UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആല്‍വാറിലെ പശുവിന്റെ പേരിലെ കൊല; പ്രതികളായ ഗോസംരക്ഷകരെ പിടിക്കാതെ പോലീസ്

കന്നുകാലികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ഗോസംരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം ആക്രമിച്ചപ്പോഴാണ് പെഹ്ലു ഖാന്റെ ജീവന്‍ നഷ്ടമായത്

ഗോരക്ഷയുടെ പേരില്‍ ആല്‍വാറില്‍ പെഹ്ലു ഖാന്‍ ഈ ഏപ്രില്‍ ഒന്നിന് കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ആരോപണം ശക്തമാവുന്നു. കന്നുകാലികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ഗോസംരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം ആക്രമിച്ചപ്പോഴാണ് പെഹ്ലു ഖാന്റെ ജീവന്‍ നഷ്ടമായത്. രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തന്നെ ക്രൂരമായി ആക്രമിച്ചവരില്‍ ഹുക്കും ചന്ദ്, നവീന്‍ ശര്‍മ്മ, ജഗ്മല്‍ യാദവ്, ഓം പ്രകാശ്, സുധീര്‍, രാഹുല്‍ സൈനി എന്നിവരുടെ പേരുകള്‍ പെഹ്ലു ഖാന്റെ മരണമൊഴിയിലുണ്ട്. ഇവരെല്ലാം ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. വിപിന്‍ യാദവ് (19), രവീന്ദ്ര യാദവ് (30), കാലു രാം യാദവ് (44), ദയാനന്ദ് (40), നീരജ് (19) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ ദയാനന്ദും നീരജുമാണ് ഏറ്റവും ക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്. ഇവരെ ശനിയാഴ്ചയാണ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ചെയ്തവരെയെല്ലാം സംഭവത്തിന്റെ വീഡിയോ ക്ലിപ്പില്‍ നിന്നും തിരിച്ചിറിഞ്ഞിട്ടുണ്ടെന്ന് ആല്‍വാര്‍ എസ്പി രാഹുല്‍ പ്രകാശ് പറയുന്നു.

ഹുക്കും ചന്ദും നിവീന്‍ ശര്‍മ്മയും സമീപ പ്രദേശമായ ബെറോറിലെ ഒരു സ്വകാര്യ കോളേജിലെ അദ്ധ്യാപകരാണ്. യാദവും ശര്‍മ്മയും കോളേജ് അദ്ധ്യാപനം കൂടാതെ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുകയും ചെയ്യുന്നു. കോളേജിലെ നിരവധി അദ്ധ്യാപകര്‍ വലതുപക്ഷ സംഘടനകളായ ഹിന്ദു ജാഗരണ്‍ മഞ്ച്, വിച്ച്പി തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം കോളേജിന് വെളിയില്‍ മാത്രമാണെന്നും സ്ഥാപനത്തിന്റെ ഉടമ രാജ് കുമാര്‍ യാദവ് പറയുന്നു.

70 കാരനായ ജഗ്മല്‍ യാദവാണ് അക്രമി സംഘത്തിന്റെ നേതാവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹരിയാനയിലെ ഒരു കോളേജില്‍ നിന്നും വിരമിച്ച ശേഷം ബെറോറില്‍ ഒരു ഗോസംരക്ഷണശാല നടത്തുന്ന ആളാണ് ഇദ്ദേഹം. മാനവ് ജാഗ്രിതി മഞ്ച് എന്നൊരു സംഘടനയും ഇയാള്‍ നടത്തുന്നുണ്ട്. ഗോസംരക്ഷണശാലയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് വലിയ സ്വാധീനമുള്ള ആളാണ് ഇദ്ദേഹം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആക്രമിക്കപ്പെട്ട വാഹനങ്ങളില്‍ നിന്നും പിടിച്ചെടുത്ത കന്നുകാലികളെ ഇയാളുടെ ഗോസംരക്ഷണശാലയിലേക്ക് എത്തിച്ചതായും ആരോപണമുണ്ട്.

പരിക്കേറ്റവരെ എത്തിച്ച കൈലാഷ് ആശുപത്രിയിലെ ഒരു നേഴ്‌സും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണെന്നും ഇയാള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ആശുപത്രി ഡയറക്ടര്‍ ശ്യാം സുന്ദര്‍ ശര്‍മ്മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പിന്നീട് ഇയാള്‍ ആക്രമണസ്ഥലത്ത് സജീവമായിരുന്നു എന്ന വിവരം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഖാന്‍ വെളിപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 വച്ച് പ്രതിഫലം നല്‍കുമെന്ന് എസ്പി അറിയിച്ചു. അന്വേഷണം ഊര്‍ജ്ജിതമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍