UPDATES

രാത്രി മുഴുവന്‍ നീണ്ട സംഘര്‍ഷത്തിന്റെ ഭീതി മാറും മുമ്പെ കൊലപാതകവും; മുഖ്യപ്രതികള്‍ പിടിയില്‍

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ഒരു രാത്രി മുഴുവന്‍ നീണ്ട സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ ഭീതി മാറും മുമ്പെയുണ്ടായ കൊലപാതകത്തില്‍ നടുങ്ങി തിരുവനന്തപുരം നഗരം. ബിജെപി ഓഫീസ് ആക്രമിക്കപ്പെടുകയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് കൊലപാതകവും ഉണ്ടായിരിക്കുന്നത്.

ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ രാജേഷി (34) നെയാണ് ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന മണികണ്ഠന്‍, ശ്രീകാര്യം കരിമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്‌, മഹേഷ്‌ എന്നിവര്‍ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

പതിനഞ്ചോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നും ഇതില്‍ ആറു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നുമാണ് പോലീസ് കരുതുന്നത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയായിരുന്നു സംഭവം. ശാഖ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴി കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ അക്രമിസംഘം വെട്ടുകയായിരുന്നു.

രാജേഷിന്റെ ഇടതുകൈ പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ടതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നു.

കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപണം. സിപിഎമ്മിന്റെത് ഉന്മൂലന രാഷ്ട്രീയമാണെന്ന് ആരോപിച്ച സംസ്ഥാന പ്രസിഡന്റ്റ് കുമ്മനം രാജശേഖരന്‍   സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പിന്തുണയോടെയാണ് അക്രമം നടക്കുന്നത്. സമാധാന യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ലെന്നും കുമ്മനം ആരോപിച്ചു.

എന്നാല്‍  സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഏതാനും നാളുകളായി സ്ഥലത്ത് നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്നങ്ങളുടെ പേരിലാണ് കൊലപാതകമെന്നും സിപിഎമ്മിന് ഇതില്‍ പങ്കില്ലെന്നുമാണ് ആനാവൂര്‍ അവകാശപ്പെട്ടത്.

പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ഏറെക്കുറേ പൂര്‍ണ്ണമാണ്. അക്രമസാധ്യത കണക്കിലെടുത്ത് സര്‍വീസ് നടത്തേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേര്‍ക്ക് കല്ലേറുണ്ടായി. കൊച്ചിയില്‍ ഏതാനും പെട്രോള്‍ പമ്പുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. രാത്രി വൈകി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ദീര്‍ഘദൂര യാത്രക്കാരും വലഞ്ഞു. ബസ് സ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും ഇന്ന് രാവിലെയാണ് ഹര്‍ത്താല്‍ വിവരം അറിഞ്ഞതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍