UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരുട്ടി വെളുക്കുമ്പോള്‍ വാര്‍ത്തകള്‍ക്ക് സംഭവിക്കുന്നത്‌

Avatar

വി കെ അജിത്കുമാര്‍

മലയാളത്തില്‍ വലുതും ചെറുതുമായി എത്ര ന്യൂസ് ചാനലുകളുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുവാന്‍ കൈവിരലുകള്‍ തികയില്ല. വാര്‍ത്താ വിശകലനത്തിന്‍റെ പുതുസംസ്കാരം സൃഷ്ടിച്ചുകൊണ്ട് വന്ന ഇന്ത്യാവിഷന്‍ പല കാരണങ്ങള്‍ കൊണ്ടും ഇല്ലാതായെങ്കിലും വാര്‍ത്താ ചാനലുകള്‍ക്ക് മലയാളത്തില്‍ വന്‍ ഡിമാന്‍റ് തന്നെയാണ്. തിരിഞ്ഞും മറിഞ്ഞും താടിക്ക് കൈകൊടുത്തും പാതികിടന്നും പിന്നെ സാധാരണ പ്രേക്ഷകന് മനസിലാകാത്ത വളച്ചുകെട്ടലുകള്‍ നടത്തിയും ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നവരെ പ്രകോപിപ്പിച്ചും യുദ്ധം പ്രഖ്യാപിച്ചും വാര്‍ത്താ ചാനലുകള്‍ പ്രൈം ടൈം കൈയടക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് നഷ്ടമാകുന്നത് റിമോട്ടുകളാണ്.

ഇക്കിളിരാഷ്ട്രിയത്തിന്‍റെയും പെണ്‍വാണിഭത്തിന്‍റെയും ബാറിന്‍റെയും അതിലെ കോഴയുടെയും നേതാക്കന്മാരുടെ അന്തപ്പുര രഹസ്യങ്ങളുടെയും ഇടയ്ക്ക് ആശ്വാസമായി മുല്ലപ്പെരിയാറിന്‍റെയും പിന്നെ എക്സ്ക്ലൂസിവെന്ന പേരില്‍ ചില ഫോട്ടോകോപ്പികളില്‍ മഞ്ഞ മാര്‍ക്കര്‍ കൊണ്ടു വരച്ചു ഹൈലൈറ്റ് ചെയ്ത കടലാസിന്റെയും ലോകം തുറക്കുന്ന നമ്മുടെ ന്യൂസ് ചാനലുകള്‍ പുരുഷന്മാരുടെ ‘വനിതാമാസിക’യായി മാറികൊണ്ടിരിക്കുന്നു. മാറട്ടെ. രാവിലെ എഴുന്നേറ്റു ഒരു കൈയില്‍ ചായപ്പാത്രവും മറുകൈയില്‍ മലയാള പത്രവുമായി ചാരുകസേരയിലിരുന്ന കേരളത്തിലെ അഭ്യസ്തവിദ്യരായപുരുഷ സങ്കല്‍പ്പം രാത്രി ഒന്പതു മണിയുടെ അരണ്ട വെളിച്ചത്തില്‍  ഡൈനിംഗ് ടേബിളില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ട് സാമൂഹിക ഉത്തരവാദിത്വം വളര്‍ത്തട്ടെ. കാഴ്ചയുടെ പുതിയ സംസ്കരത്തിലൂടെ രാഷ്ട്രിയ അവബോധവും ഉണ്ടാക്കട്ടെ.. കാര്യങ്ങള്‍ ഇങ്ങനെതന്നെ വേണം.

ലോകത്ത് ഒരിടത്തുമില്ലാത്തതരത്തില്‍ പ്രത്യക്ഷ രാഷ്ട്രിയത്തിനുപരിയായി നില്‍ക്കുന്ന ചിന്തയും പ്രവര്‍ത്തനവും മലയാളിക്ക് ഉണ്ടാക്കി കൊടുത്തത് അവന്‍റെ പ്രഭാതത്തിലെ അക്ഷരങ്ങളോടുള്ള പ്രണയം തന്നെയാണ്. ആ പ്രണയം തന്നെയാണ് ചില മലയാള പത്രങ്ങള്‍ അതിന്‍റെ കോപ്പികളുടെ പെരുക്കത്തിലൂടെ ഇന്നും മുന്‍പില്‍ നില്‍ക്കാന്‍ കാരണം.

ന്യൂസ് ചാനലുകള്‍ മലയാളിയുടെ വായനയില്‍ ഇടപെടുന്നുവെന്ന മനസ്സിലാക്കലില്‍ നിന്നാവണം മലയാളത്തിലെ പ്രമുഖ വര്‍ത്തമാന പത്രങ്ങള്‍ ആ മേഖലയിലേക്ക് ഇടപെടാന്‍ തീരുമാനിച്ചത്. ഒരു തിരുത്തുണ്ട്. മലയാളത്തിലെ ഒരു പ്രധാന പത്രം ഒന്ന് തിരുമാനിച്ചാല്‍ പിന്നെ ആ തിരുമാനം തന്നെ അതിനു പുറകില്‍ നില്‍ക്കുന്നവരും ഏറ്റെടുക്കും എന്നുള്ളതുകൊണ്ട് തിരുമാനമെടുത്തത് ഏറ്റവും മുന്‍പില്‍ നിന്നവര്‍ തന്നെയാവാം.

പിന്നെ ന്യുസ് ചാനലുകളുടെയും വാര്‍ത്താ വിതരണത്തിന്റെയും  പ്രളയമായി. ഒപ്പം മത്സരത്തിന്റെയും. അതും നല്ലത് തന്നെ. പക്ഷെ ഇവിടെയല്ല പ്രശ്നം. രാത്രി ന്യൂസ് കണ്ട് ബിജുക്കന്മാരുടെയും ബാബുമാരുടെയും പിന്നെ പശുപാലന്മാരുടെയും അവരുടെ പെണ്ണുങ്ങളുടെയും കണിച്ചുകുളങ്ങരക്കാരുടെയും കഥകേട്ടു ഉത്തേജിതമായ ഞരമ്പുകളുമായി ഉറങ്ങാന്‍ കിടക്കുന്ന നമ്മുടെ ചേട്ടന്മാര്‍ രാവിലെ ഉണര്‍ന്നു പത്രമെടുക്കുമ്പോള്‍ ഈ വാര്‍ത്തകളൊന്നുമല്ല അതിന്‍റെ ആദ്യപേജില്‍ കാണുന്നത്. പകച്ചുപോകില്ലേ ..അവിടെ അതിര്‍ത്തിയിലെ വേലി പൊളിക്കപ്പെട്ടതോ  കാലവസ്ഥ ഉച്ചകോടിയുടെ വാര്‍ത്തയോ വന്നുകിടക്കുന്നു. എന്നാല്‍ പിന്നെ രാത്രികേട്ട വാര്‍ത്തയെവിടെ എന്ന് തിരക്കുമ്പോള്‍ അത് അഞ്ചാം പേജില്‍ ഒരറ്റത്ത് അജ്ഞാത ജഡം പോലെ കിടക്കുന്നത് കാണാം. ഇത് ഒരേ മുതലാളി നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നുകൂടിയണെന്നറിയുമ്പോഴാണ് ഞെട്ടലിന്‍റെ ആക്കം കൂടുന്നത്.

രാത്രിയില്‍ കാണുന്ന നിലപാടുകളില്‍ നിന്നും നേരം വെളുക്കുമ്പോള്‍ മലക്കം മറിയുന്ന ഈ പ്രവര്‍ത്തനം ലോകത്ത് മഹാപാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങളാണ് ചെയ്യുന്നത് എന്നുകൂടി ഓര്‍മ്മിക്കപ്പെടേണ്ടതാണ്. നിലപാടുകളില്‍ വ്യത്യസ്തമാകുന്ന ഈ കാഴ്ചയുടെ സത്യത്തെപ്പറ്റി പരിശോധിക്കേണ്ടതാണ്. വാര്‍ത്തയുടെ സാമൂഹിക സാമ്പത്തിക  മൂല്യം മുതല്‍ രാഷ്ട്രിയം വരെ ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു.

മര്‍ക്കണ്ഡേയ കഡ്ജു ഈയിടെ നടത്തിയ ഒരു നിഗമനം ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. സേവനമാണ് ഒരു പത്രപ്രവര്‍ത്തകന്‍റെ പ്രധാന ലക്‌ഷ്യം എന്ന ഗാന്ധിയന്‍ നിരീക്ഷണത്തിനിപ്പോള്‍ പ്രധാന്യമില്ലെന്നും കമ്പോളത്തിന്റെ ഏകാധിപത്യ സാന്നിധ്യം ഈ വാദഗതിയുടെ പ്രാധാന്യത്തെ ഇല്ലതാക്കുന്നുവെന്നും (പ്രത്യേകിച്ച് വാര്‍ത്താ വിഭവങ്ങളിലും അതിന്‍റെ പ്രത്യാഘാതത്തിലും) അദ്ദേഹം അഭിപ്രായപ്പെടുന്നു. ‘സ്വയം നിയന്ത്രണത്തിനു മേല്‍ യാതൊരുവിധ നിയന്ത്രണവും സാധ്യമാകുന്നില്ല’ എന്ന  കട്ജുവിന്‍റെ വിലയിരുത്തല്‍ ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്.

വ്യൂവര്‍ഷിപ്പും റേറ്റിംഗും നിയന്ത്രിക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ച മാധ്യമങ്ങള്‍ അതുകൊണ്ടുതന്നെ അവയുടെ ഉള്ളടക്കത്തിലും പ്രക്ഷേപണ സമയങ്ങളിലും ഏതാണ്ട് സമാനതകള്‍ പാലിക്കാന്‍ ശ്രമിക്കുന്നു. സമയം എന്ന വിലപ്പെട്ട സ്ലോട്ടിനെ അവര്‍ ആശയ സമാനതകള്‍ കൊണ്ട് തന്നെ നിറയ്ക്കുന്നു. വായനക്കാരനും കാഴ്ചക്കാരനും അവിടെ വ്യത്യസ്തമാകുന്നു. ഇവിടെ മാധ്യമമുതലാളിയുടെ രാഷ്ട്രീയമെന്ന പഴഞ്ചന്‍ ആശയത്തിന് സ്ഥാനമില്ല എന്ന തിരിച്ചറിവാണ് രൂപപ്പെടുന്നത്. പലപ്പോഴും പാര്‍ട്ടിചാനലുകള്‍ പ്രൈം ടൈമില്‍ തിരസ്ക്കരിക്കപ്പെടുന്നതും ഇതുകൊണ്ടാണ്. മുന്‍ധാരണകള്‍ പ്രകാരമുണ്ടാകാവുന്ന വാര്‍ത്തകള്‍ എന്തൊക്കെയാകാമെന്ന് ബുദ്ധിമാനായ പ്രേക്ഷകന് അനുമാനിക്കാവുന്നതാണ്. അവരുടെ മനസ് വ്യത്യസ്തമായ ചാനലുകളിലേക്ക് നയിക്കപ്പെടുന്നത് അതിനാലാണ്. ഈ അവസ്ഥയുടെ മനസിലാക്കലാണ് നമ്മുടെ പത്രമാധ്യമങ്ങള്‍ നടത്തുന്ന ചാനലുകളില്‍ രാത്രി സംഭവിക്കുന്നത്‌. അവര്‍ക്കറിയാം നമ്മുടെ പ്രഭാത പത്രങ്ങളിലെ പോലെയുള്ള പരമ്പരാഗത രാഷ്ട്രിയത്തിനു റിമോട്ട് കണ്‍ട്രോളര്‍ കൈയിലുള്ള രാത്രിയിലെ പ്രേക്ഷകന്‍ സ്ഥാനം കൊടുക്കില്ലെന്ന്. അതുകൊണ്ട് തന്നെ മുത്തശ്ശി പത്രങ്ങള്‍ രാത്രിയില്‍ യൌവനം കടമെടുക്കുന്നു.

ഇനിയും വ്യത്യസ്തമാകുന്ന മറ്റൊരു മേഖലകൂടിയുണ്ട് ഓണ്‍ലൈന്‍ എഡിഷന്‍. കേരളത്തിലെ നവമാധ്യമങ്ങള്‍ ഏറ്റെടുത്ത പല സമരങ്ങളും നമ്മുടെ അച്ചടി താളുകളില്‍ വരാതിരിക്കുകയും അത് മനപ്പൂര്‍വം മാറ്റിനിര്‍ത്തുകയും ചെയ്തുകൊണ്ടിരുന്ന വരിസംഖ്യയേറെയുള്ള പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ ഇത്തരം വാര്‍ത്തകള്‍ ചര്‍ച്ചയ്ക്ക് വരുന്നതും ഒരു തരം പ്ലൂറലിസത്തിന്‍റെ ഭാഗമാണ്. ഇവിടെ മാധ്യമത്തിന്‍റെ അല്ലെങ്കില്‍ മാധ്യമം ഉപയോഗിക്കുന്നവരുടെ പ്രായവും പ്രതികരണ സ്വഭാവവും കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. കൌമാരം ഓണ്‍ലൈനിലും യൌവനം ചാനലിലും അര്‍ദ്ധവാര്‍ദ്ധക്യവും വാര്‍ദ്ധക്യവും അച്ചടിയിലുമൊതുക്കുന്ന പുതിയ വാര്‍ത്താ വിതരണ സംസ്കാരം ഇവിടെ രൂപപ്പെടുന്നു. ഇതിനു കാരണം കമ്പോളത്തിന്റെ മറ്റൊരു തരത്തിലുള്ള ഇടപെടലാണ്. മത്സരങ്ങളുടെ ലോകത്ത് പിടിച്ചുനില്‍ക്കാന്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ആശയങ്ങള്‍ മതിയാകില്ല എന്ന തിരിച്ചറിവും. അച്ചടിമാധ്യമരംഗത്തെ പ്രശ്നം ഇവിടെ എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ശക്തമല്ല. ഈ അവസ്ഥതന്നെയാണ് ഏറെനാളായി ഇവിടെ ചില കുത്തക പത്രങ്ങള്‍ അവര്‍ക്ക് തോന്നും വിധം കാര്യങ്ങളെ അവതരിപ്പിക്കാന്‍ കാരണമാകുന്നതും.

വാര്‍ത്ത വാര്‍ത്തയായി തന്നെ അറിയും വിധത്തില്‍ സ്വകാര്യ വാര്‍ത്തമാനങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പങ്കുവയ്ക്കപ്പെടുന്ന പുതിയ കാലത്ത് രാവിലെ ചായക്കപ്പുമായി മാറ്റിമറിക്കപ്പെട്ട വാര്‍ത്തയുടെ കരിപുരണ്ട അക്ഷരം പ്രതീക്ഷിക്കുവാന്‍ ശീലിക്കുന്നത് ഇനിയും മാറ്റാന്‍ ശ്രമിക്കാത്ത ചില പാരമ്പര്യത്തിന്‍റെ അവക്ഷിപ്തങ്ങള്‍ നമ്മളില്‍ നിലനില്‍ക്കുന്നതുകൊണ്ടാണെന്ന് സമാധാനിക്കാം.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍