UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുണിയുരിയലും പാട്ടുപാടലുമാകരുത് വാര്‍ത്താവതരണം

സമീപകാലത്ത് കണ്ട വിഡ്ഢിത്തം നിറഞ്ഞ മാധ്യമ നിരീക്ഷണമാണ്, ”എന്തിനാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ടെലിവിഷന്‍ ചാനലുകള്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നത്” എന്നത്. ഉപതെരഞ്ഞെടുപ്പായാലും പൊതുതെരഞ്ഞെടുപ്പായാലും ചാനലുകളെ സംബന്ധിച്ചിടത്തോളം അത് ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും ഉത്സവകാലമാണ്. ടെലിവിഷന്‍ ശബ്ദ-ദൃശ്യ മാധ്യമം (ആഡിയോ വിഷ്വല്‍ മീഡിയ) ആയതിനാല്‍ അതവര്‍ ആഘോഷിക്കും, ആഘോഷിക്കണം. അതവിടെ നില്‍ക്കട്ടെ.

ശബ്ദ-ദൃശ്യ തിമിര്‍പ്പ് നമ്മുടെ വാര്‍ത്താചാനലുകള്‍ നടത്തുമ്പോള്‍, എന്താണ് അവരുടെ യഥാര്‍ത്ഥ സ്വരൂപം. കാണികളെ ബോറടിപ്പിച്ചു ബോറടിപ്പിച്ചു റിമോട്ടു മാറ്റാന്‍ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണവര്‍. ടെലിവിഷന്‍ വാര്‍ത്ത എന്നത് വിവര കൈമാറ്റത്തിന്റെ (തത്സമയ ) ശബ്ദ-ദൃശ്യ സമന്വയം എന്നതിനപ്പുറം കാണികളെ ആട്ടിയോടിക്കുന്നവിധം പലപ്പോഴും തരംതാണു പോകുന്നു. 

പ്രമുഖ രാഷ്ട്രീയക്കാരുടെ വാര്‍ത്താസമ്മേളനങ്ങള്‍ ഈ ചാനലുകള്‍ തത്സമയം സംപ്രേഷണം നടത്തുന്നു. അതുകഴിഞ്ഞ് ചാനല്‍വക അഭ്യാസം കാണാം. വാര്‍ത്താസമ്മേളനത്തില്‍ നേതാവ് അല്ലെങ്കില്‍ മന്ത്രി എന്താണോ പറഞ്ഞത്, അത് ഓരോ റിപ്പോര്‍ട്ടറും സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് തട്ടിമൂളിക്കും. പത്രപ്രവര്‍ത്തകര്‍ എത്രയോകാലമായി ചെയ്ത കാര്യമാണിത്. സ്വന്തം രാഷ്ട്രീയ/സ്ഥാപന താല്പര്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന രീതി. ടെലിവിഷന്റെ വരവോടുകൂടി ആ സ്വേച്ഛാപ്രകടനത്തിന് ഒരയവുവന്നതാണ്. എന്നാല്‍ പത്രലേഖകന്മാരുടെ ആ പാരമ്പര്യമാണ് ഇന്ന് മിക്ക ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ ഒരു കാര്യം മനസ്സിലാക്കണം. നേതാവ്/മന്ത്രി എന്താണോ പറഞ്ഞത്,  അത് തത്സമയം കാണികളില്‍ എത്തിക്കഴിഞ്ഞു. കാണികള്‍ വിവരവും ബോധവും ഉള്ളവരാണ്. പത്തുമുപ്പതു കൊല്ലക്കാലമായി ടെലിവിഷന്‍ കണ്ട് ദൃശ്യമാധ്യമ സാക്ഷരതയുള്ളവര്‍. അതുകൊണ്ട് കേട്ടും കണ്ടും ഇരുന്ന കാര്യങ്ങള്‍ തത്സമയം പ്രത്യക്ഷപ്പെട്ട് റിപ്പോര്‍ട്ട് എന്ന  രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് വിളമ്പരുത്. അതിന് ചാനല്‍ മേധാവികള്‍ അവസരം നല്‍കരുത്.

ഏതൊരു വാര്‍ത്തയും റിപ്പോര്‍ട്ടര്‍ വ്യാഖ്യാനിക്കുന്ന ഈ സ്ഥിരം പാറ്റേണിന്  മാറ്റം വരേണ്ടതാണ്. വാസ്തവത്തില്‍ തത്സമയം വാര്‍ത്താസമ്മേളനം കേള്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനാണ് അതിനെ പിടിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍മാരുടെ ശബ്ദപ്രകടനം. എന്നാല്‍ (തത്സമയം) ശബ്ദശകലങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ റിപ്പോര്‍ട്ടര്‍മാര്‍ വസ്തുതകളെ കണ്ണാടിയിലെന്നപോലെ  കാണികളിലെത്തിക്കേണ്ടതുണ്ട്. ഇവിടെ ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ ശബ്ദചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കഴിയണം. അതാണ് റിപ്പോര്‍ട്ടറുടെ മിടുക്ക്. ഇത്തരത്തില്‍ വാര്‍ത്താവതരണത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. മറ്റൊരുദാഹരണം പറയാം-ന്യൂസ് സ്റ്റോറികള്‍ എഡിറ്റുചെയ്യുന്ന രീതി. വാര്‍ത്താവതാരകന്‍ വാര്‍ത്തയുടെ പ്രധാനഭാഗം വായിക്കുന്നു (ഇന്‍ട്രോ എന്നാണല്ലോ ഇതിനെക്കുറിച്ച് ജേര്‍ണലിസം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക). അതുതന്നെ റിപ്പോര്‍ട്ടര്‍ സ്‌റ്റോറിയുടെ തുടക്കത്തില്‍ സ്വന്തം ശബ്ദത്തില്‍ ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് അതേ കാര്യം  ബൈറ്റായി-ശബ്ദശകലമായി-കേള്‍പ്പിക്കുന്നു. ടെലിവിഷനിലെ വിലപിടിപ്പുള്ള സമയം കവര്‍ന്ന് ഒരേ കാര്യം ആവര്‍ത്തിക്കുകയാണിവിടെ. ഒരു വഴിപാടുപോലെ ഇതു ചെയ്തുവയ്ക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ റിപ്പോര്‍ട്ടര്‍മാര്‍ (നിശബ്ദ ജീവികളാണെങ്കിലും) എഡിറ്റര്‍മാരും ഓര്‍ക്കുന്നുണ്ടോ, ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ ദൃശ്യശക്തിയെപ്പറ്റി. ഇത്തരക്കാര്‍ ദൃശ്യമാധ്യമം എന്നതിന്റെ എ ബി സി ഡി അല്ലെങ്കില്‍ ആ ആ ഇ ഈ അറിയാത്തവരാണ്. ഇത്തരക്കാരെ ടെലിവിഷന്‍ കഴുതകള്‍ എന്നാണ് വിളിക്കേണ്ടത്. മാത്രമോ, സ്വയം സംസാരിക്കുന്ന (ശക്തമായ) ദൃശ്യങ്ങള്‍ക്കുമീതെ സ്വന്തം ശബ്ദം- അതും ഉച്ചാരണ ശുദ്ധിയില്ലാത്ത, തെറ്റായ വാചകഘടനയുള്ള, വളച്ചൊടിച്ച വാര്‍ത്തകളുടെ സഞ്ചയം എടുത്തു പിടിപ്പിക്കും. വിവരദോഷികള്‍. വേണ്ടേ ഇതിനൊരു മാറ്റം. റിപ്പോര്‍ട്ടര്‍മാര്‍, (മുകളില്‍ പറഞ്ഞപ്രകാരമുള്ള) സ്വന്തം ശബ്ദത്തിന്റെ, ബലാല്‍സംഗത്തില്‍നിന്ന് ദൃശ്യങ്ങളെ മോചിപ്പിക്കണം. കാരണം, ഇതു ദൃശ്യമാധ്യമമാണ്. ശബ്ദം എന്നത് ദൃശ്യത്തില്‍ അലിഞ്ഞു കിടക്കുന്നതാണ്. സ്വയം സംസാരിക്കുന്ന ശബ്ദത്തിന്റെ അഭാവത്തിലാണ് റിപ്പോര്‍ട്ടര്‍ സംസാരിക്കേണ്ടത്. അപ്പോള്‍ ചോദിക്കാം ഇത്രയും പ്രധാനപ്പെട്ട വിവരങ്ങള്‍ എങ്ങനെ കാണികളില്‍ എത്തിക്കുമെന്ന്. വഴിയുണ്ട്, ദൃശ്യങ്ങളെ മാറ്റി നിര്‍ത്തി റിപ്പോര്‍ട്ടര്‍ സ്വയം പ്രത്യക്ഷപ്പെട്ടോ ടെലിഫോണിലൂടെയോ കാര്യങ്ങള്‍ വളച്ചൊടിക്കാതെ/സ്വയം വ്യാഖ്യാനിക്കാതെ റിപ്പോര്‍ട്ടു ചെയ്യാം. അതാണ് വാര്‍ത്താചാനലില്‍ റിപ്പോര്‍ട്ടറുടെ പണി.

ഇനി വാര്‍ത്താവതാരകര്‍ എന്ന ചില വേഷം കെട്ടലുകാരുടെ കാര്യം എടുക്കാം. ഏതെങ്കിലും ചാനലില്‍ ഇത്തിരി നേരം മുഖം കാണിച്ചുപോയാല്‍ ഞെളിഞ്ഞു നടക്കുന്നവര്‍ഗ്ഗം. തെളിഞ്ഞോട്ടെ, തെറ്റുകൂടാതെ വായിച്ചാല്‍; ഉച്ഛരിച്ചാല്‍; അര്‍ത്ഥമറിഞ്ഞ് വാക്കുകളും വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് ഉരുവിട്ടാല്‍. ഇതൊന്നുമില്ലാതെ കോട്ടും സ്യൂട്ടും ഇട്ടിരുന്നോളും. ഈ ചേട്ടന്മാരും ചേച്ചിമാരും വര്‍ത്തമാനപ്പത്രം നിത്യവും ഉച്ചത്തില്‍ വായിച്ചുശീലിച്ചാല്‍ തീരുന്നതേയുള്ളൂ,  ഈ വിഡ്ഢിപ്രകടനം. വാര്‍ത്ത വായിക്കാന്‍ ക്യാമറക്കുമുന്നിലിരുന്നോളും. പ്രോംപ്റ്ററില്‍ കാണുമ്പോഴായിരിക്കും ഈ  പരിഷകള്‍  ആദ്യമായി ആ വാര്‍ത്തയെപ്പറ്റി അറിയുന്നത്(പുതിയ വാര്‍ത്തയെ സംബന്ധിച്ച് നമുക്ക് സഹിക്കാം – എത്രയോ പഴകിയ വാര്‍ത്തയും ഇവര്‍ ഇങ്ങനെ വായിക്കുമ്പോഴാണ് ഇത്തരക്കാര്‍ ഈ പണിക്ക് പറ്റിയതല്ലെന്ന്‌ തോന്നുന്നത്).

ഇനി, മറ്റൊരു കൂട്ടരുണ്ടല്ലോ, തത്സമയം വാര്‍ത്താവലോകനം നടത്തുന്നവര്‍. കാര്യങ്ങള്‍ പഠിച്ചും, ചിന്തിച്ചും വന്നിരിക്കുന്ന ഗൗരവബുദ്ധികള്‍  എന്നാണ് കാണികളുടെ വിചാരം. ‘ഒമ്പതുമണി ജഡ്ജിമാര്‍’ എന്നായിരുന്നു രാത്രിയിലെ തത്സമയ വാര്‍ത്താവലോകനക്കാരെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ചത്. അദ്ദേഹം പ്രമുഖ ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയായപ്പോള്‍ ഒമ്പതുമണി എന്നത് എട്ടുമണിയാക്കി. അതുകണ്ട് മറ്റു ചാനലുകളും ഒമ്പതിനെ എട്ടാക്കി. പക്ഷേ, ജഡ്ജിമാരുടെ വാദപ്രതിവാദത്തിന്റെ ഭാവത്തിനും സ്വരത്തിനും മാറ്റമൊന്നുമുണ്ടായില്ല. ചിലര്‍ അതിഥിയെ വിളിച്ചു മുന്നിലിരുത്തും. ക്യാമറ ഓണ്‍ ആയാല്‍പ്പിന്നെ മുഖത്തടിക്കുന്നതുപോലെ ചോദ്യമായി. ചോദ്യത്തിന് ജഡ്ജി ആഗ്രഹിക്കുന്നതുപോലെ ഉത്തരം പറഞ്ഞോണം. അല്ലെങ്കില്‍ വീണ്ടും കിട്ടും മുഖത്തടി. ഒരു വിഷയം അതിന്റെ സമഗ്രതയില്‍ കാര്യഗൗരവത്തോടെ അവലോകനം ചെയ്യുകയല്ല ഇവിടെ നടക്കുന്നത്. അതിഥിയെ വിളിച്ചുവരുത്തി അടികൊടുക്കലാണ്. വന്നുവന്ന് പല രാഷ്ട്രീയക്കാരും ഇപ്പോള്‍ പല വാര്‍ത്താ ചാനലുകളുടെയും പടി ചവിട്ടാതെയായിട്ടുണ്ട്. (മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ലാത്ത നമ്മുടെ എം. ഐ. ഷാനവാസ് ആദ്യമായി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചത് ഇത്തരത്തില്‍ ഒമ്പതുമണി ജഡ്ജിമാരില്‍നിന്ന് നിരന്തരം തല്ലുകിട്ടി ജനകീയനായതിന്റെ ഫലമായിട്ടുകൂടിയായിരുന്നു. അത് അദ്ദേഹം അംഗീകരിച്ചതുകൊണ്ടാണ്  തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും നന്ദി പറഞ്ഞത്.) അവതാരകന്റെ ശബ്ദ പ്രകടനമൊക്കെ ആവശ്യമാണ്. പക്ഷേ അതിനുള്ളില്‍ .സത്യാന്വേഷിയായ ജേര്‍ണലിസ്റ്റിന്റെ
മിതത്വവും ഗൗരവവും ആവശ്യമാണ്. അതുണ്ടെങ്കിലേ ചര്‍ച്ചകൊണ്ട്  കാണികള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകൂ.  ജനം ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ വേണം. ചര്‍ച്ചചെയ്യുന്ന വിഷയത്തിന്മേല്‍ നിഗമനങ്ങള്‍ വേണം. പുതുതായി ചില ഉള്‍ക്കാഴ്ചകള്‍ വേണം. പക്ഷേ, പല ചര്‍ച്ചകളും, വെടി പൊട്ടിത്തീര്‍ന്ന ഉത്സവപറമ്പുകളുടെ വിരസതയാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് വേണം, നമുക്ക് അര്‍ത്ഥവത്തായ വാര്‍ത്താവലോകന രീതി.

പല  ഷോകളിലും ഒരേ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് പ്ലേ ചെയ്യുന്നത് കാണാം. ചര്‍ച്ചയോട്/ഉള്ളടക്കത്തോട് യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളും കാണിക്കും. ചില മഹാവ്യക്തികളുടെ മരണവേളയില്‍ അവര്‍ നടന്ന് ചിരിക്കുകയും സംസാരിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന ദൃശ്യങ്ങള്‍ ആവര്‍ത്തിക്കും. നിശ്ചലമായൊരു ജീവിതത്തെ നിശ്ചല ദൃശ്യങ്ങളില്‍ത്തന്നെ അവതരിപ്പിക്കാന്‍ നമ്മുടെ ടെലിവിഷന്‍ പ്രവര്‍ത്തകര്‍ക്ക് എന്നാണ് സന്മനസ്സുണ്ടാകുക. ഏതു സന്ദര്‍ഭത്തിലായാലും, കാണിക്കുന്ന ദൃശ്യങ്ങള്‍, കാണികളുടെ മനസ്സില്‍ അര്‍ത്ഥവത്തായി പതിയണം. അത്രയേയുള്ളൂ.

സംശയപ്രകടനം വേണ്ടാ, (അതി)സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വാര്‍ത്താ ബുള്ളറ്റിനുകളും അവലോകനങ്ങളും അവതരിപ്പിച്ചില്ലെങ്കില്‍ കാണികള്‍ ആ വഴിക്ക് തിരിഞ്ഞുനോക്കില്ല. വാര്‍ത്തയെ വാര്‍ത്തക്കായിത്തന്നെ അവതരിപ്പിക്കണം. വാര്‍ത്താവലോകനം നിഷ്പക്ഷമാക്കണം. ദൃശ്യമാധ്യമം എന്ന നിലയില്‍ ദൃശ്യങ്ങളുടെ സമസ്ത സാധ്യതകളും ഉപയോഗപ്പെടുത്തണം. അക്ഷരതലം മുതല്‍ ആശയതലം വരെ വ്യക്തത, സൂക്ഷ്മത, വേഗത തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങള്‍ ശരിയായി ചിട്ടപ്പെടുത്തണം. അങ്ങനെ കാണികള്‍ വിവരദോഷികളല്ലെന്ന ധാരണയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.

വാര്‍ത്തകള്‍ ലോകത്ത് പലരാജ്യങ്ങളിലും കാണികള്‍ തിരസ്‌ക്കരിച്ചു തുടങ്ങിക്കഴിഞ്ഞു. കാരണം വാര്‍ത്ത ബോറടിപ്പിക്കുന്ന കാഴ്ചവസ്തു ആയി എന്നതാണ്. അതിനെ മറികടക്കാന്‍ പല ചാനലുകളും വിനോദത്തിന്റെ ഘടകങ്ങള്‍ അമിതമായി വാര്‍ത്തയില്‍ പ്രയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വാര്‍ത്താവതരണം സംബന്ധിച്ച് സമീപകാലത്ത് ഉഗാണ്ടയില്‍ നിന്നുവന്ന വാര്‍ത്ത ശ്രദ്ധിക്കേണ്ടതുണ്ട്. വാര്‍ത്ത  റാപ്പ് സംഗീതത്തില്‍ വായിച്ചു എന്ന വാര്‍ത്ത. മാധ്യമ പ്രവര്‍ത്തകരുടെ വേഷം റാപ്പ് സംഗീത യുവാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. റാപ്പോര്‍ട്ടര്‍മാര്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെട്ടത്. വാര്‍ത്താപരിപാടിയുടെ പേര് ന്യൂസ് ബീറ്റ്. വാര്‍ത്തയെ ജനപ്രിയമാക്കാനുള്ള വിദ്യയായിരുന്നു അത്. നമ്മുടെ ചില വാര്‍ത്താചാനലുകള്‍, ഓണത്തിനും വിഷുവിനുമൊക്കെ ചലച്ചിത്രതാരങ്ങളെ അണിയിച്ചൊരുക്കി വാര്‍ത്താവതാരകര്‍ ആക്കിയത് ഓര്‍ക്കുക. ഇപ്പോള്‍ പോകുന്ന തരത്തിലാണെങ്കില്‍ ചലച്ചിത്രത്തില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്ന നടീനടന്മാര്‍,  ചില പ്രോഗ്രാം ചാനലുകളില്‍ പരിപാടികളുടെ അവതാരകര്‍ ആയിരിക്കുന്നതുപോലെ, പതിയെ വാര്‍ത്താവതാരകരായി രംഗപ്രവേശം ചെയ്തുകൂടായ്കയില്ല. റിമി ടോമിയോ എം.ജി. ശ്രീകുമാറോ വാര്‍ത്ത പാട്ടായി അവതരിപ്പിച്ചുകൂടായ്കയുമില്ല. ഇവിടെ വാര്‍ത്ത എന്നത് ശരീരം കൂടിയാണ്. വാര്‍ത്തയെ പൂര്‍ണ്ണമായും ശരീരമാക്കി മാറ്റിയ സംഭവവും അരങ്ങേറിക്കഴിഞ്ഞു.രംഗം കൊഴുപ്പിച്ചത് വനിതാ വാര്‍ത്താവതാരകര്‍തന്നെ. വെനിസ്വലയിലെ ഒരു പറ്റം അവതാരകമാര്‍. വെനിസ്വലയിലെ ഫുട്‌ബോള്‍ ടീമിന് ആവേശം പകരാനാണത്രേ നൂല്‍ ബന്ധമില്ലാതെ വാര്‍ത്ത വായനയുമായി പ്രത്യക്ഷപ്പെട്ടത്. അക്കൂട്ടത്തില്‍ മോഡലുകളും സൗന്ദര്യ മത്സരാര്‍ത്ഥികളുമുണ്ടായിരുന്നു. ഇതു വായിച്ചപ്പോള്‍ നമ്മുടെ ചില ചാനലുകളിലെ ചില വാര്‍ത്താവതാരകമാരെ ഓര്‍ത്തുപോയി.  മോഡലുകളെയോ സൗന്ദര്യ മത്സരാര്‍ത്ഥികളെയോ പോലെ ഇരുന്നാണ് അവര്‍ വാര്‍ത്ത വായിക്കുന്നത്. വാര്‍ത്താവതരണകലയിലല്ല അവരുടെ ശ്രദ്ധ, അണിഞ്ഞൊരുങ്ങി ഇരിക്കലിലാണ്.  വായനയില്‍ വായിക്കുന്ന വാര്‍ത്തയുടെ ഗൗരവം കാണിക്കാറേയില്ല. വാര്‍ത്തയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ അജ്ഞതയാണ് അവരുടെ വായനയില്‍ മുഴുനീളേ മുഴങ്ങുന്നത്. പല ചാനല്‍ മേധാവികളും ധരിച്ചുവച്ചിരിക്കുന്നത്, സ്‌ക്രീനില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ, പിടിച്ചിരുത്തി വാര്‍ത്ത വായിപ്പിച്ചാല്‍ കാണികള്‍ ഇരുന്നു കണ്ടുകൊള്ളുമെന്നാണ്. ഇതിനൊക്കെ അറുതി വന്നില്ലെങ്കില്‍/ഏതു കൃമികീടത്തിനും ടെലിവിഷനില്‍ പ്രവര്‍ത്തിക്കാമെന്ന സാഹചര്യമാണെങ്കില്‍ വൈകാതെ ഇവിടെയും വാര്‍ത്താവതരണം പാട്ടുപാടലും തുണിയുരിയലുമായി പരിണമിക്കും.

ടെലിവിഷന്‍ എന്നത് ദൃശ്യമാധ്യമമാണെന്നും കണ്ടിരിക്കുന്നവര്‍ ദൃശ്യമാധ്യമ സാക്ഷരത ഉള്ളവരാണെന്നുമുള്ള ബോധം ഓരോ നിമിഷത്തിലും ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണ്ടാകണം. 1985-ല്‍ ദൂരദര്‍ശന്‍ തുടങ്ങിയപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. ഇന്ന് എത്രയെത്ര ചാനലുകളാണ്, മലയാളിക്ക് മറിച്ചുനോക്കാന്‍ കഴിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ലോകം വിരല്‍ത്തുമ്പിലായിക്കഴിഞ്ഞു. മനുഷ്യശരീരമെന്നത് സമ്പൂര്‍ണ്ണമായും വാര്‍ത്താശരീരമായിക്കഴിഞ്ഞിരിക്കുന്നു. ക്യാമറ കടന്നു ചെല്ലാത്ത ഇടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കാലയളവില്‍ പ്രൊഫഷണലിസത്തില്‍ വിട്ടുവീഴ്ച വരുത്തിയാല്‍ അത് വാര്‍ത്താചാനലുകളുടെ വന്‍ വീഴ്ചയ്ക്ക് കാരണമായിത്തീരും. കാണികള്‍ക്കു ബോറടിച്ചു തുടങ്ങിയപ്പോള്‍ പ്രഗല്‍ഭനായ അഭിമുഖകാരന്‍ ലാറി കിംഗിനെ വരെ  യാതൊരു കൂസലുമില്ലാതെ മാറ്റിയിട്ടുണ്ട് എന്നതാണ് ചരിത്രം. വിനോദത്തിന്റെ കുത്തൊഴുക്ക് നടക്കുന്ന ഈ കാലത്ത് വാര്‍ത്തയെ വിനോദം വിഴുങ്ങാതിരിക്കണമെങ്കില്‍ വാര്‍ത്താമാധ്യമ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുകതന്നെ ചെയ്യണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍