UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബക്കറ്റില്‍ തൊട്ടതിന് യുപിയില്‍ ദളിത്‌ യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും ഉന്നതജാതിക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

ഒമ്പതു മാസം ഗര്‍ഭിണിയായിരുന്നു സാവിത്രി ദേവി

യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ഖേട്ടാല്‍പ്പൂര്‍ ഭാന്‍സോലി ഗ്രാമത്തില്‍ ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് ഗര്‍ഭിണിയായ ദളിത് സ്ത്രീയെ ഉന്നത ജാതിക്കാരായ താക്കൂറുകള്‍ മര്‍ദ്ദിച്ചു കൊന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. താക്കൂറുകളും ദളിതുകളും തമ്മില്‍ സ്ഥിരം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിതെന്നും ഭൂരിപക്ഷമുള്ള താക്കൂറുകള്‍ നടത്തുന്ന ആക്രമണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ദളിതരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം 15-നാണ് സംഭവം. ഇതിനെക്കുറിച്ച് ദൃക്‌സാക്ഷിയായ കുസുമം ദേവി പറയുന്നത് ഇങ്ങനെയാണ്: വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന സാവിത്രി ദേവി പതിവു പോലെ ജോലിക്കെത്തിയതാണ്, എട്ടു മാസം ഗര്‍ഭിണിയായിരുന്നു അവര്‍. എന്നാല്‍ ഇതിനിടയില്‍ ഒരു റിക്ഷ ഇടിക്കാന്‍ തുടങ്ങിപ്പോള്‍ ബാലന്‍സ് തെറ്റിയ സാവിത്രി ദേവി കയറിപ്പിടിച്ചത് സമീപത്തു വച്ചിരുന്ന ഒരു ബക്കറ്റിലായിരുന്നു. ഉന്നതജാതിക്കാരായ താക്കൂറുകളുടേതായിരുന്നു അത്. ഇതു കണ്ടുകൊണ്ട് പുറത്തേക്കുവന്ന അഞ്ജു എന്ന ബക്കറ്റിന്റെ ഉടമ ബക്കറ്റില്‍ തൊട്ടതിന് പുലഭ്യം പറഞ്ഞു കൊണ്ട് സാവിത്രി ദേവിയുടെ വയറ്റില്‍ ആഞ്ഞിടിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു. പുറത്തേക്കു വന്ന അഞ്ജുവിന്റെ മകനും സാവിത്രി ദേവിയെ മര്‍ദ്ദിച്ചു. ആറു ദിവസത്തിനു ശേഷം സാവിത്രി ദേവിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്, തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ്. പൂര്‍ണ വളര്‍ച്ചയെത്തിയിരുന്ന 44 സെന്റിമീറ്റര്‍ വരുന്ന ‘ആണ്‍ ഭൂണ’വും ഒപ്പം മരിച്ചു.

സമീപത്തുള്ള അഞ്ച് താക്കൂര്‍ വീടുകളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്ന സാവിത്രി ദേവിക്ക് മാസം 100 രൂപയാണ് ഇതില്‍ നിന്നു ലഭിക്കുക. എന്നാല്‍ അഞ്ജുവിന്റെ വീട്ടില്‍ നിന്ന് മാലിന്യം ശേഖരിക്കാറില്ലെന്ന് സാവിത്രി ദേവിയുടെ ഭര്‍ത്താവ് ദിലീപ് കുമാര്‍ പറയുന്നു. അന്നു തന്നെ സാവിത്രി ദേവിയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു. എന്നാല്‍ പുറമെ പരിക്കുകള്‍ ഒന്നുമില്ല എന്നു പറഞ്ഞ് അവര്‍ തിരിച്ചു വിടുകയാണ് ചെയ്തത്. എന്നാല്‍ തല വേദനിക്കുന്നുവെന്നും വയറ്റില്‍ വേദനയുണ്ടെന്നും സാവിത്രി തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ ഇക്കാര്യം ചോദിക്കാന്‍ അഞ്ജുവിന്റെ വീട്ടിലെത്തിയെങ്കിലും എന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു.

ദിലീപിന്റെ ആദ്യ ഭാര്യ മലേറിയ വന്ന് മരിച്ചതോടെയാണ് സാവിത്രി ദേവിയെ കല്യാണം കഴിക്കുന്നത്. ആദ്യ വിവാഹത്തില്‍ ഒമ്പതും ആറും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. അടുത്തത് ആണ്‍കുട്ടിയായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്ന് ദിലീപ് കുമാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഭാര്യയേയും മകനേയും നഷ്ടപ്പെട്ടു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തു ചെയ്യണമെന്നറിയില്ലെന്നും ദിലീപ് കുമാര്‍ പറയുന്നു.

മെഡിക്കല്‍ പരിശോധനയില്‍ കുഴപ്പമൊന്നും കണ്ടില്ല എന്നതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് സ്ഥലം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ പറയുന്നു. എന്നാല്‍ ഗ്രാമത്തിലെത്തി അന്വേഷിച്ചപ്പോള്‍ സാവിത്രി ദേവി മര്‍ദ്ദനത്തിന് ഇരയായ കാര്യം മനസിലായെന്നും തുടര്‍ന്ന് അഞ്ജുവിനും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അന്നുമുതല്‍ അഞ്ജുവും രോഹിതും ഒളിവിലാണ്. അവരുടെ മൂന്നു നില വീട് പൂട്ടിയിട്ടിരിക്കുന്നു. മകള്‍ ജ്യോതി മാത്രമാണ് അവിടെയുള്ളത്. താന്‍ ഭര്‍തൃവീട്ടുകാരുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവിടെ വന്നു നില്‍ക്കുന്നതാണെന്നും അമ്മയോ സഹോദരങ്ങളോ എവിടെയെന്ന് അറിയില്ലെന്നും ജോ്യതി പറയുന്നു. തന്റെ അമ്മ അയല്‍വീട്ടില്‍ നിന്നു വാങ്ങിയ ബക്കറ്റ് ആയിരുന്നു അതെന്നും പുറത്തേക്കു വന്നപ്പോള്‍ അമ്മ കണ്ടത് സാവിത്രി ദേവി അതും പിടിച്ചു നില്‍ക്കുന്നതാണ് എന്നും ജ്യോതി പറയുന്നു. ബക്കറ്റ് മോഷ്ടിക്കുകയാണെന്നാണ് അമ്മ കരുതിയത്. തുടര്‍ന്ന് അവിടെ വഴക്ക് ഉണ്ടായി എന്നത് സത്യമാണ്, എന്നാല്‍ സാവിത്രി ദേവിയെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും താക്കൂറുകളും ദളിതരും തമ്മിലുള്ള ബന്ധം മോശമായതിനാല്‍ ഈ സംഭവം ഉപയോഗിച്ച് തങ്ങളെ കേസില്‍ കുടുക്കുകയാണെന്നും ജ്യോതി ആരോപിക്കുന്നു.

*representational image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍