അനുവദിച്ച 10 ലക്ഷം രൂപ തിരികെ തരുന്നത് രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകുമെന്ന് എംഎം മണി
ജിഷ്ണുവിന്റെ കുടുംബത്തിനെ അധിക്ഷേപിച്ച് വൈദ്യുത മന്ത്രി എം എം മണി വീണ്ടും രംഗത്ത്. ജിഷ്ണുവിന്റെ പിതാവ് സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ തിരികെ തരുന്നത് രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകുമെന്നാണ് മണിയുടെ പ്രതികരണം. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്കിയ പത്തു ലക്ഷം രൂപ തിരിച്ചു നല്കുമെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ മോഹനന്‍ പറഞിരുന്നു.
അതേ സമയം എം എം മണിയെ പോലുള്ളവര്‍ നടത്തുന്ന മൈതാന പ്രസംഗങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല എന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച നടന്‍ ജോയ് മാത്യു പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയെ പൊതുവേദിയില്‍ നേരത്തെയും എംഎം മണി പരിഹസിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് എംഎം മണി സ്വീകരിച്ചിരുന്നത്. മഹിജ യുഡി എഫിന്റെയും ബി ജെ പിയുടെയും കയ്യിലാണെന്നും പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ലെന്നും ഡിജിപിയുടെ ഓഫിസിന് മുന്നില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുന്നത് സ്വാഭാവിക മാണെന്നും ബിജെപിയും യുഡിഎഫും മഹിജയെ ഉപയോഗപ്പെടുത്തുകയാണെന്നുമാണ് നേരത്തെ എംഎം മണി പറഞ്ഞത്. പ്രതികളെ പിടിച്ച ശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ മഹിജ കതകടച്ചാല്‍ അത് വേറെ പണിയാകുമെന്നും കതകടച്ചിട്ടിട്ട് കാണേണ്ടെന്ന് പറഞ്ഞാല്‍ അത് അപമാനമാകുമെന്നും മന്ത്രി എം എം മണി പൊതുവേദിയില്‍ അഭിപ്രായപ്പെട്ടിരുന്നു.