UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി-ജെ.ഡി (യു) കൂട്ടുകെട്ട്: ബിഹാറില്‍ ബീഫിന്റെ പേരില്‍ ആദ്യ ആക്രമണം

ആക്രമിച്ചവരെ അറിയില്ലെന്നും ബീഫ് കടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തെന്നും പോലീസ്

ബിഹാറിലും ബീഫിന്റെ പേരില്‍ അക്രമം. ആര്‍.ജെ.ഡിയുമായി ബന്ധമുപേക്ഷിച്ച് ജെ.ഡി-യു ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഒരാഴ്ച തികയും മുമ്പാണ് ബിഹാറില്‍ നിന്ന് ആദ്യ ബീഫ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആക്രമണം നടത്തിയവര്‍ ആരെന്നറിയില്ലെന്നും പകരം ബീഫ് കടത്താന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പോലീസ് നിലപാട്.

പിടിച്ചെടുത്ത ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പോത്തിന്റെ ഇറച്ചയാണെന്നാണ് ബോധ്യപ്പെട്ടതെന്നും ഇത് ബംഗാളിലേക്ക് കടത്തുകയായിരുന്നു ഉദ്ദേശമെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ സര്‍ഫുദീന്‍ ഖാന്‍, അജ്മുള്ള ഖാന്‍, ഗുലാം ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ നല്‍കിയ വിവരമനുസരിച്ച് റാണിനഗര്‍ എന്ന സ്ഥലത്ത് നടത്തിയ റെയ്ഡില്‍ കശാപ്പുശാല കണ്ടെത്തി ഇത് അടപ്പിച്ചെന്നും പോലീസ് പറഞ്ഞു. ബിഹാറില്‍ 1955-ലെ The Bihar Preservation and Improvement of Animals Act അനുസരിച്ച് പശു, പോത്ത്, കാള തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനോ കാലികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനോ വിലക്കുണ്ട്. 25 വയസ് കഴിഞ്ഞ, ഉത്പാദനക്ഷമതയില്ലാത്ത കാളകളെ അനുമതിയോടെ അറക്കാന്‍ മാത്രമാണ് ഇവിടെ അനുമതിയുള്ളത്.

ഇന്നലെ രാവിലെയാണ് മുസ്ലീം ഭൂരിപക്ഷ മേഖലയായ റാണിസാഗറില്‍ നിന്ന് പുറപ്പെട്ട ട്രക്ക് ഷാഹ്പൂരില്‍ വച്ച് ജനക്കൂട്ടം തടയുന്നതും ഡ്രൈവര്‍ അടക്കമുള്ളവരെ മര്‍ദ്ദിക്കുന്നതും. തുടര്‍ന്ന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നടക്കുന്ന ബീഫ് വില്‍പ്പന തടയാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ജനക്കൂട്ടം റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ബീഫിന്റെ പേരില്‍ കാണേണ്ടെന്നും ഇത് ബി.ജെ.പി- എല്‍.ജെ.പി വിഷയമല്ലെന്നും ക്രമസമാധാന പ്രശ്‌നം മാത്രമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ എല്‍.ജെ.പി നേതാവ് പശുപതി കുമാര്‍ പരസ് പറഞ്ഞു.

ബിജെപി ഭരിക്കുന്ന മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫിന്റെ പേരില്‍ നിരവധി ആക്രമണങ്ങള്‍ നടക്കുമ്പോഴും ഇതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു ബീഹാര്‍ ഇതുവരെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍