UPDATES

ഗൌരി ലങ്കേഷ് കൊലപാതകം; അന്വേഷണം അഞ്ച് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരിലേക്ക്

കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് കൊലപാതകങ്ങള്‍ തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ടെന്നും നാലു പേരെയും വധിക്കാന്‍ ഉപയോഗിച്ചത് രണ്ടു 7.65 എം.എം തോക്കാണെന്നും അന്വേഷണ സംഘം നേരെത്തെ സ്ഥിരീകരിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരെന്ന് അന്വേഷണ സംഘം. ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്റര്‍പോര്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള നാലു പേരടക്കമാണ് സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്. കോല്‍ഹാപ്പുര്‍ സ്വദേശി പ്രവീണ്‍ ലിംകര്‍, മംഗലാപുരം സ്വദേശി അണ്ണ എന്നു വിളിക്കുന്ന ജയപ്രകാശ്, പൂനെ സ്വദേശി സാരംഗ് അകോല്‍ക്കര്‍, സംഗ്ലി സ്വദേശി രുദ്ര പാട്ടീല്‍, സതാര സ്വദേി വിനയ് പവാര്‍ തുടങ്ങിയവരാണ് ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ രുദ്ര പാട്ടീല്‍, അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരുടെ പേരുകള്‍ 2013-ല്‍ നടന്ന നരേന്ദ്ര ധബോല്‍ക്കര്‍ വധവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണത്തിനിടയില്‍ ഉയര്‍ന്നു വന്നിരുന്നു. അതോടൊപ്പം, 2015-ല്‍ നടന്ന ഗോവിന്ദ് പന്‍സാരെ വധവുമായി ബന്ധപ്പെട്ടുള്ള മഹാരാഷ്ട്ര പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണവും 2015-ല്‍ തന്നെ നടന്ന എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും ഇവരിലേക്ക് തന്നെയായിരുന്നു എത്തിയിരുന്നത്.

ഇതില്‍ ലിംകര്‍, അണ്ണ, അകോല്‍ക്കര്‍, പാട്ടീല്‍ എന്നിവര്‍ 2009-ല്‍ മഡ്ഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നവരാണ്. മഡ്ഗാവിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ സ്‌ഫോടനം നടത്താന്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് സനാതന്‍ സന്‍സ്തയുടെ രണ്ട് പ്രവര്‍ത്തകര്‍ അന്നു കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ ഈ നാലു പേരെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഒളിവിലുള്ള അഞ്ച് സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണ് ഈ നാലു കൊലപാതകങ്ങള്‍ക്കു പിന്നിലുമെന്നാണ് ഇപ്പോള്‍ വിവിധ അന്വേഷണ സംഘങ്ങള്‍ സംശയിക്കുന്നത്. തങ്ങളുടെ ഏതാനും പ്രവര്‍ത്തകര്‍ നിയമത്തെ പേടിച്ച് ഒളിച്ചു നടക്കുന്നുണ്ടാവാമെന്നും എന്നാല്‍ അത് തങ്ങളെ വ്യാജമായി കേസില്‍ പെടുത്തുമെന്ന് പേടിച്ചിട്ടാണെന്നും സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ ഈയിടെ പറഞ്ഞിരുന്നു.

കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് കൊലപാതകങ്ങള്‍ തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ടെന്നും നാലു പേരെയും വധിക്കാന്‍ ഉപയോഗിച്ചത് രണ്ടു 7.65 എം.എം തോക്കാണെന്നും അന്വേഷണ സംഘം നേരെത്തെ സ്ഥിരീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍