UPDATES

ലക്ഷദ്വീപിലെ ഏക എന്‍ സി പി എംപി ബിജെപിയിലേക്ക്; ലയനം പിന്നീട്

മുഹമ്മദ് ഫൈസല്‍ എംപി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

ലക്ഷദ്വീപില്‍ നിന്നുള്ള എക പാര്‍ലമെന്‍റ് അംഗം എന്‍ സിപി നേതാവ് മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്. ലക്ഷദ്വീപില്‍ എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ദീപിലെ എന്‍സിപിയും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. പിന്നീട് ഔദ്യോഗികമായി ലയിക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലക്ഷദ്വീപില്‍ വളരെ ദുര്‍ബലമായ പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വെറും 187 വോട്ടാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സെയ്ദ് മുഹമ്മദ് കോയയ്ക്ക് ലഭിച്ചത്. ന്യൂനപക്ഷ മേഖലയില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് കരുതുന്നു.

ലക്ഷദ്വീപില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അമിത്ഷായെ മുഹമ്മദ് ഫൈസല്‍ എം പിയും മറ്റ് എന്‍സിപി നേതാക്കളും ചെന്നു കാണുകയായിരുന്നു. ലക്ഷദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ അമിത് ഷാ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ബിജെപി എംപിയുടെ വികസന ഫണ്ട് പൂര്‍ണ്ണമായും ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിക്കും എന്നിവ തീരുമാനങ്ങളില്‍ പെടുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ അഞ്ചു കേന്ദ്ര മന്ത്രിമാര്‍ക്ക് ചുമതല കൊടുക്കാനും ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മന്ത്രിമാര്‍ അടുത്തു തന്നെ ദ്വീപ് സന്ദര്‍ശിക്കും. കുടിവെള്ള പദ്ധതി, കവരത്തിയില്‍ കോളേജ്, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയിലൊക്കെ വേണ്ട പദ്ധതികള്‍ നടത്താനുള്ള പ്രാഥമികമായ ഉറപ്പ് അമിത് ഷാ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 21665 വോട്ടുകളാണ് മുഹമ്മദ് ഫൈസല്‍ നേടിയത്. കോണ്‍ഗ്രസിലെ മുഹമ്മദ് ഹബ്ദുള്ള സെയ്ദ് 20130 വോട്ടും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍