UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ച് എഫ്ബിഐ ചാര വനിത

2014ല്‍ ഡാനിയേല ഗ്രീന്‍ സിറിയയില്‍ പോയാണ് ഐഎസ് ഭീകരവാദിയെ വിവാഹം കഴിച്ചത്

ഇസ്ലാമിക് സ്റ്റേറ്റിന്റെ ജര്‍മ്മനിയില്‍ നിന്നുള്ള അംഗത്തിനെതിരെ ചാരപ്പണി ചെയ്യാന്‍ നിയോഗിക്കപ്പെട്ട എഫ്ബിഐ ഉദ്യോഗസ്ഥ അയാളെ വിവാഹം കഴിച്ചുകൊണ്ട് വാര്‍ത്ത സൃഷ്ടിച്ചു. ഇവര്‍ സിറിയയില്‍ പോയാണ് ഐഎസ് ഭീകരവാദിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘അതീവ രഹസ്യ’ സുരക്ഷ അനുമതി ഉണ്ടായിരുന്ന ഡാനിയേല ഗ്രീന്‍ തന്റെ മാതാപിതാക്കളെ കാണാന്‍ ജര്‍മ്മനിയിലേക്ക് പോവുകയാണെന്നാണ് 2014ല്‍ ജൂണില്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതെന്നാണ് കോടതി രേഖകള്‍ തെളിയിക്കുന്നത്.

എന്നാല്‍ അവര്‍ തുര്‍ക്കിയിലേക്ക് പറക്കുകയും അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തി ഐഎസ് ഭീകരവാദിയെ വിവാഹം കഴിക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകരവാദിയെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും ഡെസോ ഡോഗ്ഗ് എന്ന പേരില്‍ കുപ്രസിദ്ധനായ ഡെനീസ് കുസ്‌പേര്‍ട്ട് ആണ് അയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാളെ 2015ല്‍ തന്നെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവരെ ഐഎസില്‍ ചേര്‍ക്കുന്നതിനായി ഇയാള്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. കൂടാതെ ശത്രുക്കളുടെ തലവെട്ടി പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളില്‍ വരെ ഇയാള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ചെക്കസ്ലോവാക്യയില്‍ ജനിച്ച ഗ്രീന്‍ ഒരു യുഎസ് സൈനികനെ വിവാഹം കഴിച്ചതിന് ശേഷമാണ് അമേരിക്കയില്‍ എത്തുന്നത്. 2011 മുതല്‍ അവര്‍ എഫ്ബിഐയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 2014 ജൂണ്‍ 27ന് സിറിയയില്‍ എത്തിയയുടന്‍ അവര്‍ കുസ്‌പെര്‍ട്ടിനെ വിവാഹം കഴിച്ചു എന്നാണ് കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അധികം നാളുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ അവര്‍ സിറിയയില്‍ നിന്നും രക്ഷപ്പെട്ടു. അത് എങ്ങനെയാണ് എന്ന് കോടതി രേഖകളില്‍ പറയുന്നില്ല. ഏതായാലും കുറ്റസമ്മതം നടത്തിയ ഗ്രീനിന് 24 മാസത്തെ തടവാണ് ശിക്ഷയായി വിധിക്കപ്പെട്ടത്. അവര്‍ കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതയാകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍