വില്ല വാങ്ങാന്‍ പണം നല്‍കിയത് പാകിസ്താനില്‍ ഹാഫിസ് സയിദിന്റെ കീഴിലുള്ള ഫലാ ഇ ഇന്‍സാനിയാത് ഫൗണ്ടേഷന് (എഫ് ഐ എഫ്) ട്രസ്റ്റ് ആണ് എന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്നു.
ലഷ്കര്‍ ഇ തയിബ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപണവിധേയനുമായ ഹാഫിസ് സയിദിന്റേത് എന്ന് പറയുന്ന ഗുരുഗ്രാമിലെ വില്ല, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാഫിസ് സയിദിന്റെ ഫിനാന്ഷ്യറെന്ന് ആരോപണവിധേയനായ കാശ്മീരി ബിസിനസുകാരന് സഹൂര്‍ അഹമ്മദ് ഷാ വതാലിയാണ് ഈ വില്ല വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ എന്‍ഐഎ ഒരു ടെറര്‍ ഫണ്ടിംഗ് കേസില്‍ വതാലിയെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിക്ക് സമീപം ഹരിയാനയിലാണ് ഗുരുഗ്രാം (ഗുഡ് ഗാവ്).
വില്ല വാങ്ങാന്‍ പണം നല്‍കിയത് പാകിസ്താനില്‍ ഹാഫിസ് സയിദിന്റെ കീഴിലുള്ള ഫലാ ഇ ഇന്‍സാനിയാത് ഫൗണ്ടേഷന് (എഫ് ഐ എഫ്) ട്രസ്റ്റ് ആണ് എന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്നു. യുഎഇയില്‍ നിന്ന് ഹവാല വഴിയാണ് ഹാഫിസിന്റെ ട്രസ്റ്റ് പണം നേടിയത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനും ഭീകരാക്രമണം സംഘടിപ്പിക്കുന്നതിനുമാണ് ഇത്. എഫ് ഐ എഫിനെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടതാണ് ജപ്തി നടപടി. വില്ലകളും ആഡംബര അപ്പാര്‍ട്ട്മെന്റുകളും ബംഗ്ലാവുകളുമടക്കം ഹാഫിസ് സയിദിന്റേത് എന്ന് പറയപ്പെടുന്ന 24 പ്രോപ്പര്‍ട്ടികള്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് പറയുന്നു.