UPDATES

ട്രെന്‍ഡിങ്ങ്

ആദ്യ ട്രാന്‍സ് സംസ്ഥാനം; കൊച്ചി മെട്രോയില്‍ ജോലി; പക്ഷെ കൊച്ചി പോലീസിന് ഇപ്പോഴും ഇവര്‍ കുറ്റവാളികള്‍

ആറു പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍

പിടിച്ചുപറി ശ്രമം തടയാന്‍ ശ്രമിച്ച ടാന്‍സ്‌ജെന്‍ഡര്‍ യുവതികളെ മോഷ്ടാക്കളാക്കിയും കസ്റ്റഡിയിലെടുത്തും കൊച്ചി പോലീസ്. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയാണ് 15-ഓളം ട്രാന്‍സ് യുവതികളെ  ഇന്നലെ രാത്രി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ സി.ഐ അനന്ത്‌ലാലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒമ്പതു പേരെ ഇന്നു വെളുപ്പിനെ വിട്ടയച്ചെന്നും പോലീസിന്റെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ബാക്കിയുള്ളവരെ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെ വച്ചിരിക്കുകയാണെന്നും സംഘത്തിലൊരാള്‍ വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കിയ സംസ്ഥാനമായിട്ടും പൊതുസമൂഹവും പോലീസും ഇന്നും കുറ്റവാളികളെപ്പോലെയാണ് ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവരെ കാണുന്നത് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ‘നാളെ ഒറ്റയ്യെണ്ണം ഇവിടെ ഉണ്ടാകില്ല’ എന്ന് പോലീസ് ഇവരോട് ആക്രോശിക്കുന്നത് ഇത് സംബന്ധിച്ച നാരദ ന്യൂസ് വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ കേള്‍ക്കാം. കഴിഞ്ഞ വര്‍ഷവും ഇതേ മാതൃകയില്‍ ട്രാന്‍സ് യുവതികളെ കൊച്ചി പോലീസ് ആക്രമിച്ചിരുന്നു. ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവരെ രാജ്യത്താദ്യമായി ജോലിക്കെടുക്കുന്ന സ്ഥാപനം എന്ന നിലയില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തി ലോകമാധ്യമങ്ങളടക്കം പുകഴ്ത്തുന്നതിനിടെയാണ് ഇവരോടുള്ള സമൂഹത്തിന്റേയും പോലീസിന്റെയും മനോഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളുണ്ടാകുന്നത്.

ട്രാന്‍സ്‌ജെന്‍ഡറായ കോഴിക്കോട് സ്വദേശി പാറുവിന്റെ കൈയില്‍ നിന്ന് ബൈക്കില്‍ വന്ന രണ്ടു പേര്‍ പേഴ്‌സ് തട്ടിപ്പറിച്ചതാണ് തുടക്കം. ഇതിനു പിന്നാലെ കൊച്ചി മെട്രോ കൗണ്ടറില്‍ ജോലി ചെയ്യുന്ന രഞ്ജുവും സമാനമായ വിധത്തില്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനടുത്തുവച്ച് രഞ്ജു ഇവരെ പിടികൂടി. വിവരമറിഞ്ഞ് മറ്റുള്ളവരും സ്ഥലത്തെത്തി പോലീസിനെ അറിയിച്ചെങ്കിലും രാത്രി 12 മണി വരെ പോലീസ് എത്തിയില്ല. തുടര്‍ന്നാണ് അനന്ത്‌ലാലിന്റെ നേതൃത്വത്തില്‍ പോലീസ് വരുന്നതും പിടിച്ചുപറി നടത്തിയാളുടെ വാക്കുകള്‍ കേട്ട് ട്രാന്‍സ് യുവതികളോട് തട്ടിക്കയറുന്നതും. തുടര്‍ന്ന് ഇവരെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിലൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ട് ചികിത്സ നല്‍കാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. പിടിച്ചുപറി നടത്തിയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പോലീസ് വിസമ്മതിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍