UPDATES

ഇന്ത്യ

പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിന് പോകരുത് എന്ന് പറഞ്ഞതിന് ഒഡീഷ കോളേജ് പ്രൊഫസറെ പുറത്താക്കി

അതേസമയം മധുമിതയുടെ ജോലി പോയത് വളരെ നന്നായി എന്ന് കേണല്‍ പൂര്‍ണ ചന്ദ്ര പട്‌നായിക് അഭിപ്രായപ്പെട്ടു.

പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിലേയ്ക്ക് പോകരുത് എന്ന് പറഞ്ഞതിന് ഒഡീഷയിലെ ഭുവനേശ്വറില്‍ കോളേജ് പ്രൊഫസറെ പുറത്താക്കി. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മധുമിത റേയെ ആണ് പുറത്താക്കിയത്. ഒഡിയ ടിവി ചാനലായ കനക് ന്യൂസിന്റെ ചര്‍ച്ചയ്ക്കിടെയാണ് മധുമിത പാകിസ്താനുമായി യുദ്ധം അരുതെന്ന് പറഞ്ഞത്. റിട്ട.ആര്‍മി കേണല്‍ പൂര്‍ണ ചന്ദ്ര പട് നായിക് അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കേണലിന്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ടാണ് മധുമിത റേ യുദ്ധത്തിനെതിരെ സംസാരിച്ചത്. ഷോ എയര്‍ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കെഐടി) ഡിസിപ്ലിനറി കമ്മിറ്റി മധുമിതയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. രാജി വയ്ക്കാനും ആവശ്യപ്പെട്ടു.

കഴിഞ്ഞ 70 വര്‍ഷത്തിലധികമായി ഇന്ത്യ പാകിസ്താനുമായി പല തവണ യുദ്ധം ചെയ്തു. എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞോ, ലോകത്തൊരിടത്തും യുദ്ധങ്ങള്‍ ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ല – മധുമിത റേ, ദ വയറിനോട് പറഞ്ഞു. എന്റെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നതിനാല്‍ ഞാന്‍ രാജി നല്‍കി – മധുമിത പറയുന്നു.

അതേസമയം മധുമിതയുടെ ജോലി പോയത് വളരെ നന്നായി എന്ന് കേണല്‍ പൂര്‍ണ ചന്ദ്ര പട്‌നായിക് അഭിപ്രായപ്പെട്ടു. ദ വയറിനോട് കേണല്‍ ഇക്കാര്യം പറഞ്ഞത്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത്തരത്തില്‍ സംസാരിക്കരുത് എന്ന് ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ ഒരു ദേശവിരുദ്ധയാണ് – കേണല്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍