UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ലിത്; രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി

ശബരിമലയെ തായ്ലന്‍ഡ് ആക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു പ്രയാറിന്റെ പ്രസ്താവന

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ തായ്ലന്‍ഡ്‌ ആക്കാന്‍ അനുവദിക്കില്ലെന്നും കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള കുടുംബങ്ങളില്‍പ്പെട്ട സ്ത്രീകള്‍ പത്തും അമ്പതും വയസിനിടയില്‍ ശബരിമലയില്‍ കയറില്ലെന്നുമായിരുന്നു പ്രയാറിന്റെ പ്രസ്താവന. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്നലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടിരുന്നു.

സ്ത്രീസമൂഹത്തെയും അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിച്ചിരിക്കുകയാണെന്ന് പ്രയാര്‍ എന്ന് ഇന്നലെ രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ കടകംപ്പള്ളി പറഞ്ഞു. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും പ്രയാറിന് ഉണ്ടാകണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍  മാപ്പ് പറഞ്ഞേ മതിയാകൂ എന്നും കടകംപള്ളി ആവശ്യപ്പെട്ടു.

കടകംപള്ളിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

ശബരിമലയെ തായ്‌ലാന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ പറഞ്ഞതായി കണ്ടു.  എന്ത് താരതമ്യമാണ് പ്രയാര്‍ നടത്തിയിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ 10 വയസ്സിന് താഴെയുള്ളതും അമ്പത് വയസിന് മുകളിലുള്ളതുമായ സ്ത്രീകള്‍ക്ക് നിലവില്‍ തന്നെ ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ചെയ്തിരിക്കുന്നത്. 

കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല എന്ന് പ്രയാര്‍ പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്. ശബരിമല കയറുന്നവരെല്ലാം മോശക്കാരാണെന്നാണോ? സംസ്‌കാരശൂന്യമായ ജല്‍പ്പനങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതിവിധിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരു മുന്‍വിധിയുമില്ലെന്നും കോടതിവിധി എന്ത് തന്നെയായാലും അത് സംസ്ഥാനസര്‍ക്കാരും, ദേവസ്വംബോര്‍ഡും അംഗീകരിച്ചേ മതിയാകൂ. 

ഈ സാഹചര്യത്തില്‍ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീസമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാര്‍ ചെയ്തിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ അവിടം പ്രയാര്‍ കരുതുന്നത് പോലെ മോശമാകുമെങ്കില്‍ ഇത്തരം വിലക്കുകളില്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് അദ്ദേഹം നല്‍കുന്നത്. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍  മാപ്പ് പറഞ്ഞേ മതിയാകൂ.

നിരവധി സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തിയാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവിടെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരുമെന്ന് പ്രയാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി എത്ര പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. പല അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഇടവരുത്തും. സുരക്ഷ ഒരു പ്രശ്‌നവും ആചാരങ്ങള്‍ മറ്റൊരു പ്രശ്‌നവുമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രയാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍