UPDATES

ഏഴാം ക്ലാസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പാസ്റ്റര്‍ക്ക് ജീവിതാവസാനം വരെ കഠിനതടവ്

പ്രതി പീച്ചിയില്‍ പാസ്റ്ററായിരിക്കുമ്പോള്‍ 2013 മുതല്‍ 2015 വരെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

ഏഴാം ക്ലാസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പാസ്റ്റര്‍ക്ക് ജീവിതാവസാനം വരെ കഠിനതടവ്. കോട്ടയം കറുകച്ചാല്‍ സ്വദേശിയും പീച്ചി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്ററുമായ സനില്‍ കെ ജയിംസിനെയാണ് ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള പൊക്സോ കോടതിയുടേതാണ് ഉത്തരവ്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇത്ര വലിയ ശിക്ഷ ഒരു പൊക്സോ കോടതി വിധിക്കുന്നത് ആദ്യമായാണ്.

പ്രതി പീച്ചിയില്‍ പാസ്റ്ററായിരിക്കുമ്പോള്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലും വസതിയിലും വെച്ച് 2013 മുതല്‍ 2015 വരെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ സംഭവം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി 40 വര്‍ഷം കഠിന തടവ് അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വിധി.

ജീവപര്യന്തമെന്നാല്‍ ജീവിതാവസാനംവരെ എന്ന് കോടതി വിധി ന്യായത്തില്‍ എടുത്തു പറഞ്ഞു. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും വിധി സമൂഹത്തിന് പാഠമാകണമെന്നും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്. ഇരയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നടപടി സ്വീകരിക്കാനും വിധിന്യായത്തില്‍ ആവശ്യപ്പെട്ടു. പിഴസംഖ്യ പെണ്‍കുട്ടിക്ക് നല്‍കണം.

തൃശൂർ പോക്സോ സ്പെഷൽ കോടതിയുടെ ചുമതലയുള്ള സെഷൻസ് ജഡ്ജി നിക്സൺ എം. ജോസഫാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍