UPDATES

ജനരക്ഷാ യാത്ര റദ്ദാക്കി അമിത് ഷാ ‘മുങ്ങി’യത് മകനെതിരെയുള്ള അഴിമതി ആരോപണത്തെ പ്രതിരോധിക്കാന്‍

ഡല്‍ഹിയിലെത്തിയ ശേഷം അമിത് ഷാ കണ്ടത് മോദി, ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ്‌, പീയൂഷ് ഗോയല്‍ എന്നിവരെ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ‘മുങ്ങി’യത് മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കഥയെ പ്രതിരോധിക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്ക് 16,000 മടങ്ങ് വളര്‍ച്ചയുണ്ടായതായി വയര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ദേശീയ തലത്തില്‍ തന്നെ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.

ഒക്‌ടോബര്‍ മൂന്നിന് ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ അന്ന് കണ്ണൂരില്‍ നടന്ന പദയാത്രയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് അടുത്ത രണ്ടു ദിവസം കൂടി അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുള്ള പദയാത്രയുടെ ഭാഗമാകുമെന്നുമായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നിനു നടന്ന യാത്രയ്ക്ക് പിന്നാലെ അമിത് ഷാ പൊടുന്നനെ ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു.

പിറ്റേന്ന് യാത്ര തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് അമിത് ഷാ യാത്രയ്ക്ക് ഉണ്ടാവില്ല എന്ന വിവരം കുമ്മനം പോലും അറിയുന്നത്. പ്രധാനമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കേണ്ടതുള്ളതു കൊണ്ടാണ് അമിത് ഷാ ഉടന്‍ മടങ്ങിയത് എന്ന് കുമ്മനം പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു തന്നെയാണ് അമിത് ഷാ പോയതെന്നും പക്ഷേ അത് സ്വന്തം തടി രക്ഷിക്കാനായിരുന്നു എന്നുമാണ് മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള നേതൃത്വത്തെ അപഹാസ്യരാക്കുന്ന നടപടിയായിരുന്നു അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായത്. അമിത് ഷാ മുങ്ങിയെന്ന തരത്തില്‍ ഇപ്പോഴും ബി.ജെ.പിക്ക് നേരെയുള്ള പരിഹാസം അവസാനിച്ചിട്ടില്ല.

ജയ് ഷായുടെ കമ്പനിയുടെ ആസ്തിയുമായി ബന്ധപ്പെട്ട് വയര്‍.ഇന്നില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തക രോഹിണി സിംഗ് തന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച് ജയ് ഷായുടെ കമ്പനിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇത് ഒക്‌ടോബര്‍ മാസത്തിന്റെ തുടക്കത്തിലായിരുന്നു എന്നാണ് വിവരം. ജയ് ഷായുടെ അഭിഭാഷകന്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം രോഹിണി സിംഗ് തന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ വിശദീകരണം കൂടി ലഭിച്ച ശേഷം വാര്‍ത്ത പുറത്തു വിടുന്നത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ്.

ഇത്തരമൊരു റിപ്പോര്‍ട്ട് അണിയറയില്‍ ഒരുങ്ങുന്നുവെന്ന വിവരം കേരളത്തില്‍ സി.പി.എമ്മിന്റെ ‘ചുവപ്പ്-ജിഹാദി’ ഭീകരതയ്‌ക്കെതിരെയുള്ള യാത്രക്കിടെയാണ് അമിത് ഷാ അറിയുന്നത്. തുടര്‍ന്ന് യാത്ര റദ്ദാക്കി ഉടന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, റെയില്‍വേ മന്ത്രിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ പീയൂഷ് ഗോയല്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

ഇതിനു പിന്നാലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജയ് ഷായുടെ കേസില്‍ ഹാജരാകാന്‍ രവി ശങ്കര്‍ പ്രസാദ് ഉടനടി അനുമതി നല്‍കുന്നു. രോഹിണി സിംഗിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മുമ്പ് ആറാം തീയതി തന്നെ ഇത്തരത്തില്‍ അനുമതി ലഭിച്ചിരുന്നതായി മേത്ത പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ഹാജരാകണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നുള്ളതു കൊണ്ടാണ് മേത്തയ്ക്ക് രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കിയത്. ഇതിനു പിന്നാലെ പീയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ജയ് ഷായെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഒരു കേന്ദ്രമന്ത്രി ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി പത്രസമ്മേളനം വിളിച്ച് പ്രതിരോധിക്കുക എന്നത് അപൂര്‍വമായ കാര്യമാണെന്ന് അന്നു തന്നെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

കേരള യാത്ര റദ്ദാക്കി ഡല്‍ഹിക്ക് പോയത് വിമര്‍ശനമുയര്‍ത്തിയ ക്ഷീണം മറികടക്കാന്‍ അമിത് ഷാ ഞായറാഴ്ച സി.പി.എം കേന്ദ്ര ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ബി.ജെ.പി മാര്‍ച്ച് അക്രമാസക്തമാവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍