UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഡ്യമെന്ന് കണ്ണന്താനം

യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാതിരുന്നതിനാല്‍ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും കണ്ണന്താനം

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിലിനെ രക്ഷപെടുത്തിയത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അമേരിക്കയ്ക്കോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിനോ പോലും സാധിക്കാത്തതാണ് നമ്മള്‍ സാധിച്ചതെന്നും കണ്ണന്താനം അവകാശപ്പെട്ടു. മേഘാലയയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്നു മന്ത്രി.

അതേ സമയം, ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനു പിന്നില്‍ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലാണെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു. വത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്ദ് ഉത്തരവിട്ടതിനെ തുടര്‍ന്ന് ഒമാന്‍ സര്‍ക്കാര്‍ യെമനി സര്‍ക്കാരുമായി യോജിച്ചാണ് ഫാ. ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാക്കിയതെന്ന് ടൈംസ് ഓഫ് ഒമാന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാതിരുന്നതിനാല്‍ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും എല്ലാ രാജ്യങ്ങളുടേയും പിന്തുണയോടെയാണ് മോചനം സാധ്യമായതെന്നും കണ്ണന്താനം പറഞ്ഞു. മതമോ ഏതു വിഭാഗമെന്നു നോക്കാതെ എല്ലാ പൗരന്മാരുടേയും സംരക്ഷണം ഉറപ്പു വരുത്താന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും കണ്ണന്താനം പറഞ്ഞു.

മോചിതനായ ശേഷം വത്തിക്കാനിലേക്ക് പോയ ഫാ. ഉഴുന്നാലില്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരികെ എത്തിയിരുന്നു. പ്രധാനമന്ത്രി മോദിയേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍