UPDATES

പ്രവാസം

ജ്യോതി; ലണ്ടനില്‍ ഏഷ്യക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ മലയാളിയുടെ കഥ

Avatar

മണമ്പൂര്‍ സുരേഷ് 

1980കളുടെ മധ്യത്തിലെ  ലണ്ടന്‍ തെരുവുകള്‍ അശാന്തി പതിയിരിക്കുന്നതായിരുന്നു. പ്രത്യേകിച്ചു ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ കൂടുതല്‍  കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍. പലപ്പോഴും വര്‍ണ്ണ വിദ്വേഷത്തിന്റെ ഇരകളായി ഇവര്‍ മാറി. ഫാക്ടറികളിലെ ആധുനികവല്‍ക്കരണത്തെ തുടര്‍ന്നു തൊഴില്‍ രഹിതരായ വെളുത്ത വംശജര്‍ പുതുതായി എത്തിയ കുടിയേറ്റക്കാര്‍ക്കെതിരെ തങ്ങളുടെ രോഷം തിരിച്ചു വിട്ടു. വര്‍ണ്ണ വിദ്വേഷത്തിന്റെ വിഷം ഈ ആളുകളില്‍ തളിക്കാന്‍ ദേശീയതയുടെ മൊത്ത വ്യാപാരികളായെത്തിയ  വംശീയ  വാദികളും  അവരുടെ പാര്‍ട്ടിയും ഗ്രൂപ്പുകളും രംഗത്ത് സജീവമായി.

പല സ്ഥലങ്ങളിലും കുടിയേറ്റക്കാര്‍  ഈ വര്‍ണ്ണ വെറിയന്മാരുടെ ആക്രമണത്തിനു വിധേയരായി. ഇങ്ങനെ വംശീയാക്രമണം ശക്തി പ്രാപിച്ചു വന്നപ്പോള്‍ അതിനെതിരെയുള്ള പോരാട്ടങ്ങളും കരുത്തു നേടിക്കൊണ്ടിരുന്നു. “സ്വയംരക്ഷ കുറ്റകൃത്യം അല്ല” (Self defence is no offence), “ഞങ്ങള്‍ ഇവിടെ ആണ്; നിങ്ങള്‍ അവിടെ ഉണ്ടായിരുന്നതുകാരണം” (We are here because you were there.) തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അന്ന് വര്‍ണ്ണ വിവേചനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.  

അന്ന് നിര്‍ണ്ണായകമായ ഒരു ചെറുത്തു നില്‍പ്പിനു തയ്യാറായ ഒരു മലയാളിയെ ഓര്‍മ്മിക്കാനാണ് ഇത്രയും എഴുതിയത്. ഈയിടെ അന്തരിച്ച ജ്യോതി രാജപ്പന്‍ എന്ന 48 കാരന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ചെറുപ്രായത്തിലെ മാതാപിതാക്കളോടൊപ്പം ലണ്ടനില്‍ വന്ന ജ്യോതി “ന്യൂഹാം 7” എന്ന ദേശീയ പ്രാധാന്യമുള്ള ഒരു പ്രതിരോധത്തിന്റെ ഭാഗമായി self defence is no offence എന്ന് തെളിയിച്ച വ്യക്തിയാണ്. 


വലത്തേ അറ്റത്ത് നില്‍ക്കുന്നത് ജ്യോതി രാജപ്പന്‍

സംഭവത്തിന്റെ ചുരുള്‍ നിവരുന്നത്‌ ഇങ്ങനെ.1984 ഏപ്രില്‍ 7 ആം തീയതി ഒരു സംഘം അക്രമികള്‍ ഒരു കാറില്‍ കറങ്ങി ന്യൂഹാമിലെ അപ്ടന്‍ പാര്‍ക്കിലും, ഫോറസ്റ്റ് ഗേറ്റിലും, എഷ്യക്കാരെ തെരഞ്ഞു പിടിച്ചു ആക്രമിക്കാന്‍ തുടങ്ങി. അംഗ വൈകല്യമുള്ള 16 വയസു മാത്രം പ്രായമുള്ള  എഷ്യക്കാരനെ കാറിനകത്ത്‌ പിടിച്ചിട്ടു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഹാമര്‍ കൊണ്ട് തലയ്ക്കു അടിച്ചു. ഷോപ്പിംഗ്‌ നടത്തുക ആയിരുന്ന ഒരു ഏഷ്യന്‍ കുടുംബത്തെ ഗ്രീന്‍ സ്ട്രീറ്റില്‍ വച്ച് ആക്രമിച്ചു. സെന്റ്‌ സ്റ്റീഫന്‍സ് റോഡില്‍ വച്ചു മറ്റൊരു എഷ്യക്കാരനെയും ആക്രമിച്ചു, തുടര്‍ന്ന് ഡ്യൂക്ക് ഓഫ് എഡിന്‍ബറോ പബ്ബില്‍ (മദ്യശാല) കേന്ദ്രീകരിച്ച് അക്രമികള്‍ അവിടെ നിന്നും എഷ്യക്കാര്‍ക്കെതിരെ അക്രമം തുടര്‍ന്നു. ഈ വിവരം പുറത്ത് വന്നതോടുകൂടി ഏഷ്യന്‍ യുവാക്കള്‍ പബ് വളയുകയും തിരിച്ചടിക്കുകയും ചെയ്തു. പക്ഷെ അവിടെ പോലീസ് ഉടനെത്തി ഒരു ഏഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും അന്ന് രാത്രി മൊത്തം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. പബിനകത്ത് നിന്നും ആക്രമണം അഴിച്ചുവിട്ട മൂന്നു വെളുത്ത വംശജരെ അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകിട്ട് തന്നെ വെറുതെ വിട്ടു. തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് 6 എഷ്യക്കാരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു വളരെ സീരിയസ് ആയിട്ടുള്ള കേസ് ചാര്‍ജ്ജ് ചെയ്തു. ഇതാണ് പിന്നീട് ദേശീയ ശ്രദ്ധ നേടിയ   “ന്യൂഹാം 7”  ആയി മാറിയത്. ബ്രിട്ടനിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ആ കേസ് കവര്‍ ചെയ്തു. ഇവിടത്തെ സുപ്രീം കോടതി ആയ ഓള്‍ഡ്‌ ബെയ്ലി വരെ  കേസ് എത്തുകയും എല്ലാവരെയും വെറുതെ വിടുകയും ചെയ്തു.

ഇവര്‍ക്ക് വേണ്ടുന്ന നിയമ പരിരക്ഷയും മറ്റു സഹായങ്ങളും നല്‍കാന്‍ ഏഷ്യന്‍ സമൂഹവും വെളുത്ത വംശജരിലെ ഇടതുപക്ഷങ്ങവും അണി നിരന്നു.  ഇന്ന് സ്വച്ഛമായ ഒരന്തരീക്ഷം ലണ്ടനിലെ എഷ്യക്കാര്‍ക്കുള്ളതില്‍ ന്യൂഹാം 7, ന്യൂഹാം 8 തുടങ്ങിയ പ്രതിരോധങ്ങള്‍ക്ക്‌ നിര്‍ണ്ണായക പങ്കുണ്ട്. ഇവിടെ നന്ദിപൂര്‍വ്വം ഓര്‍ക്കേണ്ട ഒരു പേരാണ്  മലയാളിയായ ജ്യോതി രാജപ്പന്‍റേത്.

(കേരള കൌമുദിയുടെ ലണ്ടന്‍ കറസ്പോണ്ടന്‍റ്  ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍