UPDATES

ട്രെന്‍ഡിങ്ങ്

ലേഖകന് മര്‍ദ്ദനം: ഇങ്ങനെയൊന്നും വാര്‍ത്തയെഴുതരുത്; അഴിമുഖത്തിന് പറയാനുള്ളത്

അഴിമുഖവുമായോ മര്‍ദ്ദനമേറ്റെന്ന് നാരദ പറയുന്ന ലേഖകനുമായോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അഭിപ്രായം ആരായാനുള്ള മാന്യത പോലും നാരദയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

ആര്‍.എസ്.എസിനെതിരെ വാര്‍ത്തയെഴുതിയതിന്റെ പേരില്‍ അഴിമുഖം ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന വിധത്തില്‍ നാരദ ന്യൂസ് എഴുതിയ വാര്‍ത്ത തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. അഴിമുഖവുമായോ മര്‍ദ്ദനമേറ്റെന്ന് നാരദ പറയുന്ന ലേഖകനുമായോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അഭിപ്രായം ആരായാനുള്ള മാന്യത പോലും നാരദയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

അഴിമുഖത്തില്‍ എഴുതുന്ന, വരുന്ന വാര്‍ത്തയുടെ പേരില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത്തരമൊരു വാര്‍ത്തയുടെ പേരില്‍ ഞങ്ങളുടെ ലേഖകന്‍ ആക്രമിക്കപ്പെട്ടാല്‍ അതിന്റെ ഗൗരവം മനസിലാക്കാനുള്ള പ്രാപ്തിയും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇത്തരമൊരു ആക്രമണം നടന്നുവെന്നോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമോ ലേഖകന്‍ അഴിമുഖത്തെ അറിയിച്ചിട്ടില്ല.

നാലു വര്‍ഷമായി മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് അഴിമുഖം. ഇതില്‍ ജോലി ചെയ്യുന്ന, മര്‍ദ്ദനത്തിന് ഇരയായി എന്നു പറയുന്ന ലേഖകനടക്കം ഒളിച്ചു ജീവിക്കുന്നവരുമല്ല. ഈ സാഹചര്യത്തില്‍ അഴിമുഖവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ചെയ്യുമ്പോള്‍ ഞങ്ങളുടെ ഭാഗം കൂടി കേള്‍ക്കാനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കെയാണ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത പടച്ചുവിട്ടത്.

ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനമാണ് അഴിമുഖം. നിലനില്‍ക്കുന്ന ഏത് അധികാരസ്ഥാപനങ്ങളോടും കലഹിച്ചു കൊണ്ടു തന്നെയാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. അതില്‍ നീതിയുടേയും നിയമത്തിന്റേയും ഭാഗത്തു മാത്രമേ ഞങ്ങള്‍ നില്‍ക്കാറുമുള്ളൂ. എന്നാല്‍, ഇതുപോലെ തെറ്റിദ്ധാരണാജനകമായ വിധത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തീര്‍ത്തും അപലപനീയമാണ് – എഡിറ്റര്‍

ലേഖകന്റെ വിശദീകരണം

അഴിമുഖത്തില്‍ എഴുതിയ വാര്‍ത്തയുടെ പേരില്‍ എന്നെ ആര്‍എസ്എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്ന വിധത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടിരുന്നു. എന്നാല്‍ എന്നോടോ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോടോ ഇക്കാര്യത്തില്‍ അഭിപ്രായം തേടുക പോലും ഉണ്ടായിട്ടില്ല.

സംഭവിച്ചത് ഇതാണ്: കഴിഞ്ഞ ഞായറാഴ്ച ഹര്‍ത്താല്‍ ദിവസം ഞാന്‍ ഓട്ടോയില്‍ വരുമ്പോള്‍ വെള്ളയമ്പലം ജംഗ്ഷനില്‍ വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോ തടയുകയും അവരുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. അവരുടെ ഹര്‍ത്താലിനോട് എനിക്ക് യാതൊരു ആഭിമുഖ്യവും ഇല്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. നിന്നെ എടുത്തോളാം എന്ന രീതിയില്‍ അവര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

അന്ന് വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന വഴി ആല്‍ത്തറ ജംഗ്ഷനില്‍ വച്ച് രണ്ടു പേര്‍ ചേര്‍ന്ന് എന്നെ തടഞ്ഞു നിര്‍ത്തുകയും രാവിലുത്തെ സംഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരാള്‍ എന്റെ കഴുത്തില്‍ തട്ടി. നീയെന്താടാ ഞങ്ങളെ രാവിലെ ഇട്ടു വിരട്ടിയല്ലോ എന്നൊക്കെ പറഞ്ഞ് തെറി വിളിക്കുകയും ചെയ്തു. ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയില്‍ ഞാന്‍ വീട്ടിലേക്ക് പോവുകയും ചെയ്തു.

പിന്നീട് ഒരു സുഹൃത്തിനോട്‌ ഇക്കാര്യം പറഞ്ഞപ്പോള്‍ അവനാണ് അത് ഫേസ്ബുക്കില്‍ പോസ്റ്റായി ഇട്ടത്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധമില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ ഓഫീസില്‍ അറിയിച്ചുമില്ല. ഇതിലേക്ക് അനാവശ്യമായി അഴിമുഖത്തിന്റെ പേര് വലിച്ചിഴച്ചത് ചിലരുടെ താത്പര്യം മാത്രമാണ്. ഞങ്ങളുടെ വിശദീകരണം കേള്‍ക്കുകയോ അതറിയാന്‍ ശ്രമിക്കുകയോ പോലും ചെയ്യാതെ ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ പ്രസിദ്ധപ്പെടുത്തിയത് വളരെ മോശമായ കാര്യമായിപ്പോയി- അരുണ്‍ ടി. വിജയന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍