UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ ഗാര്‍ബ കാണാനെത്തിയ ദളിത്‌ യുവാവിനെ അടിച്ചു കൊന്നു; മീശ വച്ചതിനു രണ്ടു പേര്‍ക്ക് മര്‍ദ്ദനം

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കെ സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോയെന്നും സംശയം

ഗുജറാത്തില്‍ ദളിതര്‍ക്കു നേരെ വീണ്ടും അക്രമം. ആനന്ദ് ജില്ലയില്‍ ഗാര്‍ബ (നവരാത്രിയോടനുബന്ധിച്ചുള്ള ഉത്സവം) കാണാനെത്തിയ ദളിത് യുവാവ് ജയേഷ് സോളങ്കിയാണ് ഉന്നതജാതിക്കാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ പട്ടേല്‍ വിഭാഗക്കാരായ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ തലേന്നും അതിന് രണ്ടു ദിവസം മുമ്പും ദളിതര്‍ക്കെതിരെ ഉന്നതജാതിക്കാരുടെ സമാനരീതിയിലുള്ള അക്രമം ഉണ്ടായിരുന്നു. മീശ വച്ചതിനെ പരിഹസിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ രജപുത്ര വിഭാഗക്കാരാണ് അറസ്റ്റിലായത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കെ, ഇപ്പോഴുണ്ടാകുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഗാര്‍ബ കാണാന്‍ കസിന്‍ പ്രകാശ് സോളങ്കിക്കും മറ്റു രണ്ടു പേര്‍ക്കുമൊപ്പമാണ് ജയേഷ് ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഈ ഗ്രാമക്കാരനായ സഞ്ജയ് പട്ടേല്‍ എന്നയാള്‍ ജയേഷിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വാക്കേറ്റത്തില്‍ ചിന്തന്‍ പട്ടേല്‍, ജിഗ്‌നേഷ് പട്ടേല്‍, റിത്വിക് പട്ടേല്‍, വിക്കി പട്ടേല്‍, ദയാല്‍ പട്ടേല്‍, ദിപന്‍ പട്ടേല്‍, ദീപേഷ് പട്ടേല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജയേഷിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗോര്‍ബ കാണാന്‍ ദളിത് യുവാക്കള്‍ക്ക് അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ശനിയാഴ്ച വെളുപ്പിനെ നാലുമണിക്കായിരുന്നു സംഭവം.

ഭിത്തിയില്‍ തല ഇടിപ്പിച്ചതിനെ തുടര്‍ന്ന് തലച്ചോറിന് മാരകക്ഷതമേറ്റ നിലയില്‍ ബോധരഹിതനായ ജയേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ മുന്‍വൈരാഗ്യമോ മറ്റെന്തെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കാരണമെന്നുമാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ എല്ലാ വശങ്ങളും തങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് പറയുന്നു.

രജപുത്രരെ പോലെ മീശ വച്ചതിനാണ് കഴിഞ്ഞയാഴ്ച ഗാന്ധിനഗറില്‍ വച്ച് പീയൂഷ് പര്‍മാര്‍ എന്ന ദളിത് നിയമവിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. അതിനു രണ്ടു ദിവസം മുമ്പ് കൃനാല്‍ മഹേരി എന്ന ദളിത് നിയമ വിദ്യാര്‍ത്ഥിക്കും സമാന കാരണത്താല്‍ മര്‍ദ്ദനമേറ്റിരുന്നു. മീശവച്ചാല്‍ രജപുത്രനാകില്ല എന്നു പറഞ്ഞായിരുന്നു ഇരുവര്‍ക്കും മര്‍ദ്ദനം. ദളിത് യുവാക്കള്‍ ഇത്തരത്തില്‍ മീശ വയ്ക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും രജപുത്ര യുവാക്കള്‍ പറഞ്ഞുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട രജപുത്ര വിഭാഗത്തില്‍ പെട്ട യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മൂന്ന് സമുദായങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിതുകള്‍, പട്ടേല്‍ വിഭാഗക്കാരുടെ നേതാവായ ഹാര്‍ദിക് പട്ടേല്‍, ഒ.ബി.സി വിഭാഗക്കാരുടെ നേതാവായ അല്‍പേഷ് താക്കൂര്‍ എന്നീ യുവാക്കളാണ് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ വലിയ തോതില്‍ സ്വാധീനിക്കും. ജിഗ്‌നേഷും ഹാര്‍ദികും അല്‍പ്പേഷും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തങ്ങളുടെ ജനപിന്തുണ തെളിയിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.

ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിത്‌ യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിനിരയായ സംഭവം രാജ്യത്ത് തന്നെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് വിവിധ സംസ്ഥാനങ്ങളില്‍ ദളിത്‌ പോരാട്ടങ്ങള്‍ക്ക് ഉണര്‍ച്ച നല്‍കുകയും ചെയ്തു. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്‌ ജിഗ്നേഷ് മേവാനി. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടുകൊണ്ട് പട്ടീദാര്‍മാരെ സംഘടിപ്പിച്ചാണ് ഹാര്‍ദിക് പട്ടേല്‍ നേതൃനിരയിലേക്ക് വരുന്നത്. ഹൈവേക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ്‌ അല്‍പേഷ് താക്കൂര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒബിസി വിഭാഗക്കാരെ സംഘടിപ്പിച്ചത്.  ബിജെപിയാണ് ഈ മൂന്നു കൂട്ടരുടെയും മുഖ്യശത്രു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍