UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് – കല്‍ബുര്‍ഗി കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളുണ്ടെന്ന് അന്വേഷണ സംഘം

ഗൌരി ലങ്കേഷ്, കല്‍ബര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമെന്നും സംശയം

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിലും എഴുത്തുകാരന്‍ എം.എല്‍ കല്‍ബുര്‍ഗി രണ്ടു വര്‍ഷം മുമ്പ് കര്‍ണാടകത്തിലെ ധര്‍വാഡില്‍ കൊല്ലപ്പെട്ട സംഭവവും തമ്മില്‍ സാദൃശ്യമുണ്ടെന്ന് അന്വേഷണ സംഘം. ഇരുവരും കൊല്ലപ്പെട്ടതിനെ കൂട്ടിയിണക്കുന്ന നിര്‍ണായക തുമ്പുകള്‍ തങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതിനു പിന്നില്‍ ഒരേ ശക്തികളാണെന്നത് വെറും ഊഹമല്ലെന്നും അതിനുമപ്പുറമുള്ള തെളിവുകള്‍ തങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. അതുപോലെ തന്നെ ഒരേ പോലെയുള്ള തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണ് ഇരുവരുടേയും ജീവനെടുത്തതും. വലതുപക്ഷ ശക്തികളാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ തെളിയിക്കുന്നതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അതോടൊപ്പം, കല്‍ബുര്‍ഗിയുടെ വധവും മഹാരാഷ്ട്രയില്‍ 2015-ല്‍ സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയും 2013-ല്‍ മഹാരാഷ്ട്രയില്‍ യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവവും തമ്മില്‍ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പൂനെ ആസ്ഥാനമായുള്ള മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും വേരുകളുള്ള തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്തയുടെ കീഴിലുള്ള ഹിന്ദു ജനജാഗ്രിതി സമിതിയുമായി ബന്ധമുള്ളവരാണ് കൊലപാതകികളെന്ന് കണ്ടെത്തിയെങ്കിലും കൊലപാതകം നടത്തിയവരെ ഇന്നും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ മൂന്നു പേരും കൊല്ലപ്പെട്ടത് 7.65എംഎം പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. ധബോല്‍ക്കറെ കൊലപ്പെടുത്തിയ തോക്കു കൊണ്ടാണ് പന്‍സാരെയെ കൊലപ്പെടുത്തിയിരിക്കുന്നത്. സമാനമായ മറ്റൊരു തോക്കു കൊണ്ടായിരുന്നു കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതും.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും 7.65എം.എം തോക്കില്‍ നിന്നുള്ള വെടിയേറ്റാണ്. മറ്റ് മൂന്നു പേരെയും കൊലപ്പെടുത്തിയ ആയുധം തന്നെയാണോ ഗൗരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഈ മൂന്നു പേരും കൊല്ലപ്പെട്ടതും ഗൗരി കൊല്ലപ്പെട്ടതും തമ്മിലുള്ള ഏക വ്യത്യാസം മൂന്നുപേരും കൊല്ലപ്പെട്ടത് പകലൂം ഗൗരി കൊല്ലപ്പെട്ടത് രാത്രിയുമാണ് എന്നതാണ്. അത് ജോലിത്തിരക്കിനിടയില്‍ ഗൗരിയെ പുറത്തു കിട്ടാത്തതു കൊണ്ടാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഈ മാസം അഞ്ചിനാണ് സ്വന്തം വീടിനു മുന്നില്‍ വച്ച് ഗൌരി ലങ്കേഷ് കൊല്ലപ്പെടുന്നത്. കാര്‍ നിര്‍ത്തി വീടിന്റെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലു തവണ വെടിയേറ്റ ഗൌരി അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍