UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഡുകള്‍ക്ക് നിറം പൂശുന്ന രാജഭക്തി; ജനത്തിന് പുല്ലുവില

Avatar

കോമു

‘ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സോള്‍, ആത്മാവ്… ഐ.എ.എസ് അക്കാദമി വര്‍ഷാവര്‍ഷം അടവെച്ചു വിരിയിച്ചെടുക്കുന്ന നിന്നെപ്പോലുള്ള സ്‌നോബുകള്‍ക്ക് അതു തൊട്ടറിയാനുള്ള സെന്‍സുണ്ടാവണം.’ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന ജില്ലാ കളക്ടര്‍ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന തകര്‍പ്പന്‍ ഡയലോഗിന്റെ പ്രകമ്പനം മറക്കാന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍.ഡി.എം.സി) സമ്മതിക്കുന്നേയില്ല. ലുട്യന്‍സ് ഡല്‍ഹി അഥവാ ന്യൂഡല്‍ഹിയുടെ ഭരണകാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്ന സമിതിയാണ് എന്‍.ഡി.എം.സി. തങ്ങള്‍ക്കു പ്രത്യേകിച്ചു സംഭാവനയൊന്നുമില്ലെങ്കിലും നഗരം സായിപ്പ് രൂപകല്‍പ്പന ചെയ്തതിന്റെ അഹങ്കാരം ഇപ്പോഴും ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍, സെന്‍സ് പോയിട്ട് കളര്‍ സെന്‍സു പോലുമില്ലാത്തവരാണ് എന്‍.ഡി.എം.സി ഉദ്യോഗസ്ഥരെന്ന് ലുട്യന്‍സ് ഡല്‍ഹിയിലെ റോഡുകള്‍ കണ്ടാലറിയാം. റോഡിന്റെ ഇരുവശങ്ങളിലും റോഡുകള്‍ കൂടിച്ചേരുന്നിടത്തുമൊക്കെ പാകിയിട്ടുള്ള കൈവരികളുടെ നിറം ഇപ്പോള്‍ കുങ്കുമവും പച്ചയുമാണ്. ഒറ്റ നോട്ടത്തില്‍ ബി.ജെ.പിയുടെ കൊടിക്കൂറ വിരിച്ചിട്ട പോലെ. സംഭവം വിവാദമായിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും ആര്‍ക്കും വല്യ കുലുക്കവുമില്ല. 

 

ഷേക്‌സ്പിയര്‍ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച പോലെ ഒരു റോഡിലെന്തിരിക്കുന്നുവെന്ന് വായനക്കാര്‍ക്കും തോന്നാം. എന്നാല്‍, റോഡില്‍ ചിലതൊക്കെയുണ്ട് കൂട്ടരേ. റോഡുകള്‍ക്കു സമീപം നിറം പൂശുന്നതില്‍ ചില ഗതാഗത നിയമങ്ങളൊക്കെ പാലിക്കേണ്ടത്. യാത്രക്കാരുടെ സുരക്ഷ കണക്കാക്കി ഉണ്ടാക്കിയിട്ടുള്ളതാണ് ഈ നിയമങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനു ചില മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന നിലയ്ക്കാണ് ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം. എന്‍.ഡി.എം.സി റോഡുകളില്‍ തന്നെ അതു പ്രതിഫലിച്ചു. ഉദ്യോഗസ്ഥരെ എന്തിനു പഴിക്കുന്നു, ഇതിനു പിന്നില്‍ രാഷ്ട്രീയമില്ലേ എന്നു തോന്നാം. അതിലും തെറ്റില്ല. പക്ഷെ, ന്യൂഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി മീനാക്ഷി ലേഖി തന്നെ പറയുന്നു, റോഡിന് ഇങ്ങനെ നിറം മാറ്റിയത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന്. അപ്പോള്‍ പിന്നെ ഇതാരുടെ പണിയാണ്. മീനാക്ഷി ലേഖി അറിയാതെ ഇനി രാഷ്ട്രീയ ഉദ്ദേശ്യം തന്നെയുണ്ടെങ്കിലും എന്‍.ഡി.എം.സി ഉദ്യോഗസ്ഥര്‍ ഇതു ചെയ്യാമോ?

ഇനി കുറച്ചു വാസ്തവങ്ങളിലേക്കു പോവാം. പ്രതിഫലനശേഷി കുറഞ്ഞ സാധാരണ നിറങ്ങള്‍ റോഡുകളില്‍ നിറം പൂശാന്‍ ഉപയോഗിക്കരുതെന്നാണ് അന്താരാഷ്ട്ര ഗതാഗതനിയമം. അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതു കൂടിയാണ് നിറം പൂശിയ റോഡടയാളങ്ങള്‍. കറുപ്പും വെള്ളയും കൂടിയതോ കറുപ്പും മഞ്ഞയും കലര്‍ന്നതോ ആയ നിറം പൂശണമെന്നാണ് വ്യവസ്ഥ. എങ്കിലേ നിറങ്ങളില്‍ പ്രകാശം പ്രതിഫലിച്ച് യാത്രക്കാര്‍ക്ക് വഴികളെക്കുറിച്ചുള്ള കൃത്യമായ സൂചന നല്‍കാനാവൂ. ഏറ്റവും കൂടുതല്‍ പ്രതിഫലനശേഷിയുള്ള നിറങ്ങളാണ് റോഡിനായി തിരഞ്ഞെടുത്തിട്ടുള്ളത് എന്നര്‍ഥം. ഇതൊക്കെ വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയതും നടപ്പാക്കിയതും വിജയിപ്പിച്ചതുമായ കാര്യങ്ങളാണ് സാറന്മാരേ…

ബെസ്റ്റ് ഓഫ് അഴിമുഖം 

നരേന്ദ്ര മോദി ഭസ്മാസുരനെക്കുറിച്ച് കേട്ടിട്ടെങ്കിലുമുണ്ടാകണം
ഡിഎല്‍എഫിലെ ഭാര്യമാര്‍
നിറം പിടിപ്പിച്ച മോദിയും, നിറംകെട്ട മന്ത്രിസഭയും
നമ്മളെ സ്വയം സേവകരാക്കുന്ന മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹിയിലെ ഗീബല്‍സുമാര്‍

തണുപ്പിന് ഒട്ടും കുറവുള്ള നഗരമല്ല ഡല്‍ഹി. ശീതകാലങ്ങളില്‍ രാത്രിയും പകലും മഞ്ഞു മൂടിക്കിടന്ന് ഗതാഗതം മുടങ്ങാറുള്ളതും പതിവാണ്. മഞ്ഞുണ്ടെങ്കിലും ഇരുണ്ട അന്തരീക്ഷത്തിലും റോഡു കാണാന്‍ സഹായകമായിട്ടുള്ള നിറങ്ങളാണ് കറുപ്പും മഞ്ഞയും വെള്ളയുമെന്ന് കേന്ദ്ര റോഡു ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ട്രാഫിക് എന്‍ജിനിയറിങ് വിഭാഗം മേധാവി ഡോ.എസ് വേല്‍മുരുകന്‍ സാക്ഷ്യം പറയുന്നു. കുറഞ്ഞ കാഴ്ചയുള്ള നിറങ്ങള്‍ ഉപയോഗിച്ചാല്‍ റോഡപകടങ്ങള്‍ കൂടുമെന്നും അദ്ദേഹം ജാഗ്രതപ്പെടുത്തി. ന്യൂഡല്‍ഹിയിലെ റോഡുകളിലെ നിറം കണ്ട് ഡല്‍ഹി പോലീസിനു തന്നെ ഭ്രാന്തു പിടിച്ചിരിക്കുന്നു. ഒന്നു മഴ പെയ്താല്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന ഡല്‍ഹിയില്‍ റോട്ടിലെ നിറവും തലവേദനയായിരിക്കുന്നുവെന്നാണ് പോലീസിന്റെ പക്ഷം. മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന് പരാതിപ്പെട്ട് ഡല്‍ഹി ലെഫ്. ഗവര്‍ണ്ണര്‍ നജീബ് ജങ്ങിനെ സമീപിക്കാനൊരുങ്ങുകയാണ് ട്രാഫിക് പോലീസ് മേധാവികള്‍.

റോട്ടിലെ നിറം മാറ്റം ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എന്‍.ഡി.എം.സി ചെയര്‍പേഴ്‌സണും ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്കും കത്തയച്ചിട്ടുണ്ടെന്നാണ് മീനാക്ഷി ലേഖി എം.പിയുടെ അറിയിപ്പ്. എന്‍.ഡി.എം.സി അംഗം കൂടിയാണ് അവര്‍. എന്നാല്‍, ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ലത്രേ. ബി.ജെ.പിയുടെ കൊടിക്കു സമാനമായ നിറങ്ങളാകെ റോഡില്‍ പരന്നിട്ടും ഉദ്യോഗസ്ഥര്‍ക്കു കുലുക്കമൊന്നുമില്ല. ന്യൂഡല്‍ഹിയിലെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചുവന്ന കല്ലുകള്‍ കൊണ്ടാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ആവശ്യമുള്ളിടത്തൊക്കെ പ്രതിഫലനശേഷിയുള്ള സ്റ്റിക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടത്രേ. ഒരു നിയമവും ലംഘിക്കപ്പെട്ടിട്ടില്ലെന്നാണ് എന്‍.ഡി.എം.സിയില്‍ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്റെ വാദം. ഇതും കൂടിയായതോടെ എല്ലാം ക്ലിയറായില്ലേ. ഇരിക്കുന്ന സ്ഥലത്തിനനുസരിച്ച് നിറം മാറുന്ന ഓന്തും ഈ ഉദ്യോഗസ്ഥന്മാരും തമ്മില്‍ എന്താണ് വ്യത്യാസം? ഒരു പന്തയം വെച്ചാല്‍ ഓന്തു പോലും തോറ്റു പോവും.!

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are persoanl

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍