UPDATES

ട്രെന്‍ഡിങ്ങ്

ഭൂപരിഷ്ക്കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരും; പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി

സാമ്പത്തിക സംവരണ കാര്യത്തില്‍ താന്‍ പറഞ്ഞത് സിപിഎം നിലപാട്

ഭൂപരിഷ്ക്കരണം നടപ്പിലായിട്ട് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കയറി കിടക്കാന്‍ ഇടമില്ലാത്തവരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ അധികമാണ്. അതില്‍ ബ്രാഹ്മണരും ഉള്‍പ്പെടും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മലപ്പുറത്ത് വെച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ ഭൂപരിഷ്ക്കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരും ഉണ്ടെന്ന രീതിയില്‍ മന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ സിപിഎമ്മിന് തലവേദനയായി മറ്റൊരു രാഷ്ട്രീയ വിവാദം കൂടി പുകഞ്ഞു തുടങ്ങി.

സാമ്പത്തിക സംവരണം വേണമെന്നാണ് സിപിഎം നിലപാട്. ഈ കാര്യത്തില്‍ ജാതി നോക്കേണ്ടതില്ല. ബ്രാഹ്മണരെന്നോ പുലയരെന്നോ നോക്കാതെ പാവപ്പെട്ടവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തേണ്ടത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ തന്റെ വിശദീകരണവുമായി മന്ത്രി എത്തി.

ശ്രീപുഷ്പക ബ്രാഹ്മണ സംഘത്തിന്റെ പരിപാടിയിൽ പ്രസംഗിക്കവേ ഞാൻ പറഞ്ഞത് “മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നത് എന്റെ പാർട്ടിയുടെ നിലപാടാണെന്നാണ്.” സി പി ഐ എമ്മിന്റെ സംവരണ വിഷയത്തിലെ നിലപാട് സുവ്യക്തമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ ആ നിലപാടുകളെ കുറിച്ച് വ്യക്തമായ ബോധ്യത്തോടെയാണ് സംസാരിച്ചത്. പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിൽ മുൻഗണന നൽകണമെന്നും, അത്തരക്കാരുടെ അഭാവത്തിൽ പിന്നാക്ക സമുദായത്തിലെ തന്നെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ ആ സമുദായ സംവരണത്തിന് പരിഗണിക്കണമെന്നുമുള്ളതാണ് പാർട്ടി നിലപാട്. സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാൽ മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുണ്ട്. കഷ്ടത അനുഭവിക്കുന്നവരുണ്ട്. അവർക്ക് ചെറിയ ശതമാനം സംവരണം നൽകണമെന്നതും കൂടി ചേർന്നതാണ് സി പി ഐ എം അംഗീകരിച്ച നയം. ഈ നയം ആവർത്തിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ ദുർവാഖ്യാനം ചെയ്യുകയും, കുപ്രചാരണം നടത്തുകയും ചെയ്യുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. അത്തരക്കാർക്ക് വേണ്ടിയല്ല ഈ വിശദീകരണം. തെറ്റിദ്ധരിക്കപ്പെടാതിരിക്കേണ്ട ജനവിഭാഗത്തിന് വേണ്ടിയാണ്. ജാതി-മത വേർതിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാനിറങ്ങുന്നവരെ, ദുർവാഖ്യാനം ചമയ്ക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തിൽ സംഘപരിവാറിന്റെ ദുഷ്പ്രചാരണങ്ങളെയും, കടന്നാക്രമണങ്ങളെയും ചെറുത്ത് തോൽപ്പിച്ച് എന്നെയും, ഇടതുപക്ഷ പ്രസ്ഥാനത്തെയും വിജയിപ്പിച്ചത് അതിന്റെ തെളിവാണ്. ഗീബൽസിയൻ നുണ പ്രചാരണം കൊണ്ട് തകർക്കാനുള്ള നീക്കം ജാതി-മത വർഗീയതയുടെ കുട പിടിക്കുന്നവരുടേതാണ്. അത് അവജ്ഞയോടെ ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങൾ തളളികളയുമെന്ന് ഉറപ്പുണ്ട്.

ദേശീയ തലത്തില്‍ ദളിത് സംഘടനകളുമായി ഭൂപ്രക്ഷോഭങ്ങളില്‍ അടക്കം സിപിഎം കൈകോര്‍ക്കുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി തലത്തില്‍ തന്നെ ചര്‍ച്ചയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍