UPDATES

പുതുവൈപ്പ്: ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിയുന്നത് വരെ ഐ.ഒ.സി. തത്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കിലും നാട്ടുകാര്‍ സമരം തുടരുകയാണ്.

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയ ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. ഇന്ന് രാവിലെ 10 മണിയോടെ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭ്യാമാക്കുമെന്ന് വില്ലേജ് ഓഫീസര്‍ സമര സമിതിയെ അറിയിച്ചിട്ടുണ്ട്. അതിനു ശേഷം കോര്‍ കമ്മിറ്റി ചേര്‍ന്നായിരിക്കും അന്തിമ തീരുമാനം.

ഇന്നലെ രാത്രി ചേര്‍ന്ന സമരസമിതിയുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചര്‍ച്ചയുടെ കാര്യം സ്ഥിരീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുമായി തങ്ങള്‍ ചര്‍ച്ചയ്ക്കില്ലെന്ന പ്രചരണം നടന്നത് വ്യാജമാണെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യില്ലെന്ന തീരുമാനം ഇതേവരെ എടുത്തിട്ടില്ലെന്ന് സമരസമിതി കണ്‍വീനര്‍ കെ.എസ്. മുരളി ഇന്നലെ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. ‘ചര്‍ച്ചയ്ക്ക് തയ്യാറല്ല, തിരുവനന്തപുരത്തുപോയി ചര്‍ച്ചയ്ക്കില്ല തുടങ്ങിയ പ്രചരണങ്ങള്‍ പല മാധ്യമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇത് സമരസമിതിയുടെ തീരുമാനമല്ല. ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയുണ്ടെന്ന കാര്യം എംഎല്‍എ പറഞ്ഞ അറിവ് മാത്രമാണ് ഞങ്ങള്‍ക്ക്. എംഎല്‍എ വാക്കാല്‍ ഇക്കാര്യം അറിയിച്ചതല്ലാതെ ഔദ്യോഗികമായ ഒരറിയിപ്പും ഇതേവരെ ലഭിച്ചിട്ടില്ല’. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടായപ്പോള്‍ തഹസില്‍ദാര്‍ മുന്‍കൂട്ടി ഞങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. സമരസമിതി ചെയര്‍മാന്‍ പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ ഇതേവരെ കമ്മിറ്റി കൂടിയിട്ടില്ല. കമ്മിറ്റി കൂടി എടുക്കുന്ന തീരുമാനമായിരിക്കും അന്തിമതീരുമാനം. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് പല ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുക സാധാരണമാണ്. എന്നാല്‍ അത് സമരസമിതിയുടെ തീരുമാനമെന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ശരിയായ നടപടിയല്ല’ – എന്നദ്ദേഹം വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ഇന്നലെ വൈകിട്ട് വില്ലേജ് ഓഫീസര്‍ സമരസമിതിയെ ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കുള്ള ക്ഷണം ഇന്ന് 10 മണിയോടെ ലഭ്യമാക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതിനു ശേഷം കോര്‍ കമ്മിറ്റി ചേര്‍ന്ന് അന്തിമതീരുമാനമെടുക്കുമെന്ന് കെ.എസ് മുരളി വ്യക്തമാക്കി.

അതിനിടെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ 63 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 80 സമര സമിതി പ്രവര്‍ത്തകരെ കോടതി ജാമ്യത്തില്‍ വിട്ടു. ഞാറയ്ക്കള്‍ കോടതിയില്‍ ഇവരെ ഹാജരാക്കിയപ്പോള്‍ ജാമ്യം അനുവദിച്ചെങ്കിലും റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. എന്നാല്‍ കോടതി കര്‍ശന നിലപാടെടുത്തതോടെ ജാമ്യത്തില്‍ പോകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിയുന്നത് വരെ ഐ.ഒ.സി. തത്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കിലും നാട്ടുകാര്‍ സമരം തുടരുകയാണ്. തത്കാലത്തേക്ക് സമരം അവസാനിപ്പിച്ചതുകൊണ്ട് സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയെന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍