ഹോട്ടലുകളും റസ്‌റ്റോറന്റുകളും സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ അന്യായമായ തുക ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി
സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ തോന്നിയ പോലെ കാശ് വാങ്ങി ഉപഭോക്താക്കളെ പിഴിയാന്‍ ഇനി ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും സാധിക്കില്ല. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയാകും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ വെള്ളിയാഴ്ച അറിയിച്ചു. ബില്ലിനോടൊപ്പം സര്‍വീസ് ചാര്‍ജ്ജും ചേര്‍ത്ത് നല്‍കാന്‍ ഇനി മുതല്‍ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും സാധിക്കില്ല.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ അന്യായമായ തുക ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നടപടിയുമായി ഭക്ഷ്യമന്ത്രാലയം മുന്നോട്ട് വന്നിരിക്കുന്നത്. ടിപ്പിന് പകരമായി ചില സ്ഥാപനങ്ങള്‍ ബില്ലിന്റെ അഞ്ച് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
നിലവിലുള്ള ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ കനത്ത പിഴയോ കര്‍ശന നടപടികളോ സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രാലത്തിന് സാധിക്കില്ല. അതിനാല്‍ ബില്ലില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭേദഗതിയില്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ബില്ലിലെ സര്‍വീസ് ചാര്‍ജ്ജിന്റെ കോളം ഇനി മുതല്‍ ഒഴിച്ചിടണം. സ്ഥാപനം നല്‍കുന്ന സേവനങ്ങളില്‍ ഉപഭോക്താവിന് സംതൃപ്തിയുണ്ടെങ്കില്‍ മാത്രം ആ കോളം പൂരിപ്പിച്ച് തുക നല്‍കിയാല്‍ മതിയാകും. നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്താവിന് ഉപഭോക്തൃ കോടതിയെ സമീപിക്കാം. പുതിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അയച്ചു കൊടുക്കും.