UPDATES

മഹാരാജാസ് കോളേജ്; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ് എഫ് ഐ നേതാക്കള്‍ക്ക് നിര്‍ബന്ധിത ടിസി

കോളേജില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പണി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന എന്ന് മുഖ്യമന്ത്രി സഭയില്‍

മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കാന്‍ കോളേജ് അടിയന്തിര കൌണ്‍സില്‍ യോഗം തീരുമാനിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ദിനേശ്, എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അമീര്‍, സെക്രട്ടറി ഹരികൃഷ്ണന്‍, എസ് എഫ് ഐ പ്രവര്‍ത്തകരായ കെ എഫ് അഫ്രീദി, പ്രജിത്ത് കെ ബാബു, വിഷ്ണു സുരേഷ് എന്നീ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൌണ്‍സിലില്‍ പങ്കെടുത്ത ഇടതുപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 16 അധ്യാപകര്‍ തീരുമാനത്തെ പിന്തുണച്ചു. സംഭവം അന്വേഷിച്ച മൂന്നംഗ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കൊമേഴ്സ് വകുപ്പ് മേധാവി ഡോ. വി സുരേഷ് അദ്ധ്യക്ഷനായ കമീഷന്‍ റിപ്പോര്‍ട്ടില്‍ ചില അദ്ധ്യാപകരെയും കുറ്റപ്പെടുത്തുന്നുന്നുണ്ട്. ചില അധ്യാപകരുടെ പ്രേരണയില്‍ കോളേജിന്റെ സല്‍പ്പെരിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ടേഴ്സില്‍ നിന്നു പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പ്രിന്‍സിപ്പല്‍ ബീന പരാതിപ്പെട്ടു.

എന്നാല്‍ മഹാരാജാസ് കോളേജില്‍ നിന്നു പിടിച്ചെടുത്തത് പണി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ ആണെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ പറഞ്ഞത്. കറുത്ത ഫ്ലെക്സില്‍ പൊതിഞ്ഞ ഇരുമ്പ് പൈപ്പുകള്‍, സ്റ്റീല്‍പൈപ്പ്, വാര്‍ക്ക ക്കമ്പികള്‍, ഇരുമ്പ് വെട്ടുകത്തി, പലകകള്‍, കുറുവടി, മുളവടി എന്നിവ കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍