UPDATES

കേരളം

റാന്നിയില്‍ ആദിവാസികളെ ദത്തെടുത്ത് സിപിഎം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇങ്ങനെയുമാവാം

പരിസ്ഥിതി സൌഹൃദ വീടുകള്‍ വെച്ചുകൊടുക്കും; കുട്ടികളെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ സഹായിക്കും.

മുഖ്യധാരയില്‍ നിന്നു അകന്നു കഴിയുന്ന അല്ലെങ്കില്‍ അകറ്റി നിര്‍ത്തപ്പെട്ടവരാണ് ആദിവാസികള്‍. തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റുകള്‍ പല രീതിയില്‍ പല കാലങ്ങളായി ആദിവാസികള്‍ക്ക് വേണ്ടി കോടിക്കണക്കിനു രൂപ ചിലവാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ആദിവാസികള്‍ അന്നും ഇന്നും പ്രാരാബ്ദങ്ങളുടെയും പട്ടിണിയുടെയും ലോകത്ത് തന്നെയാണ്. പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് അവര്‍ നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് പത്തനം തിട്ട ജില്ലയിലെ റാന്നി താലൂക്കിലെ വനവാസികളായ ആദിവാസി കുടുംബങ്ങളെ സിപിഎം ദത്തെടുക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത്.

റാന്നി ഉള്‍വനങ്ങളില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളെ ദത്തെടുക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കിടപ്പാടം പോലും ഇല്ലാതെ പൊതുസമൂഹവുമായി അധികം ബന്ധമൊന്നും പുലര്‍ത്താതെ ജീവിക്കുന്നവരാണ് ഈ മേഖലയില്‍ ജീവിക്കുന്ന ആദിവാസികള്‍. സിപിഎം റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദിവാസികളെ ദത്തെടുക്കുക. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ആദിവാസികളെ കണ്ടെത്തി അവര്‍ക്ക് വീടും സ്ഥലവും നല്കുക എന്നതാണു ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായുള്ള സര്‍വ്വെ പൂര്‍ത്തിയായിക്കഴിഞ്ഞു. ചാലക്കയം, നിലക്കല്‍, സന്നിധാനം, ഗുരുനാഥന്‍ മണ്ണ്, പമ്പ, ശബരിമല, ഗവി, മൂളിയാറ് എന്നിവിടങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ 224 ആദിവാസികള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ പോഷകാഹാരവും മരുന്നും വസ്ത്രങ്ങളും എത്തിക്കുക, അവര്‍ക്കുള്ള വൈദ്യ സഹായം എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാറിന്‍റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും അനുവദിക്കും. ആദ്യഘട്ടത്തില്‍ വീട് വച്ചുകൊടുക്കുന്നത് ശബരിമല കാടുകളില്‍ താമസിക്കുന്നവര്‍ക്കാണ്. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കൂടാതെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി അവരെ ദത്തെടുക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. നല്ല ഹോസ്റ്റലുകള്‍ കണ്ടെത്തി അവര്‍ക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഒരുക്കുക എന്നതാണ് അതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഫണ്ട് കണ്ടെത്താനും ആലോചനയുണ്ട്. സിപിഎം റാന്നി ഏരിയ കമ്മറ്റിയുടെ കീഴിലുള്ള ലോക്കല്‍ കമ്മറ്റികളെ രണ്ടായി തിരിച്ചാണ് പദ്ധതിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്.

റാന്നി താലൂക്കിലെ വനവാസികളായ ആദിവാസികളെ ദത്തെടുക്കുന്നതിനെ കുറിച്ച് റാന്നി ഏരിയാ സെക്രട്ടറി റോഷന്‍ റോയ് മാത്യു പറയുന്നു.

“റാന്നി താലൂക്കിലെ വനവാസികളായ ആദിവാസികളെ ദത്തെടുക്കാനാണ് റാന്നി ഏരിയാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. റാന്നി താലൂക്കില്‍ 68 കുടുംബങ്ങളിലായി 224 ആദിവാസികളാണ് ഉള്ളത്. വനത്തിനകത്ത് പല ഭാഗങ്ങളിലായിട്ടാണ് ഇവര്‍ താമസിക്കുന്നത്. ചാലക്കയം, നിലക്കല്‍, സന്നിധാനം, ഗുരുനാഥന്‍ മണ്ണ്, പമ്പ, ശബരിമല, ഗവി, മൂളിയാറ് ഇത്രയും പ്രദേശങ്ങളിലായിട്ടാണ് ഇവര്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളെ ദത്തെടുത്ത് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്നതാണു പ്രധാനമായും ഈ പരിപാടി കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഗവണ്‍മെന്‍റിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കെല്ലാം സ്ഥലവും വീടും നല്‍കും. ഈ ജൂണ്‍ മാസം മുതല്‍ ഇവരുടെ സംരക്ഷണം പാര്‍ട്ടിയുടെ വിവിധ ലോക്കല്‍ കമ്മറ്റികള്‍ ഏറ്റെടുക്കും. അതായത് അവര്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണക്കിറ്റുകള്‍, വസ്ത്രങ്ങള്‍, മറ്റ് അടിസ്ഥാനകാര്യങ്ങള്‍ എല്ലാം എത്തിക്കും. ഓരോ മാസം ഓരോ കമ്മറ്റികള്‍ക്കായിരിക്കും അതിന്റെ ചുമതല.

കൂടാതെ കുട്ടികളുടെ കണക്കെടുത്തിട്ട് അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസത്തിന് സാഹചര്യം ഒരുക്കും. കുട്ടികള്‍ക്ക് സൌജന്യമായിട്ട് പഠിക്കാനായിട്ട് സാഹചര്യം ഒക്കെയുണ്ട്. അടുത്ത് സ്കൂളുകളുമുണ്ട്. പക്ഷേ അവര്‍ ഒന്നാം ക്ലാസ് വരെയോ രണ്ടാം ക്ലാസ് വരെയോ ഒക്കെയേ പോകൂ. പിന്നെ അവര്‍ പഠനം നിര്‍ത്തും. ആ കാരണം എന്താണെന്ന് കണ്ടെത്തി അത് പരിഹരിക്കുക എന്നുള്ളതാണ്. ഇവര്‍ സ്ഥിരമായി ഒരിടത്ത് താമസിക്കാത്തത് ഒരു പ്രശ്നമാണ്. ഈ കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാനുള്ള കാര്യങ്ങളും ആലോചിക്കുന്നുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തി ഒരു വലിയ പ്രൊജക്ടാണ് ഘട്ടം ഘട്ടമായിട്ട് നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.

കാടിനുള്ളില്‍ കഴിയുന്ന മലവേടന്മാരായ ആദിവാസികളാണ് ഇവര്‍. ഒരിടത്ത് ടെന്റ് കെട്ടി അവിടെ താമസിക്കും. ഒന്നുരണ്ടാഴ്ച കഴിയുമ്പോള്‍ അവരവിടുന്നു മാറിപ്പോകും. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വന വിഭവങ്ങള്‍ ശേഖരിച്ച് വിറ്റാണ് ഇവര്‍ ജീവിച്ചിരുന്നത്. വനസംരക്ഷണ സമിതി എന്നൊക്കെ പറഞ്ഞു അവരെ ചൂഷണം ചെയ്യുന്നവരും ഉണ്ട്. അവര്‍ക്ക് പലപ്പോഴും കൃത്യമായ വിലയൊന്നും കിട്ടില്ല. അവരുടെ ഇടയില്‍ നിന്നു കൂലിപ്പണിക്ക് പോകുന്നവരും ഉണ്ട്.

ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ ഇവരുടെ സര്‍വ്വെ പൂര്‍ത്തീകരിച്ചു. സര്‍വ്വെ എടുക്കാന്‍ പോയപ്പോള്‍ അവരുടെ ഭാഗത്ത് നിന്നു നല്ല സഹകരണം ഉണ്ടായിരുന്നു. പൊതുസമൂഹവുമായി ഇടപെടാനുള്ള അവരുടെ ബുദ്ധിമുട്ടാണ് പ്രധാനം. അവരെ മുഖ്യധാരയില്‍ കൊണ്ട് വരിക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പക്ഷേ അതൊന്നും അവര്‍ ഉപയോഗിക്കില്ല. അവര്‍ക്ക് പുറത്തു വീട് വെച്ചു കൊടുത്താല്‍ അവര്‍ അവിടെ താമസിക്കില്ല. അത്തരം ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. വനത്തിനോട് ചേര്‍ന്ന് അവരുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള വീട് വെച്ചു കൊടുത്താലെ അവര്‍ താമസിക്കുകയുള്ളൂ. അവര്‍ക്കിണങ്ങുന്ന പരിസ്ഥിതി സൌഹൃദ വീടുകളായിരിക്കും വെച്ചുകൊടുക്കുക. എന്നാലേ അവര്‍ താമസിക്കൂ.”

വ്യവസ്ഥാപിത രീതികള്‍ വിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെയെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമായി മാറുകയാണ് റാന്നിയിലെ സിപിഎമ്മിന്റെ ഇടപെടല്‍.

ചിത്രം കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍