UPDATES

വായന/സംസ്കാരം

മാധ്യമധാര്‍മ്മികതയുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍

ഈ ആഴ്ചയിലെ പുസ്തകം

ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും (മാധ്യമ പഠനങ്ങള്‍)

കമല്‍റാം സജീവ്
ഒലീവ്
വില: 250 രൂപ

 

‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന പുസ്തകം വിചാരണകളുടെയും വിലയിരുത്തലുകളുടെയും വിമര്‍ശനങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും സിംഫണിയാണ്. പത്രപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യവും പാരതന്ത്ര്യവും പതാകവാഹകരായി പരിണമിക്കുന്ന സിദ്ധാന്തപക്ഷങ്ങളെ എഴുത്തിന്റെ എതിര്‍വഴികളിലൂടെ പുനരാനയിക്കുന്ന കൗണ്ടര്‍ മ്യൂസിക്കാണ്. ഹൃദയപക്ഷത്തിന്റെ സ്വരസ്ഥാനങ്ങളില്‍ നിറയുന്ന നിഷാദമാണത്.

 

മാധ്യമധാര്‍മ്മികതയുടെ പേരിലുള്ള ഹിപ്പോക്രസികളെ ഹിംസിച്ചുകൊണ്ട്, നൈതികതയുടെ പാഠാവലികള്‍ പുനര്‍നിര്‍മ്മിക്കുകയാണ് കമല്‍റാം സജീവ് ഈ പുസ്തകത്തിലൂടെ. മലയാള പത്രപ്രവര്‍ത്തനത്തിന് സംഭവിച്ച പാളിച്ചകളെ പൂര്‍ണ്ണമായി പഠിച്ച് സോദാഹരണം പുതിയ ഭൂമികകള്‍ സൃഷ്ടിക്കുന്നു കമല്‍റാം. അവിടെ തൊഴില്‍പരമായ സത്യസദ്ധതയും ധൈഷണികമായ സത്യപ്രസ്താവനകളുമുണ്ട്.  പരസ്പരപൂരകങ്ങളായ ഈ പരിതോവസ്ഥയില്‍  നിന്നുകൊണ്ടാണ് കമല്‍റാം സജീവ് എന്ന യുവമാധ്യമപ്രവര്‍ത്തകന്‍ മാധ്യമധാര്‍മ്മികതയുടെ  പൊരുള്‍ അന്വേഷിക്കുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്നത് ജനാധിപത്യത്തോട് ഉള്‍ച്ചേര്‍ത്തിരിക്കേണ്ടുന്ന സൂക്ഷ്മവും സുതാര്യവുമായ രാഷ്ട്രീയമാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.

 

‘നവോത്ഥാനമൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുത്തുകൊണ്ട് വിമോചനത്തിന്റെയും സമത്വത്തിന്റെയും ബഹുസ്വരമായ രീതികളിലൂടെ വളര്‍ന്നെന്നത് മലയാളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം. അത് അടിമത്വത്തോട് കലഹിച്ചതും അയിത്തത്തിനെതിരെ പ്രക്ഷോഭം ചെയ്തതും   അതതുകാലത്തെ അനാചാരങ്ങള്‍ക്കെതിരെ എഴുതിയെഴുതി വെളിച്ചമുണ്ടാക്കിയതും എഴുതപ്പെട്ട ചരിത്രത്തില്‍ തന്നെയുണ്ട്. എന്നാല്‍ അസുഖകരമായ ആശങ്കാജനകമായ പിന്തിരിഞ്ഞുനടത്തം അതിവേഗം സംഭവിക്കുന്ന മേഖലയായിട്ടാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സാമൂഹികതലം ഇന്ന് പരിണമിച്ചുകൊണ്ടിരിക്കുന്നത്. ‘

 

ആമുഖത്തില്‍ കമല്‍റാം സജീവിന്റെ വാക്കുകളാണിത്. ‘ആശങ്കാജനകമായ പിന്തിരിഞ്ഞുനടത്തം’ എന്ന പദപ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരള സമൂഹത്തിന്റെ സമസ്തമേഖലകളിലും ഈ പിന്തിരിഞ്ഞുനടത്തം ആശങ്കയും അശാന്തിയും സൃഷ്ടിക്കുന്നു. ആദ്യകാലങ്ങളില്‍ എന്തൊക്കെ അപകടകരങ്ങളായ  സ്ഥിതിവിശേഷങ്ങളെയാണോ പൊരുതിപ്പൊരുതി ആട്ടിയകറ്റാന്‍ ശ്രമിച്ചത്, അവയൊക്കെയും  വര്‍ദ്ധിതവീര്യത്തോടെ മടങ്ങിവരുന്ന അസുഖകരമായ അന്തരീക്ഷമാണ് ശരാശരി മലയാളി കണ്ടുകൊണ്ടിരിക്കുന്നത്. ബഹുസ്വരമായ ജനാധിപത്യത്തിന്റെ സാധ്യതകള്‍ക്ക് വിപണനത്തിന്റെ താല്‍ക്കാലിക ലാഭം കൊണ്ട് തുരങ്കം  തീര്‍ക്കുന്നു. മതവിശ്വാസികള്‍ക്കിടയില്‍ ആസൂത്രിതമായി ചൂഷണം നടത്തുന്ന ഏറ്റവും വലിയ  പ്രതിലോമശക്തിയായി കേരളത്തിലെ മാധ്യമപ്രവര്‍ത്തനം മാറിക്കഴിഞ്ഞിരിക്കുന്നതായും കമല്‍റാം കണ്ടെത്തുന്നു.

 

‘ന്യൂസ് ഡസ്‌ക്കിലെ കാവിയും ചുവപ്പും’ എന്ന ആദ്യലേഖനം സമീപകാല കേരള മാധ്യമപ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. സി.പി.എമ്മിനേയും വലതുപക്ഷത്തേയും ഹിന്ദു അജണ്ടയെയും മറ്റും വിമര്‍ശനാത്മകമായ കാഴ്ച്ചപ്പാടിലൂടെ സുധീരം പരിശോധിക്കുകയാണ് കമല്‍റാം ഈ ലേഖനത്തില്‍. ഹിന്ദുത്വവാദത്തിനെതിരെയുള്ള കമല്‍റാമിന്റെ എഴുത്തിനെ ‘കേസരി’ പത്രം ആക്രമിച്ചിട്ടുള്ള സന്ദര്‍ഭങ്ങളും ഇവിടെ നമുക്ക് കൂട്ടിവായിക്കാവുന്നതാണ്.

 

‘പത്രം പത്രേന ശാന്തി’ എന്ന ലേഖനം തികച്ചും മാധ്യമവിചാരണയുടെ ഒത്തുതീര്‍പ്പില്ലാത്ത വാദഗതികളുടെ അശാന്തപര്‍വ്വമാണ്.    ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ രാഷ്ട്രീയത്തെ ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ കാണുന്നു എന്നു നാം തിരിച്ചറിയുന്നു. ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും അഴിമതികളെ തുറന്നുകാട്ടുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളെ, ഇടതുപക്ഷ എഡിറ്ററായ എന്‍. റാം അമരക്കാരനായിരുന്നിട്ടു കൂടി  ഇവയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയാതെ പോയ ഹിന്ദുവിന്റെ സാഹചര്യത്തെ കമല്‍ എത്ര വിദഗ്ധമായിട്ടാണ് വിശകലനം ചെയ്യുന്നതെന്ന് നോക്കുക. ഈ ലേഖനം നാളത്തെ പത്രപ്രവര്‍ത്തകര്‍ രാഷ്ട്രീയമായി സജ്ജരാകേണ്ടത് എങ്ങനെയെന്ന് കാണിച്ചുതരുന്നു.

 

‘കരുണാകരന്റെ എഴുതാത്ത ആത്മകഥ’ എന്ന ലേഖനം ഒരു നിഗൂഢമായ വെളിപ്പെടുത്തലിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.  കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ അധാര്‍മ്മികമായ പൊതുജീവിതത്തിന്റെ മലിനമായ മാനസികഭാവങ്ങളെ വലിച്ചെടുത്ത് പുറത്തിടുകയാണ് ലേഖകന്‍. നവാബ് രാജേന്ദ്രന്റെയും  അഴീക്കോടന്‍ രാഘവന്റെയും അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമല്‍റാം ഈ ലേഖനം എഴുതിയിരിക്കുന്നത്. കരുണാകരന്‍ കേരളത്തോട് പൊറുക്കാനാവാത്ത തെറ്റു ചെയ്ത നേതാവാണ്. ആ കരുണാകരനെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കുന്നതിന് വേണ്ടി തന്റെ ജീവിതം ബലികൊടുത്ത വ്യക്തിയാണ്  നവാബ് രാജേന്ദ്രന്‍. ‘ഒടുവില്‍ നവാബ് പറഞ്ഞത്’ എന്ന ലേഖനം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ നമ്മളറിയാതെ വിങ്ങിപ്പോകുന്നു. സിവില്‍ സമൂഹ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ് നവാബ് രാജേന്ദ്രന്‍.

 

‘രാജേന്ദ്രന്റെ നവാബില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫോട്ടോസ്റ്റാറ്റ്. പിന്നീടുണ്ടായ അഴീക്കോടന്‍ വധം എന്നിവ കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത, മായ്ക്കാനാവാത്ത രേഖ തന്നെയാണ്. ആ ഫോട്ടോസ്റ്റാറ്റിന്റെ ശക്തി, രാജേന്ദ്രന്റെ മുന്‍നിരപ്പല്ലുകളെല്ലാം മഹാനായ മനുഷ്യസ്‌നേഹിയും ഗാന്ധിയനും ശ്രീകൃഷ്ണഭക്തനും ആന്റണിയേക്കാള്‍ ആദര്‍ശവാനുമായ ലീഡറുടെ ഗുണ്ടാപ്പണി ചെയ്ത ഒരു പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ ഇടിച്ചുതെറിപ്പിച്ചുകളഞ്ഞിരുന്നു. ‘നവാബി’ല്‍ പ്രസിദ്ധീകരിക്കപ്പെട്ട രേഖ, കെ.കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം രാജേന്ദ്രനെ കൊണ്ട് ബലംപ്രയോഗിച്ച് ഇറച്ചിക്കറിയില്‍ ചേര്‍ത്ത് കഴിപ്പിച്ചതായി ജയറാം പടിക്കല്‍ എന്ന കുപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.’ എന്നിങ്ങനെയുള്ള വെളിപ്പെടുത്തലും ജയറാം പടിക്കലിന്റെ ഭാര്യ വീട്ടുകാരുമായുള്ള കരുണാകരന്റെ അടുപ്പവുമൊക്കെ കമല്‍ തുറന്നുകാട്ടുമ്പോള്‍  സമൂഹമനസാക്ഷിയുടെ പിടച്ചിലാണ് നമ്മള്‍ അനുഭവിക്കുന്നത്.

 

‘ആഗോളീകരണകാലത്തെ മാധ്യമധാര്‍മ്മികത: ചില അപ്രീയസത്യങ്ങള്‍’ എന്ന ലേഖനം  ദേശീയവും അന്തര്‍ദേശീയവുമായ മാധ്യമരീതികളെയും ഇഷ്ടാനിഷ്ടങ്ങളെയും തുറന്നുകാട്ടുന്നു. ആഗോളമാധ്യമലോകത്തെക്കുറിച്ച് നിരവധി അപ്രീയസത്യങ്ങള്‍ തുറന്നുപറുയന്ന ‘മീഡിയ മോണലിത്ത്‌സ്’ എന്ന കൃതിയെ ആധാരമാക്കിയുള്ള കമല്‍റാം സജീവിന്റെ മാധ്യമ വിചാരങ്ങള്‍ സമര്‍ത്ഥനായ ഒരു പത്രപ്രവര്‍ത്തകന്റെ സമീപനരീതിയെ കാണിച്ചുതരുന്നു.

 

തെഹല്‍ക ലേഖകനായിരുന്ന ആശിഷ് ഖേതാനുമായുള്ള അഭിമുഖം ഈ പുസ്തകത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. കയ്യടക്കത്തോടെയും കാഴ്ച്ചപ്പാടിന്റെ ഉള്‍ക്കരുത്തോടെയും കമല്‍റാം ഖേതാനുമായി നടത്തുന്ന സംഭാഷണം മാധ്യമലോകത്തിന്റെ അറകളിലേക്കുള്ള ഇരുളും വെളിച്ചവുമാണ്. ചോദ്യങ്ങളും ഉത്തരങ്ങളും ആപേക്ഷികമായ അനുപാതത്തിന്റെ അന്തര്‍ദര്‍ശനങ്ങളിലേക്ക് കടന്നുപോകുന്നു. സക്കറിയ, ഇ.പി ഉണ്ണി, പിണറായി വിജയന്‍, ശശികുമാര്‍ എന്നിവരുമായുള്ള സംഭാഷണങ്ങളും മാധ്യമരംഗത്തിന്റെ മറ്റു ചിലതലങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രകളാണ്. പ്രത്യേകിച്ചും ശശികുമാറുമായുള്ള അഭിമുഖത്തില്‍ ദൃശ്യമാധ്യമരംഗത്തെ പ്രശ്‌നങ്ങള്‍ പൊതുവെയും സോഷ്യല്‍ മീഡിയയുടെ വരവോടെയുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ വിശേഷിച്ചും വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

 

‘പത്ര വിശേഷം’ (ഇന്‍ എഡിറ്റഡ്) എന്ന ലേഖനം ഏഷ്യാനെറ്റില്‍ ബി.ആര്‍.പി. ഭാസ്‌കര്‍ രാജിവയ്ക്കാനും ‘പത്രവിശേഷം’ എന്ന പംക്തി അവസാനിപ്പിക്കാനും ഇടയാക്കിയ സംഭവങ്ങള്‍ വിവരിക്കുന്നു. ഒപ്പം പത്രപ്രവര്‍ത്തനത്തിലെ പ്രൊഫഷണല്‍ മൂല്യങ്ങള്‍ എങ്ങനെ ഉയര്‍ത്തിപ്പിടിക്കാം എന്ന് ബി.ആര്‍.പി. സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്. ബി.ആര്‍.പി. ഭാസ്‌കര്‍ എന്ന ‘മാധ്യമ ധീരവിശുദ്ധ’നെ കമല്‍റാം എങ്ങനെ നോക്കിക്കാണുന്നു എന്നതു കൂടിയാണിത്.

 

മുസ്ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളോടുള്ള  മാധ്യമസമീപനങ്ങളിലെ ഉപരിപ്ലവതയെക്കുറിച്ചും  രണ്ട് ഇറാഖ് യുദ്ധകാലങ്ങളെ സ്വന്തം വിപണിമൂല്യം കൂട്ടാന്‍ മറയാക്കിയ പത്രങ്ങളെക്കുറിച്ചും കമല്‍ തുറന്നടിക്കുന്നു. ‘ഇസ്ലാമിക ഭരണകൂടങ്ങള്‍ എന്ന് നാം കേള്‍ക്കുന്ന ഭരണകൂടങ്ങള്‍ മുഴുവനും തീര്‍ത്തും അമേരിക്കനൈസ് ചെയ്യപ്പെട്ട ഫ്രാഞ്ചൈസികളാണെന്ന്‌കേരളത്തിലെ മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനത്തിനും അറിയില്ല.’ എന്ന സത്യം കമല്‍റാം വെളിവാക്കുന്നുണ്ട്.

 

മലയാള മാധ്യമരംഗത്തെ വേറിട്ടൊരു ഗ്രന്ഥമാണ് ‘ന്യൂസ് ഡസ്‌ക്കിലെ കാവിയും ചുവപ്പും’. പലരും എഴുതാനും പറയാനും മടിക്കുന്ന ഇടങ്ങളിലേക്ക് കടക്കുകയും മാധ്യമവിചാരണയുടെയും ആത്മവിചാരണയുടെയും തലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആഗോളതലത്തിലും ദേശീയതലത്തിലും ഉണ്ടാകുന്ന ചലനങ്ങള്‍ അറിയുകയും അവയെ അപഗ്രഥിക്കുകയും ചെയ്യുന്ന അപകടകരമായ ഒരു സഞ്ചാരമാണ് ഈ കൃതി.  ഇന്നത്തെയും നാളത്തെയും ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരുപാഠപുസ്തകമാണിത്. ഇന്ത്യയിലെയും വിദേശത്തെയും പത്രങ്ങളെയും പ്രവര്‍ത്തകരെയും മനസ്സിരുത്തിപ്പഠിച്ച് പരീക്ഷയെഴുതി ഒന്നാം റാങ്കില്‍ വിജയിച്ച ഒരു വ്യക്തിയെയാണ് ഈ പുസ്തകത്തിലൂടെ അറിയുന്നത്. നിശ്ചയമായും മാധ്യമമേഖലയില്‍ ഈ ഗ്രന്ഥം ഇളക്കിവിടുന്ന അസ്വസ്ഥതയുടെ അലകള്‍ക്ക് അതിജീവനത്തിന്റെ സാദ്ധ്യതകള്‍ ഉണ്ടായിരിക്കും.

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍