UPDATES

ട്രെന്‍ഡിങ്ങ്

പൊതുമുതല്‍ നശിപ്പിക്കലിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കുന്നു

നശിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് വിപണി വില അനുസരിച്ചുള്ള തുകയും ഇവരില്‍ നിന്ന് ഈടാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കാന്‍ ആലോചന. പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ നേതാക്കളുടെ മേല്‍ ചുമത്തുന്ന കാര്യങ്ങള്‍ ഭേദഗതി ബില്ലില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചനയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ ഇന്നാരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പരിഗണനയ്ക്ക് വന്നേക്കും.

ബന്ത്, ഹര്‍ത്താല്‍, പ്രതിഷേധങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് 2007-ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കുന്ന പല പ്രക്ഷോഭങ്ങളും ആളിക്കത്തിക്കുന്നത് രാഷ്ട്രീയ നേതാക്കളാണങ്കിലും അവര്‍ യാതൊരു വിധത്തിലും പിന്നീട് ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ആക്കപ്പെടുന്നില്ല. പകരം അടിത്തട്ടിലുള്ള പ്രവര്‍ത്തകരും സാധാരണക്കാരുമാണ് പലപ്പോഴും കുടുങ്ങൂകയെന്നും ഇക്കാര്യം പരിശോധിക്കുന്നതിനുള്ള സമിതിക്ക് രൂപം നല്‍കിക്കൊണ്ട് 2009-ല്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

തുടര്‍ന്ന് നിയമനിര്‍മാണത്തിന്റെ ഭാഗമായി 2015-ല്‍ ഭേദഗതി ബില്‍ കൊണ്ടുവരികയും ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കലിന് ഉത്തരവാദികളായി അതാത് പാര്‍ട്ടികളുടെ രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്തം കല്‍പ്പിച്ചു കൊണ്ടുള്ളതായിരുന്നു ബില്ലിലെ വ്യവസ്ഥ. അതോടൊപ്പം, നശിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് വിപണി വില അനുസരിച്ചുള്ള തുകയും ഇവരില്‍ നിന്ന് ഈടാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍ ഈ നിയമം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അകാരണമായി ലക്ഷ്യം വയ്ക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് എളുപ്പമാകും എന്ന ആശങ്ക പലരും പ്രകടിപ്പിച്ചു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ഇവരെ ജയിലില്‍ അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ വ്യവസ്ഥ കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നതോടെയാണ് ഇക്കാര്യം മാറ്റുന്ന കാര്യം ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. സ്വകാര്യമുതലുകള്‍ നശിപ്പിക്കപ്പെടുന്ന കാര്യം ഈ ബില്ലിന്റെ പരിധിയില്‍ വരില്ല. സ്വകാര്യമുതലുകള്‍ക്ക് വിവിധ ഇന്‍ഷ്വറന്‍സുകള്‍ ഉള്ള സാഹചര്യത്തിലാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍