UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഹ്ലാദ തിമര്‍പ്പിന്റെ കാലത്തു നിന്ന് മാത്സര്യത്തിന്റെ ലോകത്തിലേക്ക്

Avatar

ഹരിഗോവിന്ദ്

ഇന്ന് പുതുവത്സരദിനം. ചരിത്രത്തിന്റെ പുസ്തകത്തില്‍ ഒരേടുകൂടി ഇന്നലെ അടയ്ക്കപ്പെട്ടു. ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയായ എന്റെ ജീവിതത്തിലെ അവസാന സ്‌കൂള്‍ വര്‍ഷമാണ് ഇവിടെ അസ്തമിക്കുവാന്‍ പോകുന്നത്. രസമേറിയ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചാണ് 2015 കടന്നുപോകുന്നത്. പ്ലസ് ടു ക്ലാസിന്റെ കുറുമ്പും നൈര്‍മല്യതയും കൊണ്ടാണോ എന്ന് അറിയില്ല, 2015 എന്ന വര്‍ഷത്തോട് എനിക്ക് അതിയായ അടുപ്പം തോന്നുന്നു. ഒരിക്കലും തീര്‍ന്നുപോകരുതേ എന്നാശിക്കുന്ന മധരുപലഹാരം പോലെയാണ് എന്റെ മനസ്സില്‍ ഈ കാലം. എന്നാല്‍ കളിയുടെയും ആഹ്ലാദത്തിമിര്‍പ്പിന്റെയും വേളകളില്‍ നിന്ന് ഞാന്‍ സ്വാതന്ത്ര്യത്തിന്റെയും മത്സരത്തിന്റെയും നേരങ്ങളിലേക്ക് കടക്കാന്‍ പോകുകയാണ്.

ജീവിതത്തില്‍ ഏത് പാതയില്‍ക്കൂടി സഞ്ചരിക്കണം എന്ന തീരുമാനം ഉറപ്പിക്കുവാനുള്ള സന്ധിയാണിത്. പാതകള്‍ ഇടുങ്ങുകയാണ്. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നമുക്ക് ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളും സമ്മാനിക്കുക. സമാനതകളില്ലാത്ത അനുഭവങ്ങള്‍. പതിനേഴിന്റെ മാധുര്യമായിരുന്നു എനിക്ക് 2015 സമ്മാനിച്ചത്. കൂട്ടുകാര്‍ക്കൊപ്പമുള്ള ഉല്ലാസവേളകളും സ്‌കൂളിലെ ഭയപ്പെടുത്തുന്ന ഭീഷണികളും വീട്ടില്‍ നിന്ന് താഴിട്ടുപൂട്ടിയതുമെല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നു. 

100 ശതമാനം സാക്ഷരതയും ഉയര്‍ന്ന ജീവിതനിലവാരവും അവകാശപ്പെടുന്ന കേരളത്തില്‍ നടന്ന ചില അനിഷ്ടസംഭവങ്ങളെക്കുറിച്ച് ഒന്ന് പരിശോധിക്കാം. ഇവയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവ വളരെ പ്രധാനപ്പെട്ടതാണ്. ഈ അടുത്ത് കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ മലയാളം സംസാരിച്ചുവെന്ന കുറ്റത്തിന് ഒരു വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം നാം ഏവരും കേട്ടതാണ്. ആധുനിക സമൂഹത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ജീര്‍ണ്ണതയാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അങ്ങേയറ്റം വേദനാജനകവും ലജ്ജാവഹവുമായിരുന്നു ഈ സംഭവം. 

കാമ്പസ് ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുഗന്ധമാണ് താഴേത്തട്ടിലുള്ള ഒട്ടുമിക്ക വിദ്യാര്‍ത്ഥികളെയും തുടര്‍ പഠനത്തിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ സ്വാതന്ത്ര്യവും അപകടകരവുമാകുന്നുവോ എന്ന ചോദ്യമുയര്‍ത്തിയത് ഈ വര്‍ഷം ഓണാഘോഷ വേളയില്‍, ഒരു വിദ്യാര്‍ത്ഥിനിയെ മറ്റു ചില വിദ്യാര്‍ത്ഥികള്‍ ജീപ്പ് കയറ്റിക്കൊന്ന സംഭവമാണ്. വിദ്യാഭ്യാസജീവിതം അരാജകത്വവും മൂല്യച്യുതി സംഭവിച്ചതുമായി മാറിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അതേസമയത്ത് അധ്യാപകരില്ലാതെ അധ്യയനവര്‍ഷം തള്ളിനീക്കേണ്ട ഗതികേടില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികളെയും നാം കണ്ടു. 

സമത്വസുന്ദരമാം ഒരു നവലോകത്തെ വിഭാവന ചെയ്യുന്ന സാക്ഷരസമ്പന്നമായ കേരളത്തില്‍ ലിംഗസമത്വത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥിയെ പുറത്താക്കിയ സംഭവവും തീര്‍ത്തും സങ്കടകരമാണ്. എത്രയെത്ര പുരോഗമിച്ചാലും നമ്മുടെ സമൂഹം യാഥാസ്ഥിതിക മനോഭാവം മാറ്റിവെക്കുവാന്‍ തയ്യാറാകുന്നില്ല എന്നാണ് ഇവിടെ വെളിവാകുന്നത്.

നന്മയാര്‍ന്ന ആ വിദ്യാഭ്യാസ ജീവിതത്തെ അനിശ്ചിതത്വത്തിലാഴ്ത്തുകയാണ് ഇത്തരം സംഭവങ്ങള്‍. ഇതൊന്നും അന്വേഷിക്കാതെ ആസ്വാദ്യകരമായ ജീവിതം നയിക്കുന്നവരാണ് ഞാനടങ്ങുന്ന ഒരു സിംഹഭാഗം വിദ്യാര്‍ത്ഥി സമൂഹവും. ഇനിയെന്ത് എന്ന് പലരോട് ചോദിച്ചാലും ആ… എന്ന ഒറ്റയക്ഷരത്തില്‍ തീരുന്നു അവരുടെ ഭാവി ആസൂത്രണങ്ങള്‍. ശരാശരി നിലവാരമുള്ള എന്റെ സഹപാഠികളില്‍ ഭൂരിഭാഗവും ഉപജീവനമാര്‍ഗ്ഗമായി തൊഴിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പരാധീനതയും ഇവിടെ ഒരു ഘടകമാണ്. ഇത്തരത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ആഹ്ലാദത്തിന്റെ അവസാന ഓര്‍മ്മകൂടിയാണ് 2015. അവര്‍ക്ക് വരാനിരിക്കുന്നത് പ്രാരബ്ദത്തിന്റെ തീര്‍ത്താല്‍ തീരാത്ത ചുമടാണ്. ഇത്തരത്തില്‍ ഭാരംപേറാന്‍ വിധിക്കപ്പെട്ടവര്‍ക്കിടയിലും ചില സ്വപ്നമുണ്ട്. വര്‍ണ്ണാഭമായ വിദ്യാഭ്യാസജീവിതത്തിലേക്ക് ഇനിയും കടന്നുചെല്ലണമെന്ന് അവര്‍ ആശിക്കുന്നു. എന്റെ പ്രിയ ചങ്ങാതി എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘പ്ലസ് ടു കഴിഞ്ഞ് ഒരു വര്‍ഷം പണിക്കുപോകും. അതു കഴിഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കാതെ വേണം പഠിക്കാന്‍ പോകാന്‍.’

പ്ലസ് ടുവിനുശേഷം ചെണ്ട പഠനവുമായി മുന്നോട്ട് പോകാനാണ് എനിക്ക് താല്‍പ്പര്യം. എന്നാല്‍ മത്സരലോകത്തെ മത്സരബുദ്ധിയില്‍ ഉന്നതവിദ്യാഭ്യാസം വേണമെന്നാണ് പലരുടേയും അഭിപ്രായം. എന്നെ സംബന്ധിച്ചിടത്തോളം 2016 ഒരു നിര്‍ണ്ണായകഘട്ടമാണ്. ആനന്ദകരവും സമാധാനപ്രദവുമായ ഒരു ജീവിതം അല്ലെങ്കില്‍ പ്രൊഫഷണലിസത്തിന്റെയും ധനാഢ്യമായ ഒരു ആഡംബരജീവിതം. ഇതില്‍ ഏതായിരിക്കും എന്റെ ഭാവി എന്ന് 2016 ല്‍ അറിയാം. 

എല്ലാവര്‍ക്കും 2016 എങ്ങനെയായിരിക്കണം എങ്ങനെയാകും എന്ന സങ്കല്‍പ്പങ്ങള്‍ ഉണ്ടാകും. ആശങ്ക പടുത്തുയര്‍ത്തുവാനും പുത്തന്‍ ജീവിതം തുടങ്ങുവാനും ഒരു ജനുവരി ഒന്നു കൂടി. കഴിഞ്ഞകാലത്തിലും വരാനിരിക്കുന്ന കാലത്തിലും സംതൃപ്തനാകട്ടെ, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

(വയനാട് സ്വദേശിയായ ഹരിഗോവിന്ദ്  ജി  എച്ച്  എസ്സ്  എസ്സ്  കോളേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും ചെണ്ട കലാകാരനുമാണ്. ജില്ല-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍