രസിദ്ധീകരിക്കുന്നു.

 

ടി എന്‍ ഗോപകുമാര്‍

കഴിഞ്ഞപോയത് അത്ര ശുഭകരമായ ഒരു വര്‍ഷമല്ലായിരുന്നു. ഫാസിസ്റ്റ് സ്വഭാവമുള്ള ഒട്ടേറെ പ്രവണതകള്‍, കൊലപാതകങ്ങള്‍.. അടിയന്തരാവസ്ഥകാലത്തെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങള്‍… തുടങ്ങി വല്ലാത്തൊരു വിപത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകളായിരുന്നു കഴിഞ്ഞ വര്‍ഷത്തില്‍ നാം കണ്ടത്. അതേസമയം ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പും കണ്ടു. കഴിഞ്ഞ കൊല്ലത്തില്‍ കണ്ട ദുഷ്പ്രവണതകള്‍ അവസാനിച്ചു എന്ന് ഇപ്പോഴും പറയാറായിട്ടില്ല. പലരീതിയിലുമവ ഇനിയും പ്രകടമാകാന്‍ സാധ്യതയുണ്ട്. ഭക്ഷണത്തില്‍ ഉള്‍പ്പെടെ ഓരോരോ കാര്യത്തിലായി വ്യക്തി ജീവിതത്തില്‍ ഇടപെടുന്ന ഫാസിസ്റ്റ് കരങ്ങളെ നാം കഴിഞ്ഞ വര്‍ഷം കണ്ടു. ചെറുത്തുനില്‍പ്പ് ശക്തമായതുകൊണ്ട് ഇപ്പോള്‍ അത്തരം അതിക്രമങ്ങള്‍ക്ക് ശമനം വന്നിട്ടുണ്ട്. എന്നാലും പുതിയ വര്‍ഷത്തിലും നാം വളരെ ജാഗരൂകരായി ജീവിക്കേണ്ട സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഫാസിസ്റ്റ് സ്വഭാവം വീണ്ടും തലപൊക്കാം, അവ അവസാനിച്ചിട്ടില്ല.

കഴിഞ്ഞ കൊല്ലത്തിന്റെ മധ്യത്തില്‍ തൊട്ട് ഉണ്ടായിട്ടുള്ള പോരാട്ടങ്ങള്‍ നോക്കി കാണുമ്പോള്‍ ഈ വര്‍ഷത്തില്‍ കുറച്ചുകൂടി നല്ലകാര്യങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഈ പ്രതീക്ഷകളെ വളരെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാന്‍ അല്ലെങ്കില്‍ നോക്കിക്കാണാന്‍ എന്ന അവസ്ഥയും നിലവിലുണ്ട്. പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളെ തള്ളിക്കളയേണ്ടതില്ല, എന്നിരിക്കിലും രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ നാം കുറെക്കൂടി ജാഗരൂകരായി ഇരിക്കണം എന്നുമാത്രം.

ഇന്ത്യ നേരിട്ട ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതികരിച്ച കേരളത്തിന്റെ യുവത്വത്തില്‍ നമുക്ക് പ്രതീക്ഷവയ്ക്കാം. ഇനിയും അവര്‍ ഇതേ രീതിയിലുള്ള സമരങ്ങള്‍ നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ ശക്തരായി നില്‍ക്കുന്നത് നിലവിലെ അവസ്ഥയില്‍ നല്ലകാര്യമാണ്. ഇന്നാല്‍ ഇൗ കാര്യം ഇന്ത്യ ഒട്ടാകെയെടുത്ത് പറയാന്‍ സാധിക്കുകയുമില്ല. കേരളത്തിലെപോലെയല്ല, മറ്റു പല സ്ഥലങ്ങളിലും ഇതേ യുവത്വം നിസ്സംഗരായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. ഏതു വിപത്തിനെയാണോ നാം നേരിടേണ്ടത് അതേ വിപത്തിനെ അനുകൂലിക്കുന്നവരും ഉണ്ട് പലഭാഗങ്ങളിലും. ഈ സ്ഥിതി ഉള്ളപ്പോള്‍ തന്നെയാണ് കേരളത്തിലെ യുവത്വത്തില്‍ വലിയ പ്രതീക്ഷ വയ്ക്കുന്നതും.

നമുക്ക് പ്രതീക്ഷകള്‍ ഇല്ലാതിരിക്കാന്‍ കാരണങ്ങളില്ല. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണ്. ഈ ജനാധിപത്യത്തെ ചോദ്യം ചെയ്യുവാനോ നശിപ്പിക്കുവാനോ ഒന്നും അത്ര എളുപ്പമുള്ള കാര്യവുമല്ല. സമൂഹത്തിന്റെ പ്രതികരണശേഷിയില്‍ പഴയതില്‍ നിന്നും ശക്തമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് നമുക്ക് ഈ വര്‍ഷവും നല്ലതു തന്നെ പ്രതീക്ഷിക്കാം, വളരെ സൂക്ഷിക്കണം എന്നുമാത്രം…

(ഏഷ്യാനെറ്റ്  ന്യൂസ്  എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ ഗോപകുമാറുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍