UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തക്കൂര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം രാജി വച്ചു; അദാനിക്കെതിരെയുള്ള വാര്‍ത്ത കാരണമെന്ന് സൂചന

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് തക്കൂത്ത ഇ.പി.ഡബ്ല്യൂവിന്റെ എഡിറ്ററായി ചുമതലയേറ്റത്

പ്രശസ്തമായ ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി (EPW)യുടെ എഡിറ്റര്‍ പദവിയില്‍ നിന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ തക്കൂര്‍ത്ത രാജി വച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വീക്ക്‌ലിയുടെ എഡിറ്റോറിയല്‍ ബോര്‍ഡുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന.

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് നരേന്ദ്ര മോദി സര്‍ക്കാര്‍ അവിഹിതമായ മാര്‍ഗത്തില്‍ 500 കോടി രൂപ ലാഭമുണ്ടാക്കുന്നതിന് SEZ നിയമം ഭേദഗതി ചെയ്തു എന്ന വാര്‍ത്ത ഇ.പി.ഡബ്ല്യു പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ അദാനി പവര്‍ എന്ന കമ്പനി വീക്ക്‌ലിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഈ നോട്ടീസിന് ഇ.പി.ഡബ്ല്യൂ മറുപടി നല്‍കിയെങ്കിലും ബോര്‍ഡില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നാണ് സൂചനകള്‍. എന്നാല്‍ രാജിയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സംസാരിക്കാന്‍ തക്കൂര്‍ത്ത വിസമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് തക്കൂത്ത ഇ.പി.ഡബ്ല്യൂവിന്റെ എഡിറ്ററായി ചുമതലയേറ്റത്. എഡിറ്ററായിരുന്ന സി. റാംമനോഹര്‍ റെഡ്ഡി ഇ.പി.ഡബ്ല്യൂവിന്റെ ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജി വച്ചപ്പോഴായിരുന്നു ഇത്.

അക്കാദമിക്, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ ഏവരും ബഹുമാനിക്കുന്ന ഒന്നാണ് ഇ.പി.ഡബ്ല്യു. 1949 പത്രപ്രവര്‍ത്തകനായ സച്ചിന്‍ ചൗധരി ആരംഭിച്ച ഇകണോമിക് വീക്ക്‌ലി 1966-ലാണ് ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയായി മാറുന്നത്. ഇതിന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യല്‍ സയന്റിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണ രാജ് ഇതിന്റെ എഡിറ്ററായി ചുമതലയേറ്റു. ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണ രാജായിരുന്നു 35 വര്‍ഷം ഇതിന്റെ എഡിറ്റര്‍. അദ്ദേഹം 2004-ല്‍ അന്തരിച്ചു.

ഇ.പി.ഡബ്ല്യു എഡിറ്റോറിയലുകള്‍ എല്ലാ ആഴ്ചയും വീക്ക്‌ലിയുടെ അനുമതിയോടെ അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍