UPDATES

സിനിമ

‘ദൈവം ആവശ്യപ്പെട്ടാല്‍ നാളെ രാഷ്ട്രീയത്തില്‍’-രജനികാന്ത്

രാഷ്ട്രീയത്തെ പണം സമ്പാദിക്കാനായി ഉപയോഗിക്കുന്നവരുടെ കൂടെ ആയിരിക്കില്ല താനെന്നും രജനി; ആരാധകരുടെ മീറ്റിംഗില്‍ രജനി എത്തുന്നത് 8 വര്‍ഷത്തിന് ശേഷം

രാഷ്ട്രീയ പ്രവേശന സൂചനകള്‍ നല്‍കി രജനികാന്ത്. “ദൈവ നിയോഗം അതാണെങ്കില്‍ അത് നടക്കും.” ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ 700 ഓളം വരുന്ന ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് രജനീകാന്ത് പറഞ്ഞു. കറുത്ത കുര്‍ത്ത അണിഞ്ഞുകൊണ്ടാണ് 8 വര്‍ഷത്തിന് ശേഷം തന്റെ ആരാധകരെ കാണാന്‍ സൂപ്പര്‍ താരം എത്തിയത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്തായാലും ഇത് അങ്ങനെ ഒന്നായിരിക്കില്ല എന്ന സൂചനയാണ് താരവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്നത്.

“നമ്മള്‍ ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നു ദൈവമാണ് തീരുമാനിക്കുന്നത്. ഇപ്പോള്‍ ദൈവം എന്നോടു ആവശ്യപ്പെട്ടിരിക്കുന്നത് നടന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാനാണ്. അത് ഞാന്‍ നിര്‍വഹിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ദൈവം താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ നാളെ ഞാന്‍ അത് ചെയ്തിരിക്കും. “ രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കി.

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അത് സത്യസന്ധമായി നിർവഹിക്കുമെന്നും രാഷ്ട്രീയത്തെ പണം സമ്പാദിക്കാനായി ഉപയോഗിക്കുന്നവരുടെ കൂടെ ആയിരിക്കില്ല താനെന്നും രജനി പറഞ്ഞു.

1966ല്‍ ഡി എം കെ മുന്നണിയെ പിന്തുണച്ചത് ഒരു രാഷ്ട്രീയ അപകടമായിരുന്നു എന്നാണ് താരം വിശദീകരിച്ചത്. അന്ന് മുന്‍ മുഖ്യമന്ത്രിയെ ജയലളിതയ്ക്കെതിരെ താരം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. ‘ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയില്ല’ എന്ന രജനിയുടെ അന്നത്തെ പ്രസ്താവന ജയലളിതയുടെ വമ്പന്‍ പരാജയത്തിന് ആക്കം കൂട്ടിയതായി രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

ഈ വര്‍ഷം ബിജെപിയുടെ പിന്തുണയോടെ രജനികാന്ത് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പ്രത്യേകിച്ചും ജയലളിതയുടെ മരണവും എ ഐ എ ഡി എം കെയിലെ അധികാര തര്‍ക്കങ്ങളും അത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് നേതാവും മുന്‍ നടിയുമായ നഗ്മ രജനികാന്തിനെ വീട്ടില്‍ ചെന്നു കണ്ടതും താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള കഥകള്‍ക്ക് നിറം പകര്‍ന്നു. ഇത്തവണ രജനി കോണ്‍ഗ്രസില്‍ ചേരുന്നു എന്നായിരുന്നു വാര്‍ത്ത.

എന്തായാലും 8 വര്‍ഷത്തിന് ശേഷം നടക്കുന്ന ആരാധകരുടെ മീറ്റിംഗ് വലിയ ആവേശമാണ് തമിഴ്നാട്ടില്‍ സൃഷ്ടിച്ചിരിക്കുന്നത്.17 ജില്ലകളിലെ ഫാന്‍ ക്ലബ്ബുകളുമായി നടത്തുന്ന മീറ്റിംഗിന് ശേഷം ആരാധകരോടൊപ്പം നില്‍ക്കുന്ന ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. വരും ദിവസങ്ങളില്‍ 5000 ത്തോളം ഫോട്ടോഗ്രാഫുകള്‍ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2008 ലാണ് അവസാനമായി രജനി ആരാധകരുടെ യോഗങ്ങള്‍ സംഘടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍