UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൂക്ഷിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍

ചിപ്പുകള്‍ ഉപയോഗിക്കുന്ന യന്ത്രത്തില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറവ് ഇന്ധനമേ പുറത്തുവരൂ

ഇന്ധനം അടിക്കുന്ന മെഷീനുകളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ ഘടിപ്പിച്ച് ഉപഭോക്താക്കളെ പറ്റിക്കുന്ന പമ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. യുപിയിലെ ലക്‌നൗവില്‍ ഇന്നലെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയില്‍ ഏഴ് പെട്രോള്‍ പമ്പുകളില്‍ ഇത്തരം തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഉടനീളം ഇത്തരം ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് എസ്ടിഎഫ് സംശയിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്ര എന്നൊരാളെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ചിപ്പുകള്‍ ഉപയോഗിക്കുന്ന യന്ത്രത്തില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറവ് ഇന്ധനമേ പുറത്തുവരൂ. പെട്രോള്‍ പമ്പുകളുടെ ഉടമസ്ഥരില്‍ നിന്നും 15 ഇലക്ട്രോണിക് ചിപ്പുകളും 29 റിമോട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി എസ്ടിഎഫ് അറിയിച്ചു.

നേരത്തെ ചിപ്പുകള്‍ ഉപയോഗിച്ചിരുന്ന പലരും ഇപ്പോഴത്തെ അറസ്‌റ്റോടെ അത് നീക്കം ചെയ്തതായി സംശയിക്കുന്നുണ്ടെന്ന് എസ്ടിഎഫ് എഎസ്പി അരവിന്ദ് ചതുര്‍വേദി മാധ്യമങ്ങളോട് പറഞ്ഞു. ശരാശരി കച്ചവടം നടക്കുന്ന പമ്പുകളില്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിമാസം ആറ് ലക്ഷം രൂപവരെ കൊള്ളലാഭം ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. തിരക്കേറിയ പമ്പുകളില്‍ ഇത് പന്ത്രണ്ട് ലക്ഷം വരെയാകാം എന്നാണ് ശരാശരി കണക്കുകള്‍ സൂചിപ്പിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയ പമ്പുകള്‍ അധികൃതര്‍ അടച്ചുപൂട്ടി മുദ്ര വച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍