UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ഇന്ന് ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും

കൂടിക്കാഴ്ച ഗവര്‍ണ്ണര്‍ പി സദാശിവം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തിയ പശ്ചാത്തലത്തില്‍

സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇന്ന് ആര്‍ എസ് എസ്-ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍ എസ് എസ് നേതാവ് പി ഗോപാലന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തുടര്‍ന്ന് വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെയും ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെയും തുടര്‍ന്ന് ഗവര്‍ണ്ണര്‍ പി സദാശിവം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി എത്രയും വേഗത്തില്‍ ബിജെപി ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന തീരുമാനം ഉണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്സിംഗ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് കേന്ദ്രം ഇടപടണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുണ്ട്. സംസ്ഥാനത്ത് നടക്കുന്നത് ഉന്‍മൂലന രാഷ്ട്രീയമാണെന്നാണ് ശ്രീകാര്യത്തെ ആര്‍ എസ് എസ് കാര്യവാഹക് രാജേഷിന്റെ കൊല നടന്ന ഉടനെ മാധ്യമങ്ങളെ കണ്ട കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

അതേ സമയം കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണ് എന്നും തരത്തിലുള്ള വാദവും ശക്തമാണ്. ഈ കാര്യത്തില്‍ കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ഡിജിപി ലോകനാഥ് ബെഹ്റ തയ്യാറായിട്ടില്ല. എന്നാല്‍ കൊലപാതക സംഘത്തിലെ മുഴുവന്‍ ആളുകളെയും 24 മണിക്കൂര്‍ കൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് ആഭ്യന്തര വകുപ്പിനെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാവുന്ന കാര്യമാണ്. കൂടാതെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും റിമാന്‍സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ഉന്നയിക്കാന്‍ ബിജെപിക്ക് പോലും സാധിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍