UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂസിലന്‍ഡ് സെമിയില്‍

അഴിമുഖം പ്രതിനിധി

ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചു. ഇന്നു നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിനാണ് കിവികള്‍ തോല്‍പ്പിച്ചത്. ഇന്നത്തെ തോല്‍വിയോടെ പാകിസ്താന്റെ നില കുറച്ചു പരുങ്ങലിലായി. മൂന്നുകളികളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയുമാണ് അവര്‍ക്കുള്ളത്. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും നാളെ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ കയറും. പാകിസ്താന് ഇനി മത്സരമുള്ളത് ശക്തരായ ഓസ്‌ട്രേലിയയുമായിട്ടാണ്.

ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. 48 പന്തില്‍ 80 റണ്‍സ് നേടിയ മാര്‍ടിന്‍ ഗുപ്ടിലിന്റെ ബാറ്റിംഗാണ് കീവിസ് ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. മൂന്നു സിക്‌സും 10 ഫോറും അടങ്ങിയതായിരുന്നു ഗുപ്ടിലിന്റെ ഇന്നിംഗ്‌സ്. ഗുപ്ടിലിനു പുറമെ ടെയിലര്‍, ആന്‍ഡേഴ്‌സണ്‍, റോഞ്ചി എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പാകിസ്താനു വേണ്ടി മുഹമ്മദ് സാമിയും അഫ്രീദിയും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ ആക്രമണോത്സുകമായാണ് കളി തുടങ്ങിയത്. ഓപ്പണ്‍മാരായ ഷര്‍ജീല്‍ ഖാനും അഹമ്മദ് ഷെഹസാദും ആക്രമിച്ചു കളിച്ചപ്പോള്‍ അവരുടെ ഇന്നിംഗ്‌സിനു വേഗത കൂടി. എന്നാല്‍ 47 റണ്‍സെടുത്ത ഷര്‍ജീല്‍ വീണതോടെ പാക് ബാറ്റിംഗിന്റെ താളം തെറ്റി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്താന്‍ കീവികള്‍ക്കായി. 30 റണ്‍സ് എടുത്ത ഷെഹസാദിനെ കൂടാതെ പിന്നാലെ വന്നവര്‍ക്ക് വിജയത്തിനാവശ്യമായ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ സാധിച്ചില്ല. അതോടെ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 158 റണ്‍സ് എടുത്ത് പാകിസ്താന് ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. ന്യൂസിലന്‍ഡിനായി സാന്റനര്‍, മില്‍നെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ടിന്‍ ഗുപ്ടില്‍ ആണ് കളിയിലെ കേമന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍