UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പേരറിവാളന്‍ പുറത്തേക്ക്; 26 വര്‍ഷങ്ങള്‍ക്കു ശേഷം പരോള്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍

നീണ്ട 26 വര്‍ഷത്തിനു ശേഷം പേരറിവാളന്‍ ജയിലിനു പുറത്തിറങ്ങുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളന്‍ 1991 മുതല്‍ ജയിലിലാണ്. അസുഖബാധിതനായ പിതാവിനെ കാണുന്നതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.

വിവിധ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പേരറിവാളന്റെ പിതാവ് ജ്ഞാനശേഖരനെ കാണുന്നതിനും പിതാവിന്റെ ചികിത്സാ കാര്യങ്ങള്‍ നോക്കുന്നതിനും പരോള്‍ അനുവദിക്കണമെന്ന് മാതാവ് അര്‍പുതാമ്മാളാണ് അപേക്ഷ നല്‍കിയിരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇ.കെ പളനി സ്വാമി സംസ്ഥാന നിയമമന്ത്രിയുമായും അഡ്വക്കേറ്റ് ജനറലുമായും കൂടിയോലചന നടത്തുകയും ഇക്കാര്യം കഴിഞ്ഞ ജൂലൈ ഒമ്പതിന് നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. പേരറിവാളന്റെ മോചനം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പരോള്‍ അനുവദിക്കാന്‍ തീരുമാനമായത്.

പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഇത് തടയുകയായിരുന്നു. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ തുടങ്ങി ഏഴു പേരുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തതിനു പിന്നാലെയായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

അറസ്റ്റിലാകുമ്പോള്‍

1991 മെയ് 21-ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്കാണ് രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് അറസ്റ്റിലായ നിരവധി പേരില്‍ നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുള്‍പ്പെടെ 26 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 1999-ല്‍ നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയക്കുകയും ചെയ്തു. 19 പേരെ വിട്ടയയ്ക്കുകയും ചെയ്തു.

അടുത്ത വര്‍ഷം നളിനിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയെങ്കിലും പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ 2014-ല്‍ എല്ലാവരുടേയും വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍