UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാള ദൃശ്യമാധ്യമങ്ങളെ ബഹിഷ്ക്കരിക്കുന്നുവെന്ന് പി.ടി ഉഷ

ഏഷ്യന്‍ ചാമ്പ്യന്‍ പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഉഷയുടെ പ്രസ്താവന

മലയാളത്തിലെ ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് ഒളിമ്പ്യന്‍ പി.ടി ഉഷ. മലയാള ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും തന്നെപ്പോലേ സാധാരണക്കാരിയായ മലയാളി സ്‌ത്രീയ്ക്ക് സ്ത്രീപീഢനമായിട്ടാണ് അനുഭവപ്പെടുന്നതെന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഉഷയുടെ പ്രസ്താവന.

വൃദ്ധയായ മാതാവിനും ഭർത്താവിനും സഹോദരി സഹോദരന്മാർക്കും ഏകമകനമൊപ്പം മന:സമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ടെന്നും അതിനാൽ അസഹ്യമായ ദൃശ്യമാധ്യമ പീഢനത്തിൽ പ്രതിഷേധിച്ച്‌ സ്വയം ദ്യശ്യമാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്നും അവര്‍ പറയുന്നു. അസഹ്യമായ ദൃശ്യമാധ്യമ പീഢനം  ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപോലേ സന്തോഷിക്കുകയും ചെയ്യുന്ന തന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണ് എന്നും ഉഷ പറയുന്നു.

സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടും ചിത്രയെ ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിച്ചില്ലെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഉഷ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ചിത്രയെ ഒഴിവാക്കാനുള്ള ആലോചന വന്നപ്പോള്‍ ഉഷയും അക്കാര്യത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് സെലക്ഷന്‍ കമ്മിറ്റി രണ്‍ധാവ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രയുടെത് സ്ഥിരതയില്ലാത്ത പ്രകടനമാണെന്ന വാദം ഉയര്‍ന്നപ്പോള്‍ ഉഷ അതിനെ പിന്തുണച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അത്തരം വാദങ്ങള്‍ ഉയരുമ്പോള്‍ തനിക്ക് അതിനെ എതിര്‍ക്കാന്‍ കഴിയില്ലല്ലോ എന്ന് ഉഷ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഉഷയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കേരള അത്ലറ്റിക് അസോസിയേഷനും രംഗത്തെത്തിയിരുന്നു. മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടന്നായിരുന്നു വിമര്‍ശനം.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ് ദൃശ്യമാധ്യമങ്ങളെ ബഹിഷ്ക്കരിക്കാനുള്ള ഉഷയുടെ തീരുമാനം എന്നാണ് സൂചന.

ഉഷയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും എന്നെപ്പോലേ സാധാരണക്കാരിയായ മലയാളി സ്‌ത്രീയ്ക്ക് സ്ത്രീപീഢനമായിട്ടാണ് അനുഭവവേദ്യമാകുന്നത്. ഇത്തരത്തിൽ അസഹ്യമായ ദൃശ്യമാധ്യമ പീഢനം  ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണ്. വൃദ്ധയായ മാതാവിനൊപ്പം, ഭർത്താവിനൊപ്പം, സഹോദരി സഹോദരന്മാർക്കും ഏകമകനൊപ്പം മന:സമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്. അതിനാൽ അസഹ്യമായ ദൃശ്യമാധ്യമ പീഢനത്തിൽ പ്രതിഷേധിച്ച്‌ പി.ടി ഉഷയെന്ന ഞാൻ ഇന്ന് മുതൽ സ്വയം ദ്യശ്യമാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തക്കെളെയും അറിയിച്ചു കൊള്ളുന്നു. ഞാനീ കാര്യത്തിൽ നിസ്സഹായയാണ്. എന്നോട് സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
സസ്നേഹം
സ്വന്തം
പി ടി ഉഷ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍