UPDATES

ബിജെപി എംഎല്‍എ: ‘അലഞ്ഞുതിരിയുന്ന പശുക്കളെ ബിപിഎല്‍ കുടുംബങ്ങള്‍ നോക്കട്ടെ; ഇല്ലെങ്കില്‍ റേഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കണം’

അലഞ്ഞു തിരിയുന്ന പശുക്കളെ വന്യമൃഗങ്ങളാക്കി പ്രഖ്യാപിച്ച് വനത്തില്‍ വിടണമെന്ന് മറ്റൊരു എം.എല്‍.എ

അലഞ്ഞു തിരിയുന്ന പശുക്കള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ നിര്‍ദേശം: ‘പശുക്കളെ നോക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക’. അലഞ്ഞു തിരിയുന്ന പശുക്കള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വന്‍ ഭീഷണിയാണെന്നും ഇതു നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നുമുള്ള വിഷയത്തില്‍ സംസ്ഥാന നിയമസഭയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ബി.ജെ.പി എം.എല്‍.എ മുരളീധര്‍ പട്ടീധാര്‍ ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ‘ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അവര്‍ പശുവിനെ നോക്കിയില്ലെങ്കില്‍ ബി.പി.എല്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്നുള്ള നിയമം പാസാക്കാന്‍ സാധിക്കില്ലേ?’ അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.

അലഞ്ഞു തിരിയുന്ന പശുക്കള്‍ കൃഷിഭൂമിയില്‍ കടന്നുകയറി വിളകള്‍ നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് തീരാദുരിതമായിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കൊയ്ത്തു കഴിഞ്ഞതിനു ശേഷം കര്‍ഷകര്‍ കന്നുകാലികളെ പാടത്തേക്ക് അഴിച്ചുവിടുന്നതും അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം കൂട്ടാന്‍ കാരണമായതായി എം.എല്‍.എമാര്‍ പറയുന്നു.

ഗോമാതാവ്, ചാണകം, ഗോമൂത്രം തുടങ്ങിയവയുടെ മഹത്വമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്ത മിക്കവരും തങ്ങളുടെ മണ്ഡലത്തില്‍ അലഞ്ഞു തിരിയുന്ന പശുക്കള്‍ വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് തീറ്റ നല്‍കാന്‍ കഴിയാത്തതും പശുക്കള്‍ക്ക് മേയാന്‍ ആവശ്യമായ ഭൂമിയില്ലാത്തതുമാണ് പ്രധാന വിഷയങ്ങള്‍. അതോടൊപ്പം, ഈ പശുക്കളെ സംരക്ഷിക്കാന്‍ ആവശ്യമായ പണവുമില്ല. ഈ സാഹചര്യത്തില്‍ പശുക്കളെ കെട്ടഴിച്ചു വിടുകയല്ലാതെ കര്‍ഷകര്‍ക്കു മുന്നില്‍ മറ്റുവഴികളില്ല.

‘ഒരു സമയം കഴിഞ്ഞാല്‍ പശുവില്‍ നിന്ന് ആദായം ലഭിക്കില്ല. ഒരിക്കല്‍ ലഭിച്ചു കൊണ്ടിരുന്ന ആദായം അവസാനിച്ചാല്‍ ഇവയെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ തയാറാകില്ല. ഈ സാഹചര്യത്തില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതമായി പശുക്കളെ നോക്കിയിരിക്കണമെന്ന നിയമം പാസാക്കുകയാണ് വേണ്ടത്’- പട്ടീദാര്‍ പറഞ്ഞു. രാജ്യത്തെ ആദ്യ പശു സംരക്ഷണ കേന്ദ്രം തന്റെ മണ്ഡലത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം, നിരവധി കന്നുകാലി ഉടമകള്‍ ഇപ്പോള്‍ തന്നെ അതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അതു തുറന്നു കഴിഞ്ഞാല്‍ 40,000 മുതല്‍ 50,000 വരെ പശുക്കള്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെയെത്തുമെന്നാണ് താന്‍ ഭയപ്പെടുന്നതെതന്നും വ്യക്തമാക്കി.

അലഞ്ഞുതിരിയുന്ന പശുക്കളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തനിക്ക് തന്റെ മണ്ഡലത്തില്‍ കയറാന്‍ കഴിയില്ലെന്നായിരുന്നു ചാന്ദ്‌ലയിലെ ബി.ജെ.പി എം.എല്‍.എ ആര്‍.ഡി പ്രജാപതിയുടെ പരാതി. ‘മണ്ഡലത്തില്‍ മറ്റ് വികസനങ്ങള്‍ ഒന്നും വേണ്ട, ഒരു പശു സംരക്ഷണ കേന്ദ്രം അവിടെ തുടങ്ങിയാല്‍ കര്‍ഷകര്‍ക്ക് ചെയ്യുന്ന ഏറ്റവും വലിയ സഹായമായിരിക്കും അത്. പാമ്പും തേളുമൊക്കെ കടിക്കുമെന്ന് അറിയാമായിട്ടും കര്‍ഷകര്‍ തങ്ങളുടെ കൃഷി ഭൂമിക്ക് കാവല്‍ നില്‍ക്കുകയാണ്. അല്ലെങ്കില്‍ അലഞ്ഞു തിരിയുന്ന പശുക്കള്‍ അതുമുഴുവന്‍ നശിപ്പിക്കും’- എം.എല്‍.എ പറഞ്ഞു.

അലഞ്ഞു തിരിയുന്ന പശുക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ സിര്‍മൂര്‍ എം.എല്‍.എ ദിവ്യരാജ് സിംഗ് മുന്നോട്ടുവച്ചത് മറ്റൊരു വഴിയാണ്. പശുക്കള്‍ ആരുടേതെന്ന് തിരിച്ചറിഞ്ഞ ശേഷം അവയെ ‘വന്യമൃഗ’ങ്ങളായി പ്രഖ്യാപിക്കണം. തുടര്‍ന്ന് അവയെ ദേശീയോദ്യാനങ്ങളിലും വനഭൂമിയിലും വിടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പശുസംരക്ഷണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും ആരംഭിച്ചു കഴിഞ്ഞതായും കൂടുതല്‍ എണ്ണം തുടങ്ങൂമെന്നും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ അന്താര്‍സിംഗ് ആര്യ വ്യക്തമാക്കി. നര്‍മദയുടെ കരയില്‍ 107 ഇടത്ത് അലഞ്ഞു തിരിയുന്ന പശുക്കളെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങള്‍ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട് എന്നൂം വ്യക്തമാക്കി.

കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ ട്രക്കുകളിലാക്കി 10-ഉം 20-ഉം കിലോമീറ്റര്‍ അകലെ കൊണ്ടുവന്ന് തള്ളുകയാണ് എന്നാണ് മറ്റൊരു എം.എല്‍.എയായ കേദാര്‍നാഥ് ശുക്ല പറഞ്ഞത്. കഴിഞ്ഞ 14 വര്‍ഷമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരേയും കന്നുകാലികളേയും സംരക്ഷിക്കുന്നു എന്നായിരുന്നു ഇത്രകാലവും പറഞ്ഞിരുന്നത് എന്നും എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് വ്യക്തമായിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കൈടുത്ത കോണ്‍ഗ്രസ് എം.എല്‍.എ കെ.പി സിംഗ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍